kovid

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികൾ 63,94,452 കടന്നു. ആകെ മരിച്ചവരുടെ എണ്ണം 3,77,971 ആയി. 3,009 പേർ 24 മണിക്കൂറിനിടെ മരിച്ചു. ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്. പതിനെട്ടര ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 1,06,927 ആയി.

അമേരിക്കയിൽ പുതിയതായി 21,000 കൊവിഡ് കേസുകളും 700ൽ അധികം മരണവും റിപ്പോർട്ട് ചെയ്തു. ബ്രസീലിലും റഷ്യയിലും വൈറസ് വ്യാപനത്തിൽ കുറവില്ല. ബ്രസീലിൽ 24 മണിക്കൂറിനിടെ, ഏഴുന്നൂറിൽ അധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇവിടുത്തെ ആകെ കൊവിഡ് മരണം 30,046 ആയി. 5,29,405 പേർക്കാണ് ബ്രസീലിൽ ഇതുവരെ രോഗംബാധിച്ചത്. റഷ്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,23,741 ഉം മരണസംഖ്യ 5037ഉം ആണ്. 8863ലധികം പേർക്കാണ് റഷ്യയിൽ 24 മണിക്കൂറിനുള്ളിൽ പുതുതായി രോഗം ബാധിച്ചത്. അമേരിക്ക, ബ്രസീൽ, റഷ്യ, സ്പെയിൻ, യു.കെ, ഇറ്റലി, ഇന്ത്യ, ഫ്രാൻസ്, ജർമ്മനി, പെറു എന്നിവയാണ് കൊവിഡ് വ്യാപനത്തിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ.

കൊവിഡ് സീസണലാകാമെന്ന് പഠനം

സിഡ്‌നി: അന്തരീക്ഷത്തിലുള്ള ഈർപ്പത്തിന്റെ അളവ് ഒരു ശതമാനം കുറയുന്നത് വൈറസിന്റെ വ്യാപനം ആറുശതമാനം വർദ്ധിപ്പിക്കുമെന്ന് പഠനം. പ്രാദേശിക കാലാവസ്ഥയും കൊവിഡ് വ്യാപനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സിഡ്‌നി സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റായ മൈക്കൽ വാർഡും സംഗവും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠനത്തിൽ കൊവിഡ് 19 സീസണലാകാം എന്നും കണ്ടെത്തലുണ്ട്.