gdp

ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച കനത്ത സാമ്പത്തിക ആഘാതത്തിൽ നിന്ന് ഇന്ത്യ മെല്ലെ കരകയറുന്നു. കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളാണ് ഇതിന് നേതൃത്വം കൊടുക്കുന്നതെന്ന് മുംബയ് എലാറ സെക്യൂരിറ്റീസിലെ സാമ്പത്തിക വിദഗ്ദ്ധയായ ഗരിമ കപൂർ വ്യക്തമാക്കി. കേരളത്തിന് പുറമേ പഞ്ചാബ്, തമിഴ്നാട്, കർണാടക, ഹരിയാന എന്നിവയാണ്, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ (ജി.ഡി.പി) 27 ശതമാനം പങ്കുമായി തിരിച്ചുകയറ്റത്തിന് ആവേശം പകരുന്നത്.

വൈദ്യുതി ഉപഭോഗം, ഗതാഗത നീക്കം, മൊത്ത വിപണിയിലേക്കുള്ള കാർഷികോത്പന്ന വിതരണം, ഗൂഗിൾ മൊബിലിറ്റി ഡേറ്റ (സെർച്ച് ഡേറ്റ) എന്നിവ ആസ്‌പദമാക്കിയാണ് വളർച്ചാ അനുമാനത്തിലേക്ക് എത്തിയതെന്ന് ഗരിമ കപൂർ വ്യക്തമാക്കി. ലോക്ക്ഡൗണിൽ ഉപഭോക്തൃ വാങ്ങൽശൈലിയിൽ വന്നമാറ്റമാണ് ഗൂഗിൾ സെർച്ച് ഡ‌േറ്റയിലൂടെ പരിശോധിച്ചത്.
സാമ്പത്തിക പ്രവർത്തനങ്ങളുടെ പുനരാരംഭമാണ് ഇന്ത്യയ്ക്ക് ഇപ്പോൾ അനിവാര്യമായ രക്ഷാപാക്കേജ്. ഒറ്റപ്പെട്ട ഉണർവ് മാത്രമാണ് ഇപ്പോഴുള്ളത്. വമ്പൻ വ്യവസായങ്ങളുടെ സാന്നിദ്ധ്യമുള്ള ഗുജറാത്തും മഹാരാഷ്‌ട്രയും കൊവിഡ് പ്രതിസന്ധിമൂലം കടുത്ത നിയന്ത്രണങ്ങളുടെ പിടിയിലാണ് ഇപ്പോഴും. കൊവിഡ് വ്യാപനം കുറഞ്ഞ മേഖലകളിൽ ജൂൺ എട്ട് മുതൽ ഷോപ്പിംഗ് മാളുകളും റസ്‌റ്രോറന്റുകളും തുറക്കാനുള്ള തീരുമാനം നേട്ടമാകുമെന്നും അവർ പറഞ്ഞു.

ലോക്ക്ഡൗണിലും

വൻ ‌ഡിമാൻഡ്

ലോക്ക്ഡൗണിലും ചില ഉത്‌പന്നങ്ങൾക്ക് മികച്ച ഡിമാൻഡ് ലഭിച്ചതായി ഗൂഗിൾ സെർച്ച് ഡേറ്റയിലൂടെ വ്യക്തമായെന്ന് സാമ്പത്തിക വിദഗ്ദ്ധ ഗരിമ കപൂർ പറഞ്ഞു. എ.സി., വാക്വം ക്ളീനർ, വാഷിംഗ് മെഷീൻ, കളിപ്പാട്ടങ്ങൾ, മൊബൈൽഫോൺ, ആഭരണങ്ങൾ, ഇയർ‌ഫോൺ, ലാപ്ടോപ്പ്, ഹെയർ ഓയിൽ, മൈക്രോവേവ് ഓവൻ എന്നിവയ്ക്ക് ഡിമാൻഡേറി.