കുർണൂൽ: ഒരു പള്ളിയുടെ സമീപം വർഷങ്ങളായി ഭിക്ഷയെടുക്കുന്ന ചിന്ന നരസിംഹുലു എന്നയാളെ കരുണ തോന്നി ഏറ്റെടുത്തതാണ് ദ്രോണാചലം സേവാ സമിതി എന്ന എൻജിഒയുടെ വൊളണ്ടിയർമാർ. കുളിപ്പിച്ച് വൃത്തിയാക്കി അയാൾ കൊണ്ടുനടക്കുന്ന സഞ്ചിയിലെ പതിനാലോളം ഉടുപ്പുകളിൽ എന്തെല്ലാമുണ്ടെന്ന് അവർ തിരഞ്ഞതും സമിതി അംഗങ്ങൾ ഞെട്ടി. 2,04,459 രൂപയായിരുന്നു അതിലുണ്ടായിരുന്നത്.
ലക്ഷാധിപതിയായ ഭിക്ഷക്കാരനായ നരസിംഹുലുവിന്റെ ഉടുപ്പുകളിൽ നിരോധിച്ച 77000 രൂപ മൂല്യമുള്ള കറൻസികളും ഉണ്ടായിരുന്നതായി സേവാസമിതി അംഗം എ.മധു അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചു. അവർ നടത്തിയ അന്വേഷണത്തിൽ 24 വർഷം മുൻപ് തെലങ്കാനയിലെ മെഹബൂബ് നഗറിൽ മുനേപ്പഗുട്ട കോളനിയിൽ നിന്നും നാടുവിട്ടയാളാണ് ഇയാൾ എന്ന് തെളിഞ്ഞു.
24 വർഷം മുൻപ് ഭാര്യയും മകളും ബംഗളുരുവിൽ ജോലിക്ക് പോയതാണ്. ഇവരെ കണ്ടെത്തും എന്ന വിശ്വാസത്തിലാണ് ഇത്രനാൾ ഭിക്ഷയെടുത്തത് എന്നാണ് നരസിംഹുലു പറയുന്നത്. കടപ്പയിലെ ഒരു വൃദ്ധസദനത്തിലേക്ക് മാറ്റിയ ഇയാളുടെ കുടുംബത്തെ അന്വേഷിക്കുകയാണ് പൊലീസ്.