കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി കഴിഞ്ഞമാസം 99 ശതമാനം ഇടിഞ്ഞ് 1.4 ടണ്ണിലൊതുങ്ങി. ഇറക്കുമതിച്ചെലവ് 478 കോടി ഡോളറിൽ നിന്ന് 7.63 കോടി ഡോളറിലേക്കും കുറഞ്ഞു. ലോക്ക്ഡൗണിൽ കടകളും ആഭരണ നിർമ്മാണശാലകളും അടച്ചിട്ടതുമൂലം ഡിമാൻഡ് കുറഞ്ഞതാണ് പ്രധാന കാരണം. രാജ്യാന്തര വിമാനസർവീസുകളുടെ അഭാവവും തിരിച്ചടിയായി. 2019 മേയിൽ 133.6 ടൺ സ്വർണമാണ്, ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമായ ഇന്ത്യ ഇറക്കുമതി ചെയ്‌തത്.
അതേസമയം, കേരളത്തിൽ സ്വർണവില ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ റെക്കാഡ് ഉയരത്തിൽ എത്തിയെങ്കിലും ഉച്ചയോടെ, താഴേക്കിറങ്ങി. 160 രൂപ വർദ്ധിച്ച് റെക്കാഡ് ഉയരമായ 35,040 രൂപയിലെത്തിയ പവൻ വില, പിന്നീട് 34,800 രൂപയായി കുറഞ്ഞു. 4,380 രൂപവരെ ഉയർന്ന ഗ്രാം വില 4,350 രൂപയിലേക്കും താഴ്‌ന്നു. രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ടതോടെയാണ് വില താഴ്‌ന്നത്. മുംബയ് ബുള്ള്യൻ വിപണിയിൽ വില പത്തു ഗ്രാമിന് 47,075 രൂപയിൽ മാറ്റമില്ലാതെ തുടർന്നു.
''കേരളത്തിലെ ജുവലറികളിൽ ഉപഭോക്താക്കൾ പഴയ സ്വർണാഭരണങ്ങൾ വിറ്റഴിച്ച് പണമാക്കി മാറ്റുന്ന ട്രെൻഡ് ദൃശ്യമാണ്. ഉയർന്ന വില കിട്ടുമെന്നതാണ് കാരണം. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ അതിവേഗം പണം ലഭിക്കുമെന്നതും പഴയ സ്വർണം വിൽക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു""
എസ്. അബ്‌ദുൾ നാസർ,
ട്രഷറർ, എ.കെ.ജി.എസ്.എം.എ