rafel

ന്യൂഡൽഹി: കൊവിഡ് വെല്ലുവിളികൾക്കിടയിലും റഫാൽ യുദ്ധവിമാനങ്ങൾ യഥാസമയം ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറുമെന്ന് ഫ്രാൻസ്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി ഇന്നലെ നടത്തിയ ഫോൺ സംഭാഷണത്തിനിടയിലാണ് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറൻസ് പാർലി ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വെല്ലുവിളികൾക്കിടയിലും റഫാൽ വിമാനം യഥാസമയം വിതരണം ചെയ്യുമെന്ന് ഫ്രാൻസ് ഉറപ്പ് നൽകിയെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മുൻ നിശ്ചയിച്ചപ്രകാരം ജൂലായ് അവസാനത്തോടെ നാല് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് വ്യോമസേനയ്ക്ക് ലഭിക്കാനാണ് സാദ്ധ്യത. മേയിൽ ഇവ ലഭിക്കേണ്ടിയിരുന്നതായിരുന്നെങ്കിലും കൊവിഡ് കാരണം വൈകുകയായിരുന്നു. വൈറസ് വ്യാപനം തടയാൻ ഫ്രാൻസ് പ്രഖ്യാപിച്ച അടച്ചിടൽ നടപടികളെ തുടർന്ന് വിമാന നിർമാതാക്കളായ ദസോൾട്ട് ഏവിയേഷൻ നിർമാണം താത്കാലികമായി നിറുത്തിവയ്ക്കുകയായിരുന്നു.