മിനിയാപൊളിസ്: ' ജോർജ് ഫ്ളോയിഡിന്റെ അസ്വാഭാവിക മരണത്തിൽ അഗാധമായ ദുഃഖമുണ്ട്. ഇനിയൊരിക്കലും ഡെറിക് ചൗവിനൊപ്പം ജീവിക്കാനാവില്ല. വിവാഹമോചനം വേണം. ജീവനാംശമായി ചില്ലിക്കാശുപോലും വേണ്ട. പേരിനൊപ്പമുള്ള 'ചൗവിൻ' എന്ന ഭർതൃനാമം ഒഴിവാക്കിക്കിട്ടണം.'
- കറുത്തവർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പൊലീസുകാരൻ ഡെറിക് ചൗവിന്റെ ഭാര്യ കെല്ലി ചൗവിൻ വിവാഹമോചന ഹർജിയിൽ ആവശ്യപ്പെട്ടു.
ഫ്ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്ക കത്തിയെരിയുന്നതിനിടയ്ക്കാണ് ചൗവിനെ തള്ളിപ്പറഞ്ഞ് ഭാര്യ രംഗത്തെത്തിയത്. ചൗവിന്റെ മേൽ കൊലക്കുറ്റം ചുമത്തപ്പെടുന്നതിന്റെ തലേന്നാണ് അയാളുമായി വേർപിരിയാൻ കെല്ലി തീരുമാനമെടുത്തത്. തൊട്ടടുത്ത ദിവസം വിവാഹമോചന ഹർജി ഫയൽ ചെയ്തു.
2018ൽ മിസിസ് മിന്നസോട്ട സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള കെല്ലി, റിയൽ എസ്റ്റേറ്റ് ഏജന്റായി പ്രവർത്തിക്കുകയാണ്. സമൂഹത്തിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
ലാവോസിൽ നിന്ന് അമേരിക്കയിലെത്തിയ കെല്ലിയും കുടുംബവും അഭയാർത്ഥി ക്യാമ്പിൽ നിന്ന് രക്ഷപെട്ടാണ് വിസ്‌കോൺസിനിൽ സ്ഥിരതാമസമാക്കുന്നത്. വിവാഹമോചിതയും രണ്ടു കുട്ടികളുടെ അമ്മയുമായ കെല്ലി പ്രദേശത്തെ ഒരു മെഡിക്കൽ സെന്ററിൽ ജോലി ചെയ്യവയാണ് ഡെറിക് ചൗവിനെ പരിചയപ്പെടുന്നത്. ഒരു പ്രതിയുടെ മെഡിക്കൽ ചെക്കപ്പിനെത്തിയതായിരുന്നു ചൗവിൻ. ഇരുവരും പ്രണയത്തിലായി. 2010ൽ വിവാഹം കഴിച്ചു.
തുടർന്ന് കെല്ലി റിയൽ എസ്റ്റേറ്റ് ഡീലറായി.
ജോയിന്റ് അക്കൗണ്ടുകളിൽ ഉള്ള പണവും, വാങ്ങിയ കാറുകളും തുല്യമായി പങ്കിടണമെന്നും ഓക്ക്ഡെയ്ൽ, മിന്നസോട്ട, വിൻഡെർമിയർ, ഫ്ലോറിഡ എന്നിവിടങ്ങളിലുള്ള വീടുകളിൽ തനിക്കുമാത്രമാണ് അവകാശമെന്നും കെല്ലി വിവാഹമോചന ഹർജിയിൽ പറയുന്നു.
കെല്ലിക്ക് ഫ്ലോയിഡിന്റെ അസ്വാഭാവിക മരണത്തിൽ അഗാധമായ ദുഃഖമുണ്ട് എന്നും ബന്ധുക്കളെ തന്റെ അനുശോചനങ്ങൾ അറിയിക്കുന്നു എന്നും കെല്ലിയുടെ അഭിഭാഷകൻ അറിയിച്ചു.