തിരുവിഴാംകുന്ന്: പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിൽ തിരുവിഴാംകുന്നിന് സമീപം മേയ് 27ന് വെള്ളിയാർ പുഴയിൽ വച്ച് ചെരിഞ്ഞ 15 വയസ്സുകാരിയായ ഗർഭിണി ആനയ്ക്ക് സംഭവിച്ച ദുരന്തം സമൂഹമാദ്ധ്യമങ്ങളിലൂടെ ലോകമാകെ ജനങ്ങളുടെ കടുത്ത രോക്ഷപ്രകടനത്തിന് ഇടയാക്കിയിരിക്കുകയാണ്. തങ്ങളുടെ കൃഷി നശിപ്പിക്കുന്ന ആനകളെ തുരത്താൻ ആരോ കൈതച്ചക്കയിൽ പന്നിപ്പടക്കം ചേർത്ത് നൽകിയതാണ് ഈ പാവം ആനക്ക്.
താപ്പാനകളെ ഉപയോഗിച്ച് ആനയുടെ ജഡം കരയ്ക്കു കയറ്റി പോസ്റ്രുമോർട്ടം നടത്തിയപ്പോഴാണ് ആന ഗർഭിണിയാണെന്ന വിവരം അറിയുന്നത്. പടക്കം പൊട്ടി നാവിനും കീഴ്ത്താടിക്കും തുമ്പിക്കും പരുക്കേറ്റ് അത് പുഴുവരിച്ചത് മൂലം വേദന സഹിക്കാനാകാതെയാണ് ആന പുഴയിൽ ഇറങ്ങി നിന്നത്. ഇടക്ക് കരയ്ക്ക് കയറി അടുത്തുള്ളയിടങ്ങളിൽ കൃഷിയും നശിപ്പിച്ചു. 'മേയ് 23ന് ഒരു കാട്ടാന അടുത്തുള്ള കാടിനോട് ചേർന്നുള്ള സ്വകാര്യ ഭൂമിയിൽ ചുറ്റിക്കറങ്ങുന്നതായി പ്രദേശത്തെ ജനങ്ങൾ ഞങ്ങളെ അറിയിച്ചിരുന്നു.
പോയി കാണുമ്പോൾ തന്നെ കീഴ്താടി തകർന്ന് പരുക്ക് കാണാമായിരുന്നു. മേയ് 24ന് ആന പുഴയിൽ ഇറങ്ങി നിൽക്കുന്നതായി അറിയിപ്പ് കിട്ടി.' സൈലന്റ് വാലിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. 'ആന ആഹാരമൊന്നും നന്നായി കഴിച്ചിട്ടില്ലെന്ന് മനസ്സിലായി. വെള്ളം കുടിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. അതിനാൽ ഞങ്ങൾ മൃഗഡോക്ടറെ വരുത്തി. മേയ് 25 ന് ഡോക്ടർ നടത്തിയ പരിശോധനയിൽ രണ്ടാഴ്ചയോളം ആയ മുറിവാണ് ആനക്കുള്ളതെന്ന് മനസ്സിലാക്കി. ആനയെ കരയ്ക്ക് കയറ്രി ചികിത്സിക്കാൻ താപ്പാനകളുടെയും വരുത്തി ശ്രമം തുടങ്ങി.' അദ്ദേഹം പറഞ്ഞു. പക്ഷെ ആന വെള്ളത്തിലേക്ക് കുഴഞ്ഞുവീണു. വൈകാതെ ചെരിഞ്ഞു.
പിന്നീട് രണ്ട് ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വനത്തിൽ ആനയെ സംസ്കരിച്ചു. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണം എന്ന് കണ്ടെത്തി. രണ്ട് ടീമുകളാണ് സംഭവം അന്വേഷിക്കാനായി രംഗത്തുള്ളത്. ആനയെ വേട്ടയാടി കൊന്നതിന് തുല്യമാണിതെന്നും തിരിച്ചറിയാത്ത കുറ്റവാളികൾക്ക് എതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തെന്നും മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.