utra-murder-case-

കൊല്ലം: ഉത്ര വധക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തെ വട്ടം ചുറ്റിക്കാൻ ശ്രമിച്ച സൂരജിന്റെ കുടുംബാംഗങ്ങളുടെ കള്ളത്തരങ്ങൾ പൊലീസ് പൊളിച്ചടുക്കി. തിങ്കളാഴ്ച പകലും രാത്രിയും പൊലീസ് സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ വീട്ടിൽ എത്ര മൊബൈൽ ഫോൺ ഉണ്ടെന്ന ചോദ്യത്തിന് മൂന്ന് ഫോൺ എന്നായിരുന്നു മറുപടി. അവ പൊലീസിന് കൈമാറുകയും ചെയ്തു.
രാത്രി വീണ്ടും എത്തിയ പൊലീസ് സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തപ്പോൾ മറ്റൊരു ഫോൺ ബെല്ലടിച്ചു. ഇത് കൈയോടെ പൊലീസ് പൊക്കി.
സ്വർണം കണ്ടെത്താനായി റബർ തോട്ടത്തിൽ പരിശോധന നടത്തിയപ്പോഴും കബളിപ്പിക്കാൻ സുരേന്ദ്രൻ ശ്രമിച്ചു. കുഴിച്ചിട്ട സ്ഥലം ബോധപൂർവം മാറ്റി മാറ്റി കാണിക്കുകയായിരുന്നു. സ്വർണം അച്ഛനെ ഏൽപ്പിച്ചുവെന്ന് സൂരജ് മെഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞപ്പോൾ അവൻ അങ്ങനെ പറയാൻ സാദ്ധ്യതയില്ലെന്നായിരുന്നു മറുപടി. പിന്നാലെ ആഭരണങ്ങൾ കാട്ടികൊടുക്കാൻ സൂരജ് സുരേന്ദ്രനോട് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ മൊബൈൽ ഫോണിൽ പറയുകയും ചെയ്തു. 38 പവനാണ് രണ്ട് കവറുകളിലായി കുഴിച്ചിട്ടിരുന്നത്.

സുരേന്ദ്രനെ രണ്ടാംപ്രതിയാക്കിയേക്കും

അറസ്റ്റിലായ സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ രണ്ടാം പ്രതിയാക്കിയേക്കും. ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ പുനലൂർ കോടതിയിൽ ഹാജരാക്കിയ സുരേന്ദ്രനെ ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്രകാരം കസ്റ്റഡിയിൽ വിട്ടു.താമസിയാതെ സുരേന്ദ്രൻ, ഭാര്യ, മകൾ, മകൻ എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യും.