
കാഴ്ചയിൽ ആകർഷണീയവും ആരോഗ്യപ്രദവുമായ റമ്പൂട്ടാൻപഴങ്ങൾ കേരളിയരുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ്. കാലവർഷം അനുഗ്രഹമാകുന്ന ഒരു വിഭാഗം കർഷകരാണ് റമ്പുട്ടാൻ കർഷകർ. മാർച്ച് മാസത്തിൽ പൂത്ത് തുടങ്ങുന്ന റമ്പൂട്ടാൻ മരങ്ങൾ ജൂൺ മാസം ആകുന്നതോടെ വിളവെടുപ്പിന് തയ്യാറാകുന്നു. റമ്പൂട്ടാൻ സുലഭമായി ലഭിക്കുന്ന ഈ സീസണിൽ റമ്പൂട്ടാൻ കൃഷിയിൽ ശ്രദ്ധിക്കേണ്ട ചില വിദ്യകൾ നോക്കാം.
തെെ നട്ടതിന് ശേഷം രണ്ടു മൂന്നു വർഷം ആകുന്നതുവരെ ഭാഗീകമായി തണൽ ആവശ്യമുള്ള സസ്യമാണ് റമ്പൂട്ടാൻ. മൂന്നാം വർഷം മുതൽ സൂര്യപ്രകാശവും ഈ ചെടികൾക്ക് ആവശ്യമാണ്. സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്ന മരങ്ങൾ നല്ല രീതിയിൽ കായ്ഫലം തരുന്നു. തണൽ കൂടാതെ വളർച്ചയുടെ പ്രാരംഭകാലത്ത് നല്ല രീതിയിൽ വളപ്രയോഗവും ജലസേചനവും ആവശ്യമാണ്. തൈകളിൽ ആദ്യത്തെ ഇലകൾ പച്ച നിറമാകുന്നതോടെ ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവ തുല്യ അളവിൽ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്ന ജൈവവളക്കൂട്ട്, ജീവാണുവളം എന്നിവ വളമായി നൽകാം.
ചെടിയ്ക്ക് ഒരു വർഷം പ്രായമാകുമ്പോൾ ജൈവവളകൂട്ട് 4 തവണയും മറ്റ് വളങ്ങൾ രണ്ട് തവണയും നൽകാം. മൂന്ന് വർഷക്കാലം ഇതേ രീതിയിൽ തന്നെ വളപ്രയോഗം നടത്താം. നാലുവർഷത്തിൽ കൂടുതൽ പ്രായമായ ചെടികളിൽ വളങ്ങൾക്ക് പുറമേ ചാണകപ്പൊടി കൂടുതലായി നൽകുന്നത് നല്ലതാണ്. 75 അടി വരെ ഉയരത്തിൽ വളരുമെങ്കിലും 8 - 10 അടിയിൽ കൂടുതൽ പൊക്കത്തിൽ വളരാതിരിക്കുന്നതിനായി കമ്പു കോതൽ ചെയ്യണം. പക്ഷികളുടെ ശല്യത്തിൽ നിന്നും പഴങ്ങൾ വലയിട്ട് സംരക്ഷിക്കുവാൻ ഇത് സഹായിക്കും.
പൂവിടുന്ന സമയങ്ങളിൽ വളപ്രയോഗവും ജലസേചനവും ഒഴിവാക്കണം. പുഷ്പിക്കുന്ന സസ്യങ്ങൾ പരാഗണം വഴി കായ് ആയ മാറി ഏകദേശം മേയ് - ജൂലൈ മാസത്തോടെ വിളവെടുപ്പിന് പാകമാകുന്നു.