വാഷിംഗ്ടൺ: അമേരിക്കയെ പിടിച്ചുലയ്ക്കുന്ന കറുത്തവർഗക്കാരുടെ നീതി തേടിയുള്ള പ്രക്ഷോഭത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ച സമീപനത്തിന് ഫേസ്ബുക്ക് കൂട്ടുനിൽക്കുകയാണെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട ട്രംപ് ഫേസ്ബുക്കിലിട്ട പോസ്റ്റ് എടുത്തുമാറ്റത്തതിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് ജീവനക്കാർ തന്നെ രംഗത്തെത്തി. എന്നാൽ ജീവനക്കാർക്ക് പരസ്യമായി അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്ന് ഫേസ്ബുക്ക് പ്രതികരിച്ചു.
ട്രംപിന്റെ പോസ്റ്റ് ആക്രമണത്തിന് പ്രേരണ നൽകുന്നതാണെന്ന മുന്നറിയിപ്പ് ട്വിറ്റർ നൽകിയിരുന്നു. എന്നാൽ ഫേസ്ബുക്ക് അത്തരം നടപടിയൊന്നുമെടുത്തിരുന്നില്ല. അമേരിക്കിയിലെ പ്രതിഷേധത്തിന്റെ മറവിൽ കൊള്ളയാണെന്നും കൊള്ള തുടങ്ങുമ്പോൾ വെടിവയ്പ്പും തുടങ്ങുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇത് ആക്രമം വർദ്ധിപ്പിക്കാൻ സാദ്ധ്യതയുള്ളതാണെന്ന് മുന്നറിയിപ്പോടെയാണ് ട്വിറ്റർ പ്രസിദ്ധീകരിച്ചത്. എന്നാൽ പോസ്റ്റിന്റെ ഉള്ളടക്കം ഫേസ്ബുക്കിന്റെ നയങ്ങൾക്കെതിരല്ലെന്നായിരുന്നു ഉടമ മാർക്ക് സുക്കർബർഗിന്റെ പ്രസ്താവന. സുക്കർബർഗിന്റെ ഈ നിലപാടിനെതിരെയാണ് ജീവനക്കാർ പരസ്യപ്രതിഷേധം അറിയിച്ചത്. ട്രംപിന്റെ പ്രസ്താവന നീക്കം ചെയ്യാത്ത ഫേസ്ബുക്കിൽ ജോലി ചെയ്യുന്നതിൽ ലജ്ജിക്കുന്നു' എന്നായിരുന്നു ഫേസ്ബുക്കിൽ സോഫ്റ്റ് വെയർ എൻജിനീയറായ ലോറൻ താൻ എഴുതിയത്.