msme

കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ ആത്മനിർഭർ പാക്കേജിൽ എം.എസ്.എം.ഇകൾക്കായി കേന്ദ്രം പ്രഖ്യാപിച്ച ഈടുരഹിത വായ്‌പ, സംരംഭകർക്ക് ബാങ്കുകൾ നൽകുക പുതിയ അക്കൗണ്ടിലൂടെ. നിലവിലെ വായ്‌പാ ബാദ്ധ്യതയുടെ 20 ശതമാനം തുകയാണ് ഈ പദ്ധതി പ്രകാരം ലഭിക്കുകയെങ്കിലും പുതിയ ലോൺ അക്കൗണ്ട് തുറന്നാണ് ഇതു നൽകുക. നിലവിലെ, വായ്‌പയുടെ 'ടോപ്-അപ്പ്" ആയി ഇതിനെ പരിഗണിക്കില്ല.

മൂന്നുലക്ഷം രൂപയുടെ 'എമർജൻസി ക്രെഡിറ്ര് ലൈൻ ഗ്യാരന്റി" സ്‌കീം (ഇ.സി.എൽ.ജി.എസ്) ആണ് സർക്കാർ പ്രഖ്യാപിച്ചത്. നാഷണൽ ക്രെഡിറ്ര് ഗ്യാരന്റി ട്രസ്‌റ്റീ കമ്പനിയാണ് (എൻ.സി.ജി.ടി.സി) ബാങ്കുകൾ, എൻ.ബി.എഫ്.സി., മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവവഴി പദ്ധതി നടപ്പാക്കുന്നത്. 100 ശതമാനം ഈടുരഹിതമാണ് വായ്‌പ. നിലവിൽ ഒരു ബാങ്കിലോ വിവിധ ധനകാര്യ സ്ഥാപനങ്ങളിലോ ആയി 2020 ഫെബ്രുവരി 29നകം പരമാവധി 25 കോടി രൂപയുടെ വായ്‌പാ ബാദ്ധ്യതയുള്ളവരും 2019-20 പ്രകാരം 100 കോടി രൂപവരെ വാർഷിക വിറ്റുവരവുള്ളവരുമാണ് യോഗ്യർ. വ്യക്തിഗത വായ്പ ഇതിന് പരിഗണിക്കില്ല.

പ്രൊപ്രൈറ്റർഷിപ്പ്, പാർട്‌ണർഷിപ്പ്, രജിസ്‌റ്റർ ചെയ്‌ത കമ്പനികൾ, ട്രസ്‌റ്റുകൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്‌ണർഷിപ്പുകൾ (എൽ.എൽ.പി) എന്നിവയ്ക്ക് വായ്‌പ നേടാം. വായ്‌പ തേടുന്ന സംരംഭം ജി.എസ്.ടിയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കണം. അല്ലെങ്കിൽ, ജി.എസ്.ടി ബാധകമല്ലാത്ത മേഖലയിൽ പ്രവർത്തിക്കുന്നതാകണം. 60 ദിവസത്തിനുമേൽ വായ്‌പാ കുടിശികയുള്ളവർക്ക് പദ്ധതി പ്രകാരം വായ്പ കിട്ടില്ല.

തിരിച്ചടവിന് 4 വർഷം

നിലവിലെ വായ്പാ ബാദ്ധ്യതയുടെ 20 ശതമാനം തുകയാണ് ഇ.സി.എൽ.ജി.എസ് വഴി സംരംഭകന് ലഭിക്കുക. നിലവിൽ ഒരു കോടി രൂപയുടെ വായ്‌പാ ബാദ്ധ്യതയുണ്ടെങ്കിൽ 20 ലക്ഷം രൂപ കിട്ടും. നാലുവർഷമാണ് തിരിച്ചടവ് കാലാവധി. മുതൽ തിരിച്ചടയ്ക്കാൻ ആദ്യ ഒരുവർഷം മോറട്ടോറിയം ലഭിക്കുമെങ്കിലും ഇക്കാലയളവിലെ പലിശ ഈടാക്കും. ഈവർഷം ഒക്‌ടോബർ 31വരെയാണ് വായ്‌പാ വിതരണം.

9.25%

ഈടുരഹിത വായ്‌പയിന്മേൽ ബാങ്കുകൾക്ക് ഈടാക്കാവുന്നത് പരമാവധി 9.25 ശതമാനം പലിശയാണ്. എൻ.ബി.എഫ്.സികൾക്ക് 14 ശതമാനം.

'ഓട്ടോമാറ്റിക്"

യോഗ്യത

വായ്‌പയ്ക്കായി സംരംഭകൻ ബാങ്കിനെ സമീപിക്കേണ്ടതില്ല. അർഹരായവരെ 'ഓട്ടോമാറ്റിക് പ്രീ-അപ്രൂവ് മെക്കാനിസത്തി"ലൂടെ തിരഞ്ഞെടുത്ത് ബാങ്ക് അറിയിക്കും. താത്പര്യമില്ലാത്തവർക്ക് വായ്‌പ വേണ്ടെന്നു വയ്ക്കാം.

₹3,000 കോടി

ഇ.സി.എൽ.ജി.എസ് വഴി ഒറ്റദിവസം കൊണ്ട് എസ്.ബി.ഐ വിതരണം ചെയ്‌തത് 3,000 കോടി രൂപ വായ്‌പയാണ്. 22,000 എം.എസ്.എം.ഇ യൂണിറ്റുകൾക്ക് വായ്‌പ ലഭിച്ചു.