ബംഗളുരു /ലക്‌നൗ: ലോക്ഡൗണിൽ ബംഗളുരുവിൽ കുടുങ്ങിയ കുടിയേറ്റത്തൊഴിലാളിയായ സൽമാൻ ഖാൻ (23) രണ്ടായിരം കിലോമീറ്റർ നടന്ന് ഉത്തർപ്രദേശിലെ വീട്ടിലെത്തി. കാത്തു കാത്തിരുന്ന ഇളയ മകനെ കണ്ട് അമ്മ ഓടിയെത്തി. ഇരുവരും കെട്ടിപ്പുണർന്നു കണ്ണീർ വാർത്തു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആ മകൻ പാമ്പ്കടിയേറ്റ് മരിച്ചു. അതോടെ അമ്മ രുക്സാൻ (50) കിടപ്പിലായി. വല്ലപ്പോഴും ബോധം വരും. ഒരു ഗ്രാമം കണ്ണീരിലായി.
കഴിഞ്ഞ മാസം 26നാണ് ദുരന്തം.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സൽമാൻ യു. പിയിലെ ഗൊണ്ട ജില്ലയിലെ ധനേപൂർ ഗ്രാമത്തിൽ നിന്ന് തൊഴിൽ തേടി ബംഗളുരുവിൽ എത്തിയത്. അവിടെ നിർമ്മാണത്തൊഴിലാളിയായി. വീട്ടിലേക്ക് പതിവായി കാശയച്ചിരുന്നതായി കൂട്ടുകാർ പറയുന്നു.
അപ്രതീക്ഷിതമായ ലോക്ഡൗണിൽ കുടുങ്ങിപ്പോയി. കരാറുകാരൻ രണ്ട് മാസം പണം നൽകിയില്ല. അവസാനത്തെ ട്രെയിനിലെങ്കിലും കയറിപ്പറ്റാനുള്ള ശ്രമം വിഫലമായി. പൊലീസ് ചൂരൽ കൊണ്ട് അടിച്ചു. നാല് ദിവസം കസ്റ്റഡിയിൽ. ഒടുവിൽ സൽമാൻ ഉൾപ്പെടെ യു. പിയിൽ നിന്ന് വന്ന പത്തംഗ സംഘം നടക്കാൻ തീരുമാനിച്ചു. മേയ് 12ന് നടക്കാൻ തുടങ്ങി.
കർണാടകം, ആന്ധ്ര, മദ്ധ്യപ്രദേശ് മഹാരാഷ്ട്ര...സംസ്ഥാനങ്ങൾ താണ്ടണം യു. പിയിൽ എത്താൻ. റോഡിലൂടെയും റെയിൽ പാളത്തിലൂടെയുമൊക്കെ നടന്നു. ചെറിയ ദൂരത്തേക്ക് ട്രക്കുകൾ കിട്ടി. ആന്ധ്ര - തെലങ്കാന അതിർത്തിയിൽ തുഗഭദ്ര നദിയിലൂടെ നടന്നും നീന്തിയും മഹാരാഷ്‌ട്രയിൽ പ്രവേശിച്ചു. പൊലീസിനെ പേടിച്ച് രാത്രിയിലായിരുന്നു യാത്ര അധികവും. ഭക്ഷണം കിട്ടാനും ബുദ്ധിമുട്ടി. ഒൻപതാം ദിവസം ( മേയ് 20ന് ) ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ എത്തി. അവിടെ യു. പി പൊലീസ് ഓടിച്ചു. വീണ്ടും റെയിൽ പാളത്തിലൂടെ. 26 മണിക്കൂർ തുടർച്ചയായി 200 കിലോമീറ്ററോളം നടന്ന് ലക്‌നൗവിൽ എത്തി. അവിടെ അവശരായ സംഘാംഗങ്ങളെ അധികൃതർ ഒരു സ്കൂളിലെ ക്വാറന്റൈൻ ക്യാമ്പിലാക്കി. ദിവസങ്ങൾക്ക് ശേഷം അവിടെ വിട്ടു. ഗൊണ്ടയിലേക്ക് 117 കിലോമീറ്ററുണ്ട്. വീണ്ടും നടത്ത. 26ന് വൈകിട്ട് 5 മണിക്ക് സൽമാൻ ഖാൻ വീട്ടിലെത്തി.
പാദങ്ങൾ വിണ്ടുകീറിയ വേദനയും വിശപ്പും ദാഹവും ക്ഷീണവും എല്ലാം മറന്ന് അവൻ അമ്മയെ കെട്ടിപ്പിടിച്ചു. നാല് സഹോദരങ്ങളും കണ്ണുതുടച്ചു. മനസടങ്ങിയപ്പോൾ അവൻ അമ്മയോട് പറഞ്ഞു - ഞാനൊന്ന് കുളിച്ചിട്ടു വരാം.
അവൻ അടുത്തുള്ള കരിമ്പിൻ പാടത്തേക്ക് പോയി. അവിടെ മരണം പാമ്പായി ഇഴഞ്ഞു ചെന്നു. ഒരു മണിക്കൂറായിട്ടും സൽമാനെ കണ്ടില്ല. ബന്ധുക്കൾ തിരക്കിച്ചെന്നപ്പോൾ സൽമാൻ മരിച്ചു കിടക്കുന്നു. പാമ്പിനെ അവർ തല്ലിക്കൊന്നു. സൽമാന്റെ മൃതദേഹം സംസ്‌കരിച്ചു.
അമ്മ കിടപ്പിലായി. സഹോദരങ്ങൾ വിതുമ്പുന്നു. രണ്ടായിരം കിലോമീറ്റർ അവനോടൊപ്പം നടന്നു വന്ന കൂട്ടുകാർ സങ്കടങ്ങൾ പറഞ്ഞ് വിങ്ങിപ്പൊട്ടുന്നു...