സൗന്ദര്യ സംരക്ഷണത്തിൽ തക്കാളി വഹിക്കുന്ന പങ്ക് എത്ര മാത്രമാണെന്നറിയുമൊ? വെെവിധ്യങ്ങളായ പോഷകങ്ങളുടെ കലവറയാണ് തക്കാളി. പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുടെ ഉയർന്ന സാന്നിധ്യമുള്ള തക്കാളി ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. സൂര്യ രശ്മികൾ ഏറ്റ് മങ്ങിയ ചർമ്മത്തിനും ഉത്തമ പരിഹാരമാണിത്. ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാൻ തക്കാളി ഉപയോഗിച്ച് ചില പൊടിക്കൈ വിദ്യകൾ പരിചയപ്പെടാം..
എണ്ണമയം കുറയ്ക്കാം
ചർമ്മത്തിലെ എണ്ണമയം കുറയ്ക്കാൻ തക്കാളി വളരെയേറെ സഹായിക്കുന്നു. അധിക എണ്ണമയം ഇല്ലാതാക്കാൻ ഒരു തക്കാളി എടുത്ത് അഞ്ച് മിനിറ്റ് നന്നായി മസ്സാജ് ചെയ്യുക, ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കറുത്ത പാടുകൾക്കും, തുറന്ന സുഷിരങ്ങൾക്കും ഉത്തമ പ്രതിവിധിയാണിത്. ഇങ്ങനെ ആഴ്ച്ചയിൽ മൂന്ന് തവണ ചെയ്താൽ മുഖകാന്തി വർദ്ധിക്കും.
ചർമ്മത്തിന് മൃദുത്വം ലഭിക്കാൻ
ഒരു തക്കാളിയുടെ പൾപ്പും 2 ടീസ്പൂൺ മുൾട്ടാണി മിട്ടിയും ഒരു ടീസ്പൂൺ പുതിനയിലയും അരച്ച് ചർമ്മത്തിൽ ഇടുക. ഉണങ്ങിയശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകിയാൽ ചർമ്മം കൂടുതൽ മൃദുവാകുകയും ഉന്മേഷവും പുതുമയും ലഭിക്കുകയും ചെയ്യും.
വെയിലിൽ നിന്നും രക്ഷ നേടാം
വെയിലേറ്റ് കരിവാളിക്കുന്ന ചർമ്മത്തിനും തക്കാളി ഗുണകരമാണ്. തക്കാളിയും തേനും നന്നായി മിക്സ് ചെയ്ത് ചർമ്മത്തിൽ മസാജ് ചെയ്ത് 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ച്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്താൽ സൂര്യതാപം ഏറ്റുള്ള കരിവാളിപ്പ് മാറി കിട്ടും.
തക്കാളി - പഞ്ചസാര സ്ക്രബ്
രണ്ട് തക്കാളി, രണ്ട് ഐസ് ക്യൂബ്, പുതിനയില, രണ്ട് നാരങ്ങ എന്നിവ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് 5 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത നന്നായി മിക്സ് ചെയ്യുക.നാച്ചുറലായൊരു സ്ക്രബ് റെഡി. മുഖത്തും കഴുത്തിലും കൈകളിലും ഇത് സ്‌ക്രബ് ചെയ്യാൻ ഉപയോഗിക്കാം. പഞ്ചസാര തരികൾ അലിയുന്നതുവരെ കാത്തിരിക്കാം. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്താൽ മികച്ച ഫലം ഉറപ്പാണ്.
ആരോഗ്യം സംരക്ഷിക്കാനും തക്കാളി!
ദിവസേനയുള്ള ഭക്ഷണക്രമത്തിൽ തക്കാളി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണപ്രദമാണ്.
കൊളസ്ട്രോൾ കുറയ്ക്കാനും അമിത രക്തസമ്മർദ്ദം നിയന്ത്രിക്കാനും തക്കാളി ഉപയോഗിക്കാം. അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് തക്കാളി അനിവാര്യമാണ്. തക്കാളി വിത്തുകൾ കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും തക്കാളി ഗുണകരമാണ്.