തൃശ്ശൂർ: ജൂൺ നാല് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിബന്ധനങ്ങളോടെ വിവാഹങ്ങൾ നടത്താൻ അനുമതി. സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്ന് ജൂൺ നാല് മുതൽ വിവാഹങ്ങൾ നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവാഹങ്ങൾ നടത്തുന്നതിനുളള സമയക്രമവും നടപടികളും തീരുമാനിച്ചതായി ഗുരുവായൂർ ദേവസ്വം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
വധൂവരന്മാർ ഉൾപ്പെടെ ഒരുവിവാഹപാർട്ടിയിൽ പരമാവധി 10 പേരെ മാത്രമേ അനുവദിയ്കൂ. ഒരേസമയം രണ്ടു വിവാഹ മണ്ഡപങ്ങളിലായി പരമാവുധി 60 വിവാഹങ്ങളേ ഒരു ദിവസം അനുവദിയക്കൂ. പുലർച്ചെ 5 മുതൽ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നൽകിയാണ് വിവാഹത്തിന് അനുമതി നൽകുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാൻസ് ബുക്കിങ് 362020ന് രാവിലെ 10ന് ആരംഭിക്കും. വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും അതാത് മെഡിക്കൽ ഓഫീസറിൽ നിന്നും ലഭിച്ച നോൺ ക്വാറന്റൈൻ നോൺ ഹിസ്റ്ററി സർട്ടിഫിക്കറ്റുകൾ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കേണ്ടതാണ്. ഫോട്ടോ ഗ്രാഫർമാരെ കൂടെ കൊണ്ടുവരാൻ വധു വരന്മാരെ അനുവദിക്കുന്നതല്ല.
വിവാഹ പാർട്ടിയുടെ ചെലവിൽ ഫോട്ടോഗ്രാഫർമാരെ ദേവസ്വം ഏർപ്പെടുത്തുന്നതാണ്. വിവാഹം ബുക്ക് ചെയ്യുന്നതിന് കിഴക്കേ നട ബുക്സ് സ്റ്റാളിൽ രാവിലെ 10 മുതൽ വൈകിട്ട് 7 വരെ ബുക്കിങ് കൗണ്ടർ ആരംഭിക്കും. 3 മാസം വരെ മുൻകൂർ ബുക്കിങ്ങ് അനുവദിയ്ക്കും. സർക്കാർ ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡവുൺ പിൻവലിയക്കുന്നതുവരെ ഞായറാഴ്ചകളിൽ വിവാഹം നടത്താൻ ബുക്കിങ്ങ് സ്വീകരിക്കുന്നതല്ല.
മറ്റൊരറിയിപ്പ് വരെ ക്ഷേത്രത്തിനകത്തേയ്ക്ക് ദർശനത്തിന് ആരെയും പ്രവേശിപ്പിക്കുകയോ താലിപൂജ തുടങ്ങിയവ നടത്തുകയോ ഇല്ല. ബുക്കിങ്ങ് പ്രകാരം അനുവദിച്ച വിവാഹസമയത്തിന് അരമണിക്കൂർ മുമ്പ് വിവാഹപാർട്ടി കിഴക്കേനടവഴി വന്ന് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ ഏർപ്പെടുത്തിയ ഇരിപ്പിടങ്ങളിൽ ഇരിക്കാം. മൈക്ക് വഴി പേരോ ടോക്കൺ നമ്പറോ വിളിയക്കുമ്പോൾ മണ്ഡപത്തിലേയ്ക്ക് പ്രവേശിക്കേണ്ടതും വിവാഹചടങ്ങിന് ശേഷം ദീപസ്തംഭത്തിന് സമീപത്തുകൂടെ വന്ന് തെക്കേ നടയിലൂടെ ക്ഷേത്ര പരിസരത്തുനിന്ന് പുറത്തേക്ക് പോകേണ്ടതുമാണ്.
വിവാഹങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരും കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അറിയിച്ചു. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കെ വി അബ്ദുൾ ഖാദർ എംഎൽഎ, ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ്, ജില്ലാ കളക്ടർ എസ് ഷാനവാസ്, സിറ്റി പോലീസ് മേധാവി ആർ ആദിത്യ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി.ശിശിർ തുടങ്ങിയവർ പങ്കെടുത്തു.