ഹോണറിന്റെ പ്ളേ 4 സീരീസ് ഇന്ന് ചൈനയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഹോണർ പ്ളേ 4 5ജി, ഹോണർ പ്ളേ 4 പ്രോ 5ജി എന്നിങ്ങനെ രണ്ട് സീരീസായാണ് ഇത് വിപണിയിൽ എത്തുന്നത്. ഇപ്പോൾ ഇതാ, ഹോണർ പ്ളേ 4ന്റെ ചില സവിശേഷതകളെ കുറിച്ച് കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്. കിരിൻ 990 SoC, ഇൻഫ്രാറെഡ് താപനില അളക്കൽ, 40W ചാർജർ എന്നിവയുമായി ഹോണർ പ്ലേ 4 സീരീസ് വരുമെന്ന് കമ്പനി അടുത്തിടെ ഒരു വെബോ പോസ്റ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.
40W ചാർജർ ഹോണർ പ്ലേ 4 5 ജി, പ്ലേ 4 പ്രോ 5 ജി മോഡലുകളിൽ ലഭ്യമാണ്. പ്ലേ 4 പ്രോയിൽ കിരിൻ 990 ചിപ്‌സെറ്റും ശരീര താപനില സെൻസറും മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേ 4 പ്രോയുടെ ശരീര താപനില സെൻസറിന് മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീര താപനില അളക്കാൻ സാധിക്കുമെന്ന് കമ്പനിയുടെ പ്രോഡക്ട് മാനേജർ അറിയിച്ചു. പ്ലേ 4 സീരീസിന്റെ വി.സി ലിക്വിഡ് കൂളിംഗ് സിസ്റ്റം മറ്റെല്ലാ ബ്രാൻഡുകളേയും അപേക്ഷിച്ച് മികച്ച നിലവാരത്തിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോണർ പ്ലേ 4 5ജി ഒരു ഫുൾ എച്ച്ഡി, 6.81 ഇഞ്ച് പഞ്ച്-ഹോൾ ഡിസ്‌പ്ലേയും അവതരിപ്പിക്കുന്നുണ്ട്.
ഈ സ്മാർട്ട്‌ഫോണിന്റെ ക്വാഡ് ക്യാമറയുടെ സജ്ജീകരണം എന്ന് പറയുന്നത് 64 എംപി പ്രധാന ക്യാമറയും 16 എംപി സെൽഫി ക്യാമറയുമാണ്. 4,300 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 6.57 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുള്ള ഹോണർ പ്ലേ 4 പ്രോ 5 ജിയിൽ 1080 x 2,400 പിക്സൽ ഫുൾ എച്ച്ഡി റെസലൂഷൻ ലഭിക്കും. ഒപ്റ്റിക്‌സിന്റെ കാര്യത്തിൽ, 32 എംപി പ്രധാന സെൽഫി ക്യാമറയും 8 എംപി ലെൻസും സ്മാർട്ട്‌ഫോണിനുണ്ട്. 4,200 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സ്മാർട്ട്‌ഫോണിന്റെ വിലക്കുറിച്ചോ റാം, സ്റ്റോറേജ് വേരിയന്റുകളെക്കുറിച്ചോ ഇത് വരെ യാതൊരു വിവരവും പുറത്ത് വിട്ടിട്ടില്ല.