തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിബന്ധനങ്ങളോടെ വിവാഹങ്ങൾ നടത്താൻ സർക്കാർ അനുമതി ലഭിച്ചതോടെ ജൂൺ നാല് മുതൽ വിവാഹങ്ങൾ നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവാഹങ്ങൾ നടത്തുന്നതിനുള്ള സമയക്രമവും നടപടികളും തീരുമാനിച്ചു. ഒരു ദിവസം 60 വിവാഹങ്ങൾ വരെ നടത്താം. പുലർച്ചെ അഞ്ച് മണി മുതൽ ഉച്ചയ്ക്ക് 12 വരെ പരമാവധി 10 മിനിട്ട് സമയം ക്രമീകരിച്ചാണ് വിവാഹത്തിന് അനുമതി നൽകുന്നത്. അഡ്വാൻസ് ബുക്കിംഗിനായി കിഴക്കേനട ബുക്സ് സ്റ്റാളിൽ രാവിലെ 10 മുതൽ വൈകിട്ട് 7 വരെ കൗണ്ടർ പ്രവർത്തിക്കും. വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും അതത് മെഡിക്കൽ ഓഫീസറിൽ നിന്നും ലഭിച്ച നോൺ ക്വാറന്റൈൻ നോൺ ഹിസ്റ്ററി സർട്ടിഫിക്കറ്റുകളും വിവാഹം ബുക്ക് ചെയ്യുന്ന സമയത്ത് ഹാജരാക്കണം. വിവാഹങ്ങളിൽ പങ്കെടുക്കുന്നവർ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അറിയിച്ചു. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, ദേവസ്വം ബോർഡ് ചെയർമാൻ എ.ബി. മോഹനൻ, കളക്ടർ എസ്. ഷാനവാസ്, സിറ്റി പൊലീസ് മേധാവി ആർ. ആദിത്യ എന്നിവർ പങ്കെടുത്തു.