പാരമ്പര്യത്തിന്റെ പെരുമയോ നാട്ടുവൈദ്യന്റെ വേഷപ്പകർച്ചയോ ഒന്നുമില്ല. അങ്ങാടികടയിൽ നിന്ന് ആയുർവേദത്തെ സ്വന്തം പറമ്പിലേക്ക് പറിച്ച് നട്ട് അനുഭവങ്ങളിൽ നിന്ന് ആയുർവേദത്തെ അറിഞ്ഞൊരാൾ. ആയുർവേദ പഠിതാക്കൾക്കും ഡോക്ടർമാർക്കും വിജ്ഞാനദാഹികൾക്കുമെല്ലാം അറിവിന്റെ അനർവചനീയമായ സ്രോതസാണ് തെങ്ങമം ഇളകൊള്ളൂർ മാധവത്തിൽ മാധവക്കുറുപ്പ്. 85 വയസ് പിന്നിടുന്ന ഇദ്ദേഹം സ്വന്തം പ്രാണനെപോലെ സ്നേഹിച്ചും പരിചരിച്ചും വീട്ടുമുറ്റത്തും സ്വന്തം പറമ്പിലുമായി വളർത്തുന്നത് ആയിരത്തോളം ആയുർവേദ ഔഷധ സസ്യങ്ങളാണ്. പലതും കേരളത്തിൽ അപൂർവമായി മാത്രം കിട്ടുന്നവ. ഔഷധസസ്യങ്ങൾ വളർത്തുന്നു എന്നുമാത്രമല്ല, ഓരോന്നിന്റെയും പേര്, അതു കണ്ടുവരുന്ന സാഹചര്യം, അതിന്റെ ഔഷധഗുണം, ഏതസുഖത്തിന് ഉപയോഗിക്കാം എന്നതിനെകുറിച്ചെല്ലാം നല്ല ജ്ഞാനവും. ഔഷധസസ്യങ്ങളെ അറിയാനും പഠിക്കാനും എത്തുന്നവർക്കുമുന്നിൽ എത്രമണിക്കൂർ വേണമെങ്കിലും സമയം ചെലവഴിച്ച് പകർന്നു നൽകാനും യാതൊരു മടിയുമില്ല. ഈ അറിവുകളൊന്നും പാരമ്പര്യമായി പകർന്നുകിട്ടിയതല്ല വൈദ്യർക്ക്. അറിയപ്പെടുന്ന നാട്ടുവൈദ്യൻമാരിൽനിന്നും അറിഞ്ഞതും സ്വയം അന്വേഷിച്ചറിഞ്ഞവയും ആണ്. നല്ല ഔഷധങ്ങൾ കേട്ടറിഞ്ഞാൽ അത് തേടി എത്രദൂരം വരെയും പോകും. ഗുജറാത്ത് വരെ ഔഷധസസ്യം ശേഖരിക്കാനായി ഇദ്ദേഹം പോയിട്ടുണ്ട് .
മാധവക്കുറുപ്പിന് 15 വയസുള്ളപ്പോൾ അമ്മയെ ചികിത്സിക്കാൻ ഒരു വൈദ്യൻ വീട്ടിലെത്തി. അങ്ങാടിക്കടയിൽ നിന്നു ലഭിക്കുന്ന ഔഷധങ്ങൾ ഗുണനിലവാരമില്ല എന്നും അതിനാൽ പച്ചമരുന്ന് പറിച്ച് കൊണ്ടുവന്ന് ചികിത്സിക്കണമെന്നും വൈദ്യൻ നിർദ്ദേശിച്ചു. മരുന്ന് ശേഖരണം ചുമതലയായി. അങ്ങനെയാണ് ആയുർവേദത്തിലേക്കുള്ള ആദ്യചുവട്. 60 വർഷം മുമ്പാണ്, അമ്മാവന്റെ ഭാര്യയെ കഠിനമായ മഞ്ഞപ്പിത്തവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം കൂടുതലാണന്നും ഇനി ചികിത്സയില്ലെന്നും വീട്ടിലേക്ക് കൊണ്ടുപോകാനും ഡോക്ടർ പറഞ്ഞു. മരണാസന്നയായ അവരെ വീട്ടിലെത്തിച്ചു. അവസാന ആശ്രയമെന്ന നിലയ്ക്ക് നാട്ടിലെ അറിയപ്പെടുന്ന മഞ്ഞപ്പിത്തചികിത്സകനെ വരുത്തി. അങ്ങനെ രോഗം ഭേദമായി. ഇനി ഇതാണ് തന്റെ വഴിയെന്നും തീരുമാനിച്ചുറപ്പിച്ച സംഭവമായിരുന്നു ഇത്.
തെങ്ങമത്തെ നാട്ടുചികിത്സകനായിരുന്ന കേശവൻവൈദ്യന്റെ മുന്നിൽ കടുത്തവിളർച്ച ബാധിച്ച് കണ്ണുകൾപോലും നീരുവച്ച് മറഞ്ഞൊരു രോഗിയെത്തി. രോഗിക്ക് വൈദ്യൻ നൽകിയത് കരിമുത്തിൾ (കറന്തകാളി ) ചതച്ച് തെങ്ങിൻക്കള്ളിൽ ഒരു മാസം ഇട്ടുവച്ചിരുന്ന് അരിച്ചെടുത്ത പ്രത്യേക മരുന്നായിരുന്നു. അഞ്ചുവയസുള്ള കുഞ്ഞിന് കഠിനമായ വയറുവേദന,വേദനയുടെ സ്വഭാവം മനസിലാക്കിയ വൈദ്യൻ നൽകിയത് ചുണ്ണാമ്പ് തെളിനീരിൽ കച്ചോലത്തിന്റെ നീര് ചേർത്തുള്ള മരുന്നാണ്. അറിയപ്പെടുന്ന വിഷചികിത്സകൻ പുത്തൻവീട്ടിൽ നീലകണ്ഠകുറുപ്പ് പാമ്പ് കടിച്ച് രോമകൂപങ്ങളിൽകൂടി രക്തം പൊടിഞ്ഞ രോഗിയെ പച്ചമരുന്ന് നൽകി രക്ഷിക്കുന്നത് നേരിൽ കണ്ടു. ഇങ്ങനെ അത്ഭുതഫലപ്രാപ്തിയുള്ള ധാരാളം അനുഭവങ്ങളുണ്ടായി.
കാക നാസിക, മരമഞ്ഞൾ,കായം,മുള്ളമൃത്, അണലിവേഗം,നീർമാതളം,സമുദ്രപച്ച, പുത്രൻജീവ, വിശല്ല്യകാരണി, അയ്യപ്പന,പച്ചില, ത്രികോല്പന്ന, ചെറുവഴുതന, വെൾവഴുതന, മഞ്ചട്ടി, അമ,ബംഗ്ലാതിപ്പലി,ചെറുതേക്ക്, കുലപ്പല്ല് , എണ്ണകുരുവുള്ള പൂവെണ്ണ്, ഏഴുതരം കുറുന്തോട്ടി, ഞെരിഞ്ഞാമ്പുളി, 26 തരം തുളസി,നാലുതരം ഇരുവേലി,നാലുതരം ചങ്ങലം പരണ്ട, രണ്ടുതരം കിര്യാത്ത്, രണ്ടുതരം സോമലത, രണ്ടുതരം കൊടിത്തൂവ, മൂന്നുതരം കൊടുവേലി, രണ്ടുതരം വേലിപരുത്തി, കസ്തൂരിമഞ്ഞൾ, പാൽവള്ളി, കരിമുത, ഉന്നം തുടങ്ങിയ ഒട്ടേറേ മരുന്നുകൾ വളർത്തുന്നുണ്ട്.
കുടുംബക്ഷേത്രത്തോട് ചേർന്നുള്ള സർപ്പക്കാവിലും ഔഷധ സസ്യങ്ങൾ വളർത്തുന്നു. സർപ്പക്കാവുകൾ മരുന്നുകളുടെ വലിയ ഉറവിടമാണ്. സാധാരണ കിട്ടാൻ പ്രയാസമുള്ളവ സർപ്പക്കാവിലാണ് വച്ചുപിടിപ്പിക്കുന്നത്. നാഗലിംഗമരം, കരിമുത്തിൾ, കരിങ്കുറുഞ്ഞി, പൊൻ കൊശണ്ടി, ചിറ്റരത്ത, കാട്ടുതിപ്പലി, ചതുരമുല്ല, കാർതോട്ടി, പ്ലാശ്... തുടങ്ങിയവ കൂടുതലും സർപ്പകാവിലാണ് വളർത്തുന്നത്. ഏതു കാലാവസ്ഥയിലും ഇവ വംശനാശം സംഭവിക്കാതെ കാവുകളിൽ സംരക്ഷിക്കപ്പെടുന്നു എന്നതിനാലും അതിന്റെ സ്വാഭാവികമായ രീതിയിൽ വളരാൻ ഉത്തമം കാവുകളാണ് എന്നതിനാലുമാണ് സർപ്പക്കാവിൽ നട്ടത്.
1972 മുതൽ സ്കൂളുകളിൽ എക്സിബിഷൻ നടത്തുന്നുണ്ട് മാധവക്കുറുപ്പ്. ചെങ്ങന്നൂർ ക്രിസ്ത്യൻകോളജ്, എം.ജി. യൂണിവേഴ്സിറ്റി ചേർത്തലയിലെ ഒരു റിസോർട്ട് എന്നിവിടങ്ങളിൽ ഔഷധത്തോട്ടം നിർമിച്ചുനൽകി. പന്തളം മന്നം മെമ്മോറിയൽ ആയുർവേദകോളജ്, പുത്തൂർ എസ്.എൻ ആയുർവേദ കോളജ് എന്നിവിടങ്ങളിലും വിവിധസ്കൂളുകളിലും ഔഷധത്തൈകൾ നൽകിയിട്ടുണ്ട്. ഏത് മാറാവ്യാധി വന്നാലും മുറ്റത്തും പറമ്പിലും ചുറ്റിതിരിഞ്ഞ് ഔഷധങ്ങൾ ശേഖരിച്ച് രോഗിക്ക് നൽകി ഫലപ്രാപ്തി നേടികൊടുത്ത ഒരു തലമുറയിലെ ശേഷിക്കുന്ന കണ്ണികളിൽ ഒരാളാണ് മാധവക്കുറുപ്പ്.
(ലേഖകന്റെ ഫോൺ 9495251000)