കുവൈറ്റ് സിറ്റി: കുവൈറ്റിൽ 201 ഇന്ത്യക്കാർ ഉൾപ്പെടെ 887 പേർക്കു കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 29,359 ആയി. 6 മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 230 ആയി. ഇന്ന് 1382 പേരാണ് രാജ്യത്ത് രോഗ മുക്തി നേടിയത്. ഇതോടെ 14,281 പേരാണ് രാജ്യത്ത് കൊവിഡ് മുക്തരായത്.
അതേസമയം, സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ വിമാന സർവീസുകൾ വേണമെന്ന ആവശ്യം ശക്തമാകുകയാണ്. ജോലി നഷ്ടപ്പെട്ടവരും വിസാ കാലാവധി കഴിഞ്ഞവരുമടക്കം നിരവധി മലയാളികളാണ് എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഏർപ്പെടുത്തിയ 19 വിമാനങ്ങളിലായി ഇതുവരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞത് 3000 പേരെ മാത്രമാണ്. ജോലി നഷ്ട്ടപ്പെട്ട് ഭക്ഷണത്തിനുപോലും വകയില്ലാതെ മാസങ്ങളായി കാത്തിരിക്കുന്നവരുൾപ്പെടെ നാട്ടിലേക്കു മടങ്ങാനായി എംബസിയിൽ പേര് രജിസ്റ്റർ ചെയ്തതവരുടെ എണ്ണം 85,000 കവിഞ്ഞു.
അനുദിനം രോഗബാധിതരാകുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടാകുന്ന സൗദിയിൽ ഇന്നലെമാത്രം മരിച്ചത് 24 പേരാണ്.
കാത്തിരിക്കുന്നവരിൽ ഏറെയും മലയാളികൾ
എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവരിൽ ബഹുഭൂരിപക്ഷവും മലയാളികളാണ്. അതുകൊണ്ടുതന്നെ കൂടുതൽ വിമാന സർവീസ് കേരളത്തിലേക്ക് വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ഈ ആവശ്യം ഉന്നയിച്ച് ദമ്മാം ലീഡേഴ്‌സ് ഫോറം പ്രധാനമന്ത്രിക്ക് നിവേദനം നൽകി. അതേസമയം സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പുതിയ വിമാന സർവീസുകളുടെ പട്ടിക ഇന്നലെ എംബസി പുറത്തിറക്കി. ജൂൺ പത്തിന് തുടങ്ങുന്ന പുതിയ പട്ടികയിൽ ഇരുപത് സർവീസുകളാണുള്ളത്. ഇതിൽ 11 സർവീസാണ് കേരളത്തിലേക്കുള്ളത്.
ഗൾഫ് കൊവിഡ് മീറ്റർ
(രോഗബാധിതർ - മരണം)
സൗദി അറേബ്യ: 89,011 - 549
യു.എ.ഇ:35,788 - 269
ഖത്തർ: 60,259 - 43
ഒമാൻ:13,537 - 67
ബഹ്റൈൻ:12,311 - 20
കുവൈറ്റ്: 29,359 - 230