ഗർഭിണിയായ കാട്ടാനയെ പൈനാപ്പളിൽ സ്‌ഫോടക വസ്തു നിറച്ച് കെണിയിൽപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. 'തിരിഞ്ഞുനോക്കുമ്പോഴും അല്ലാതെയും ഭൂമിയിൽ ജീവിക്കാൻ അർഹതയില്ലാത്ത ഒരുപാട് കാര്യങ്ങൾ നമ്മൾ ചെയ്‌തുകഴിഞ്ഞു'- പൃഥിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
സൈലന്റ് വാലിയിൽ മേയ് 27നാണ് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിൾ ഭക്ഷിച്ചതിനെ തുടർന്ന് ഗർഭിണിയായ കാട്ടാന ചെരിഞ്ഞത്. സ്‌ഫോടനത്തിൽ നാക്കും വായും തകർന്ന കാട്ടാനയുടെ മരണം ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞായിരുന്നു എന്നതാണ് ഏറെ വേദനാജനകം. വനാതിർത്തിയിൽ ആരോ കാട്ടുപന്നിക്ക് കെണിയായി വെച്ച സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിൾ ആന ഭക്ഷിക്കുകയായിരുന്നുവെന്നാണ് വനം വകുപ്പ് അധികൃതരുടെ ഭാഷ്യം.
രക്ഷിക്കാൻ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ആനയുടെ പരുക്ക് ആരുടെയും മനസലിയിക്കുന്നതായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു.
കുറ്റക്കാരെ കണ്ടുപിടിക്കുമെന്നും നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. വനംവകുപ്പ് ജീവനക്കാരനായ മോഹൻ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.