amrita
അമൃത വിശ്വ വിദ്യാപീഠത്തിന്റെ എൻജിനിയറിംഗ് ഗവേഷണ ലാബായ അമൃത ഹ്യൂമാനിറ്റേറിയൻ ടെക്‌നോളജി (ഹട്ട്) ലാബ്‌സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വികസിപ്പിച്ച അന്നഃപൂർണ റോബോട്ട്.

 റോബോട്ടുകളെ വികസിപ്പിച്ചത് അമൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ

കൊച്ചി: കൊവിഡ് വ്യാപനത്തിനെതിരായ പോരാട്ടം നയിക്കാൻ ഇനി മുന്നിൽ പ്രഭയും ബോധിയും അന്നഃപൂർണയും മാരുതിയുമുണ്ടാകും! മനുഷ്യർക്ക് സുരക്ഷിതമില്ലാത്ത, കഠിനമായ ജോലികൾ ചെയ്യാൻ കഴിവുള്ള റോബോട്ട് പ്രോട്ടോടൈപ്പുകളാണ് ഇവർ. രോഗികളെ സഹായിക്കാനായി അമൃത വിശ്വ വിദ്യാപീഠത്തിന്റെ എൻജിനിയറിംഗ് ഗവേഷണ ലാബായ അമൃത ഹ്യൂമാനിറ്റേറിയൻ ടെക്‌നോളജി (ഹട്ട്) ലാബ്‌സ് ആണ് ഇവരെ വികസിപ്പിച്ചത്.

കുറഞ്ഞ ചെലവിലാണ് ഈ റോബോട്ടുകൾ വികസിപ്പിച്ചതെന്ന് ലാബ് ഡയറക്‌ടർ ഡോ.രാജേഷ് കണ്ണൻ മേഗലിംഗം പറഞ്ഞു. സ്വയം ഡ്രൈവ് ചെയ്യുന്ന വീൽചെയർ, ഉയരമുള്ള തെങ്ങിൽ നിന്ന് തേങ്ങ ശേഖരിക്കുന്ന കൊക്കോബോട്ട് തുടങ്ങിയവയും ലാബ് വികസിപ്പിച്ചിരുന്നു. ബ്ളൂടൂത്ത് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന പ്രഭ റോബോട്ട്, 12x12 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു മുറി ഒരുമണിക്കൂറിനകം അണുവിമുക്തമാക്കും. ആറ് അൾട്രവയലറ്റ് ലാമ്പുകൾ ഉപയോഗിച്ചാൽ മുറി വൃത്തിയാക്കാൻ അര മണിക്കൂർ മതി. 40,000 രൂപയാണ് ഇതിന്റെ ഉത്പാദനച്ചെലവ്.

റോഡുകളിലും മറ്റും നിരീക്ഷണത്തിന് പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഉപയോഗിക്കാവുന്ന റോബോട്ടാണ് ബോധി. 360 ഡിഗ്രി കാമറ, ശക്തമായ സ്‌പീക്കർ എന്നിവ ഇതിലുണ്ട്. അരക്കിലോമീറ്റർ ദൂരെനിന്നും ബോധിയെ നിയന്ത്രിക്കാം. 70,000 രൂപ മുതൽ ഒരുലക്ഷം രൂപവരെയാണ് ഇതിന്റെ വില. ടെലി-മെഡിസിൻ സൗകര്യമുള്ള ടെലി-ഓപ്പറേറ്റഡ് റോബോട്ടാണ് അന്നഃപൂർണ. രോഗികൾക്ക് ഭക്ഷണം, മരുന്ന്, വെള്ളം തുടങ്ങിയവ നൽകാൻ ഉപയോഗിക്കാം. നിർമ്മാണച്ചെലവ് 25,000 രൂപ.

ബ്ളൂടൂത്ത്/ജോയ് സ്‌റ്റിക്ക് എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ് ടെലി-ഓപ്പറേറ്റഡ് പേഷ്യന്റ് ട്രാൻസ്‌പോർട്ടേഷൻ റോബോട്ടായ മാരുതി. വീൽചെയറിലോ രോഗികളെയോ തൊടാതെ, ഓപ്പറേറ്റർക്ക് രോഗിയെ വാർഡിലേക്കും മറ്റും ഇതുപയോഗിച്ച് കൊണ്ടുപോകാം. ഒരുലക്ഷം രൂപയാണ് വില.