hongkong

ഹോങ്കോംഗ്: 1989 ജൂൺ നാലിന് ടിയാനൻമെനിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ ചൈന നടത്തിയ കൂട്ടക്കുരുതിയുടെ വാർഷിക ദിനം ആചരിക്കുന്നതിന് ഹോങ്കോംഗിൽ നിരോധനം. കൊവിഡ് നിയന്ത്രണങ്ങളുടെ പാശ്ചാത്തലത്തിൽ അനുസ്മരണ ചടങ്ങുകൾ അനുവദിക്കാൻ കഴിയില്ലെന്ന് ഹോങ്കോംഗ് പൊലീസ് അറിയിച്ചു. ടിയാനൻമെൻ സ്‌ക്വയർ സംഭവത്തിന് ശേഷം ഇതാദ്യമായാണ് അനുസ്മരണ ചടങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. അനുസ്മരണ പരിപാടികൾ നിരോധിക്കുകയല്ല മറിച്ച് കൊവിഡിന്റെ നിർദ്ദേശങ്ങൾ പാലിച്ച് അവ നടത്താനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് വേണ്ടതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനുള്ള ഉപാധിയായി കൊവിഡിനെ മാറ്റരുതെന്നും ആനംസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു.

ചൈന ഹോങ്കോംഗിനെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ നിയമനിർമ്മാണം ഉൾപ്പടെ നടത്തുകയും അതിനെതിരെ ഹോങ്കോംഗിലെ ജനാധിപത്യവാദികൾ ശക്തമായ പ്രക്ഷോഭം നടത്തുകയും ചെയ്യുന്നതിനിടയിലാണ് പുതിയ നീക്കം.1989 ജൂൺ നാലിനാണ്, ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാർത്ഥികളെ അന്നത്തെ ഡെംഗ് സിയാവോ പിംഗിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കൊലപ്പെടുത്തിയത്.