ronaldo

സാവോപോളോ: ബ്രസീലിയൻ ഇതിഹാസ ഫുട്ബാൾ താരം റൊണാൾഡോ തിരഞ്ഞെടുത്ത വർത്തമാനകാലത്തെ മികച്ച അഞ്ച് ഫുട്ബാളർമാരുടെ പട്ടികയിൽ ക്രിസ്‌റ്ര്യാനോ റൊണാൾഡോയില്ല. ലയണൽ മെസിയാണ് റൊണാൾഡോയുടെ ലിസ്‌റ്രിലെ ഒന്നാമൻ. ലിവർപൂളിന്റെ മൊഹമ്മദ് സല, റയൽ മാഡ്രിഡ് താരം ഏദൻ ഹസാർഡ്, പി.എസ്.ജി താരങ്ങളായ നെയ്മർ, കെയ്‌ലിയൻ എംബാപ്പെ എന്നിവരാണ് റൊണാൾഡോയുടെ ലിസ്റ്രിലെ മറ്ര് താരങ്ങൾ. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ ഈ തിരഞ്ഞെടുപ്പ് നടത്തിയത്.

സംശയമൊന്നുമില്ല, തീർച്ചയായും എന്റെ ലിസ്റ്രിലെ ഒന്നാമൻ മെസിയാണ്. ഇരുപതോ മുപ്പതോ വർഷത്തിലൊരിക്കലേ മെസിയേപ്പോലെ പ്രതിഭയുള്ള താരങ്ങൾ പിറവിയെടുക്കൂ.- റൊണാൾഡോ പറഞ്ഞു. ബാക്കി നാലുപേരും കളിക്കുന്നത് കാണാൻ തനിക്ക് വളരെയിഷ്ടമാണെന്നും. എംബാപ്പെയെ പലരും തന്നോട് ഉപമിക്കാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം നേരത്തേ ബ്രസീലിയൻ ഇതിഹാസ താരം പെലെ ഇക്കാലത്തെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുത്തിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെയായിരുന്നു.