online-class
online class

സർക്കാർ,എയ്ഡഡ് സ്കൂളുകൾ - 16,028 വിദ്യാർത്ഥികൾ - 45,42,678 ഒാൺലൈൻ സൗകര്യമില്ലാത്തവർ - 2,61,784

തിരുവനന്തപുരം: കൊവിഡിനെ പേടിച്ച് സ്കൂളുകളിലെ അദ്ധ്യയനം ഒാൺലൈനാക്കിയപ്പോൾ, അതിനുള്ള സൗകര്യങ്ങളില്ലാതെ പുറത്തായത് 2.62 ലക്ഷം വിദ്യാർത്ഥികൾ. ഇവർക്ക് അയൽപക്കത്തും ഗ്രാമീണലൈബ്രറിയിലും പഠിക്കാൻ സൗകര്യമൊരുക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. പഠനം ഓൺലൈനിലേക്ക് മാറുമ്പോൾ ഉയർന്ന പ്രധാന ആശങ്ക ടിവിയും കമ്പ്യൂട്ടറും സ്മാർട്ട് ഫോണുമില്ലാത്ത കുട്ടികൾ എന്ത് ചെയ്യുമെന്നതായിരുന്നു. 2,61,784 കുട്ടികൾ ഇത്തരത്തിൽ സംസ്ഥാനത്താകെ ഉണ്ടെന്നാണ് സമഗ്രശിക്ഷാ കേരളയുടെ കണ്ടെത്തൽ. റിപ്പോർട്ട് സർക്കാറിന് നൽകിയത് രണ്ടാഴ്ച മുമ്പ്. ഇത്തരം കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കാൻ സമീപത്തെ വായനശാലകളിലും അംഗനവാടികളിലുമൊക്കെ ടിവിയിലൂടെയും ലാപ് ടോപ്പ് വഴിയും ക്ലാസ് ഉറപ്പാക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറുമൊക്കെ ഉറപ്പ് നൽകിയത്.. പഠിക്കാനാഗ്രഹിച്ചിട്ടും കഴിയാതെ വന്നതോടെ ഇൗ കുട്ടികൾ നിരാശയിലാണ്.ടിവിയില്ലാത്തവർക്ക് കെഎസ്എഫ്ഇ സഹായത്തോടെ ടിവി വാങ്ങി അയൽപക്ക പഠനകേന്ദ്രത്തിന് നൽകാൻ തീരുമാനമായത് തന്നെ, ഒാൺ ലൈൻ പഠന സൗകര്യം ലഭിക്കാതെ മലപ്പുറത്ത് ഒരു കുട്ടി ജീവനൊടുക്കിയതിന് പിന്നാലെയാണ്.

ബദലിന് നെട്ടോട്ടം

ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത കുട്ടികൾക്ക് ബദൽ സംവിധാനമൊരുക്കാൻ വിവിധ പദ്ധതികളൊരുക്കി കൈറ്റും വിദ്യാഭ്യാസ വകുപ്പും..ഈ ആഴ്ച തന്നെ എല്ലാ കുട്ടികൾക്കും സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. അദ്ധ്യാപകർ ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികളുമായി സംസാരിക്കണമെന്നും നിർദേശമുണ്ട്. വിദ്യാർത്ഥിനിയുടെ മരണത്തിൽ വിദ്യാഭ്യാസമന്ത്രി ഡി.ഡി.ഇയോട് റിപ്പോർട്ട് തേടി. ഓൺലൈൻ ക്ലാസുകൾ നയിച്ച അദ്ധ്യാപകരെ അവഹേളിച്ചവർക്കെതിരെ സോഷ്യൽ മീഡിയിയിലടക്കം വലിയ പ്രതിഷേധമാണ് ഉയർന്നത്. അദ്ധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും വ്യാജ അക്കൗണ്ടുകളുണ്ടാക്കി വ്യക്തിഹത്യ ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ കമന്റ് ഇടുകയും ചെയ്യുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി

 ഇന്നത്തെ ടൈംടേബിൾ

പ്ലസ് ടു: രാവിലെ 8.30ന് ബിസിനസ് സ്റ്റഡീസ്, 9ന് എക്കണോമിക്‌സ്, 9.30ന് സുവോളജി, 10ന് കമ്പ്യൂട്ടർ സയൻസ്

10ാം ക്ലാസ്: 11ന് മലയാളം, 11.30ന് ഐ.ടി, 12 ന് ഹിന്ദി

ഒന്നാം ക്ലാസ്: 10.30ന് പൊതുവിഷയം

രണ്ടാം ക്ലാസ്: 12.30ന് മലയാളം

മൂന്നാം ക്ലാസ്: ഒരു മണിക്ക് ഇംഗ്ലീഷ്

നാലാം ക്ലാസ്: 1.30ന് ഗണിതശാസ്ത്രം

അഞ്ചാം ക്ലാസ്: 2ന് സോഷ്യൽ സയൻസ്

ആറാം ക്ലാസ്: 2.30ന് ഗണിതശാസ്ത്രം

ഏഴാം ക്ലാസ്: 3ന് ഹിന്ദി

എട്ടാം ക്ലാസ്: വൈകിട്ട് 3.30ന് ഹിന്ദി. 4 ന് ഫിസിക്‌സ്

ഒൻപതാം ക്ലാസ്: വൈകിട്ട് 4.30ന് ഹിന്ദി, 5ന് ഭൗതിക ശാസ്ത്രം