കൊൽക്കത്ത : ബംഗ്ളാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പിലെ കൊടും ഭീകരൻ പിടിയിൽ. അബ്ദുൾ കരീം എലിയാസ് ബോറോ കരീമിനെയാണ് കൊൽക്കത്ത സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ്, മുർഷിദാബാദിലെ സൂതിയിൽ വെള്ളിയാഴ്ച്ച പുലർച്ചെ അറസ്റ്റ് ചെയ്തത്. ജമാത്ത്-ഉല്‍-മുജാഹിദ്ദീന്റെ പ്രധാനപ്പെട്ട നേതാക്കളില്‍ മൂന്നാമനാണിയാൾ എന്നാണ് സൂചന. ഏറെ നാളായി പോലീസ് തിരയുന്ന ഇയാൾ കേരളത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കരീം കൊറോണ വ്യാപനത്തെ തുടർന്ന് മറ്റ് കുടിയേറ്റ തൊഴിലാളികൾക്കൊപ്പം ബംഗാളിലെത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. കുറെ നാളുകളായി ഇയാളുടെ ഫോണ് പോലീസ് നിരീക്ഷണത്തിലായിരുന്നു. ലോക്ക് ഡൗണിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളോടൊപ്പമാണ് ഇയാൾ കേരളത്തിൽ നിന്നും ബംഗാളിലേയ്ക്ക് തിരിച്ചെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഷംസർഗുഞ്ജിലെ ചാന്ദ്നിഡ സ്വദേശിയായ കരീം ഇന്ത്യയിലും ബംഗ്ളാദേശിലുമായി നിരവധി കേസുകളിൽ പ്രതിയാണ്. ഐസിസുമായി അടുത്ത് ബന്ധമുള്ള ണവിഭാഗത്തിന്റെ ഭാഗമായ ഇയാൾ 2017 മുതൽ ഒളിവിലാണ്.2013ലെ ബോധ ഗയ സ്ഫോടനത്തിൽ പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി സുരക്ഷാ ഏജൻസികൾ അറിയിച്ചു. എൻ.ഐ.എ ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തേക്കും. കരീംമിന്റേത് ഒരു നിഗൂഡമായ വ്യക്തിത്വമാണെന്നും കൂടുതൽ വരുമാനം നേടുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ ജോലി നോക്കിയ ശേഷം ആറ് മാസത്തിൽ ഒരിക്കൽ മാത്രമാണ് നാട്ടിലെത്തിയിരുന്നതെന്നും ഇയാളുടെ അടുത്ത ബന്ധുക്കൾ പറഞ്ഞു. ഡ്രെെവറായാണ് ജോലി നോക്കിയിരുന്നതെന്നാണ് ഇയാൾ വീട്ടിൽ അറിയിച്ചിരുന്നത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് കരീം മറ്റ് തൊഴിലാളികൾക്കൊപ്പം കേരളത്തിൽ നിന്നും മടങ്ങിയെത്തിയ വിവരം തങ്ങളറിഞ്ഞതെന്നും ഇയാളുടെ ബന്ധുക്കൾ വ്യക്തമാക്കി.
ലോക്ക് ഡൗൺ സമയത്ത് കരീം കർണാടകയിൽ ചില കുടിയേറ്റ തൊഴിലാളികൾക്കൊപ്പം ഒളിച്ചിരിക്കുകയാണെന്നും അടുത്തിടെ ബംഗാളിൽ മടങ്ങിയെത്തിയതായും പ്രാദേശിക പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ലോക്കൽ പോലീസിന്റെ സഹായത്തോടെ കാശിംനഗറിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രാദേശിക കോടതിയിൽ ഹാജരാക്കി ജൂൺ 12 വരെ പോലീസ് കസ്റ്റഡിയിലേക്കയച്ചു. ഇന്ത്യയിലെ കുപ്രസിദ്ധരായ മൂന്ന് ജെഎംബി തീവ്രവാദികളിൽ ഒരാളാണിയാളെന്ന് ഡി.സി.പി അപരാജിത റായ് പറഞ്ഞു.
മുർഷിദാബാദിലെ ജെഎംബിയുടെ ധൂലിയൻ മൊഡ്യൂളിന്റെ പ്രധാന നേതാവായിരുന്നു കരീം. ബംഗ്ലാദേശിൽ അറസ്റ്റിലായ തീവ്രവാദികളാണ് ഇയാളെ പ്രധാന ഓപ്പറേറ്റർ എന്ന് പരാമർശിച്ചത്. ഖഗ്രഗഡ് സ്‌ഫോടനവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിൽ സംഘം ആസൂത്രണം ചെയ്ത എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും ഇയാൾ മനസ്സിലാക്കിയിരുന്നു.
2018ൽ കരീമിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും അന്നയാൾ രക്ഷപ്പെട്ടു. എന്നാൽ വീട്ടിൽ നിന്ന് ഗണ്യമായ അളവിൽ സ്ഫോടകവസ്തുക്കളും ജിഹാദി വസ്തുക്കളും പിടിച്ചെടുത്തിരുന്നുവെന്നും ഡി.സി.പി അറിയിച്ചു.
കങ്കുരിയ ഗ്രാമത്തിലെ ഒരു ഇഷ്ടിക ചൂളയിൽ കരീം ട്രാക്ടർ ഓടിച്ചിരുന്നതായും മൂന്ന് വർഷം മുമ്പ് കുടുംബവുമായുള്ള എല്ലാ കത്തിടപാടുകളും നിർത്തിയിരുന്നതായും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. മൊഡ്യൂളുമായുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലെന്നും, ട്രാക്ടറുകൾ ഓടിച്ചതായി മാത്രമാണ് അറിയുന്നതെന്നും ഭാര്യ പാർവിൻ ബീബി പറഞ്ഞു.