കോളിഫ്ളവർ ഇഷ്ടമല്ലാത്തതായി ആരും കാണില്ള, പ്രതിരോധ ശക്തി കൂട്ടുന്നതിനൊപ്പം, കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലും കോളീഫ്ളവർ മികച്ച് നിൽക്കുന്നു. കാൻസർ, ഹൃദ്രോഗം എന്നിവയെ തടയുന്നതിനും ഇവ ഉപയോഗപ്രദമാണ്. കൃത്യമായ കാലാവസ്ഥയും മിതമായ താപനിലയുമാണ് കോളിഫ്ലവർ കൃഷിക്കനുയോജ്യം. വരണ്ട കാലാവസ്ഥ കൃഷിയെ ദോഷകരമായി ബാധിക്കും. വളരെ താഴ്ന്ന താപനിലയും കൃഷിക്കനുയോജ്യമല്ല.
കോളിഫ്ളവർ കൃഷിയിൽ ശ്രദ്ധിക്കേണ്ടവ
ജൈവവളവും ജലസേചനവുമാണ് കൃഷിക്കനിവാര്യം. ആദ്യഘട്ട കൃഷിക്കനുയോജ്യം മണലും കളിമണ്ണും അടങ്ങിയ മണ്ണാണ് രണ്ടാ ഘട്ടത്തിൽ കളിമണ്ണ് ധാരാളമായുണ്ടാകുന്നത് ഗുണകരമാണ്. കേരളത്തിന്റെ തെക്കൻ ജില്ലകളിലെ ഭൂപ്രകൃതിയാണ് കോളിഫ്ലവർ കൃഷിക്കനുയോജ്യം. ജെെവ വളം ചേർത്ത് മണ്ണ് നന്നായി കിളച്ച് വായുസഞ്ചാരം വരത്തക്ക വിധത്തിലാക്കിയ ശേഷമാണ് കൃഷി തുടങ്ങേണ്ടത്.
വിത്ത് മുളപ്പിച്ച് പറിച്ചു നടുന്ന രീതിയാണ് കോളിഫ്ലവർ കൃഷിക്ക് സാധാരണയായി ചെയ്യുന്നത്. നഴ്‌സറി ബഡ്ഡുകളുപയോഗിച്ച് വർഷത്തിൽ മൂന്ന് ഘട്ടമായി കൃഷി ചെയ്യുന്ന രീതിയും കണ്ട് വരുന്നു. ആദ്യഘട്ടം മെയ് - ജൂൺ മാസത്തിലും രണ്ടാം ഘട്ടം ജൂലൈ-ഓഗസ്റ്റ് മാസത്തിലും, മൂന്നാം ഘട്ടം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലുമാണ് കൃഷി ചെയ്യേണ്ടത്.
ഒരു ചെടിയിൽ നിന്ന് മറ്റ് ചെടിയിലേക്കുള്ള അകലം കുറഞ്ഞത് 45 സെന്റീമീറ്ററാണ്. ജലസേചനത്തിലും വളരെയേറെ ശ്രദ്ധചെലുത്തണം. ആദ്യഘട്ടം 4 മുതല്‍ 7 ദിവസം വരെ ഇടവിട്ടും രണ്ടാംഘട്ട കൃഷിയിൽ പത്ത് മുതല്‍ പതിനഞ്ച് ദിവസം ഇടവിട്ടും ജലസേചനം നടത്താം. ഡ്രിപ്പ് ജലസേചനവും ഉചിതമായ മാർഗമാണ്. കോളിഫ്ലവർ പാകത്തിന് വളർച്ച നേടി എന്നുറപ്പ് വരുത്തിയ ശേഷം മാത്രം ചെടിയില്‍ നിന്ന് മുറിച്ചെടുക്കാം. സൂക്ഷമമായി പരിപാലിച്ചാൽ ഒരു ഹെക്ടറില്‍ ആദ്യഘട്ട വിളവെടുപ്പിൽ 200 മുതല്‍ 250 വരെ ക്വിന്റലും രണ്ടാം ഘട്ടത്തിൽ 250 മുതല്‍ 300 വരെ ക്വിന്റലും വിളവ് ലഭിക്കുന്നതാണ്. കൃത്യമായ ശ്രദ്ധയും പരിചരണവും ലഭിച്ചാൽ വളരെയധികം ലാഭം കൊയ്യാൻ കഴിയുന്ന കൃഷി മേഖലയാണിത്.
l