തൃശൂർ: ധനലക്ഷ്‌മി ബാങ്ക് വീണ്ടും വായ്‌പകളുടെ പലിശനിരക്ക് കുറച്ചു. ഒരുവർഷ തിരിച്ചടവ് കാലാവധിയുള്ള വായ്‌പകളുടെ അടിസ്ഥാന പലിശനിരക്കായ മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) 9.20 ശതമാനത്തിൽ നിന്ന് 9.05 ശതമാനമായാണ് കുറച്ചത്. മൂന്നുമുതൽ ആറുമാസം വരെ കാലാവധിയുള്ള വായ്‌പകളുടെ പലിശ 9.10 ശതമാനത്തിൽ നിന്ന് 8.95 ശതമാനമായും താഴ്‌ത്തി. പുതിയ നിരക്കുകൾ ജൂൺ ഒന്നിന് നിലവിൽ വന്നു.
കഴിഞ്ഞമാസം ബാങ്ക്, റിപ്പോ അധിഷ്‌ഠിത വായ്‌പകളുടെ പലിശ 0.53 ശതമാനം താഴ്‌ത്തിയിരുന്നു. 7.93 ശതമാനത്തിൽ നിന്ന് 7.40 ശതമാനമാണ് കുറച്ചത്. നടപ്പുവർഷം ഫെബ്രുവരി മുതൽ തുടർച്ചയായ നാലാംതവണയാണ് ബാങ്ക് പലിശനിരക്കുകളിൽ ഇളവ് വരുത്തിയത്.