പട്ന:- അന്യ സംസ്ഥാനങ്ങളിൽ ജോലി നഷ്ടപ്പെട്ട് തിരികെയെത്തി ക്വാറന്റൈനിൽ പ്രവേശിച്ച കുടിയേറ്റ തൊഴിലാളികൾക്ക് വീട്ടിലേക്ക് മടങ്ങുമ്പോൾ രണ്ട് പാക്കറ്റ് കോണ്ടം നൽകി ബിഹാർ ആരോഗ്യ വകുപ്പ്. മുപ്പത് ലക്ഷത്തോളം തൊഴിലാളികൾ തിരികെ ബിഹാറിലെത്തിയിട്ടുണ്ടാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. 'ലക്ഷക്കണക്കിന് ജനങ്ങൾ തിരികെയെത്തുമ്പോൾ സംസ്ഥാനത്ത് ജനസംഖ്യ വർദ്ധന ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് ഗർഭനിരോധക മാർഗ്ഗങ്ങൾ അവർക്ക് നൽകുക എന്നത് പ്രധാനമാണ്. കുടുംബാസൂത്രണ വിഭാഗത്തിലെ പ്രധാന ആശയമാണിത്.' ബിഹാർ ആരോഗ്യ സൊസൈറ്രിയിലെ ഡോക്ടർ ഉത്പൽ ദാസ് പറയുന്നു.
ആരോഗ്യസമിതി പ്രവർത്തകർ രണ്ട് വീതം കോണ്ടം തൊഴിലാളികൾക്ക് നൽകുമ്പോൾ ആശാ വർക്കർമാർ വീട്തോറും സർവ്വേ നടത്തി ക്വാറന്റൈൻ ജനങ്ങളെ നിരീക്ഷിക്കുന്നു. ചിലയിടത്ത് പോളീയോ ആരോഗ്യ പ്രവർത്തകരെ ഈ ജോലി ഏൽപ്പിച്ചിരിക്കുന്നു.