honda-dream-bikes

പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ കമ്മ്യുട്ടെർ മോട്ടോർ സൈക്കിളായ സിഡി 110 ഡ്രീമിന്റെ ബിഎസ് 6 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിലായാണ് ഈ വാഹനം വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വില 62,729 രൂപയിൽ തുടങ്ങുന്നു. ബി‌എസ് 4 മോഡലിനേക്കാൾ 14,000 രൂപ കൂടുതലാണ് ഇതിന്. സെഗ്മെന്റിൽ ഹീറോ മോട്ടോകോർപ് ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

കാർബറേറ്റർ എൻജിൻ ഉപയോഗിച്ചിരുന്നത് മാറ്റി ഇപ്പോൾ ഫ്യൂൽ ഇൻജെക്ഷനാക്കി മാറ്റിയിരിക്കുകയാണ്. ഈ എഞ്ചിന്റെ പവർ ഫിഗറുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബിഎസ് 4 പതിപ്പ് 8.31 ബിഎച്ച്പി, 9.09 എൻഎം എന്നിവ നൽകിയിരുന്നു. പുതുക്കിയ മോഡലിന് ഏകദേശം ഇതേ പവർ ഫിഗറുകൾ തന്നെ ആവാനാണ് സാധ്യത. നാല് സ്പീഡ് ഗിയർബോക്സാണ്. പുതുക്കിയ എഞ്ചിൻ കൂടുതൽ ഇന്ധനക്ഷമതയുള്ളതാണെന്നും പുതിയ എച്ച്ഇടി ട്യൂബ്‌ലെസ് ടയറുകൾ കുറഞ്ഞ റോളിംഗ് റെസിസ്റ്റൻസ് കാരണം മൈലേജ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. കമ്പനി അവകാശപ്പെടുന്നതനുസരിച്ച് സിഡി 110 ഡ്രീം ബൈക്ക് ലിറ്ററിന് 74 കിലോമീറ്റർ വരെ മൈലേജ് ഉൽപാദിപ്പിക്കും.

ഡ്രീം ബൈക്കുകളിൽ നിന്ന് കാര്യപ്പെട്ട വ്യത്യാസങ്ങളൊന്നും ഹോണ്ട സിഡി 110 ഡ്രീം പുലർത്തുന്നില്ല. സിൽവർ നിറമുള്ള അലോയ് വീലുകൾ, എഞ്ചിൻ എന്നിവ ഈ ബൈക്കിൽ കാണാം. പുതിയ ബോഡി ഗ്രാഫിക്സാണ് മറ്റൊരു പ്രത്യേകത. എല്ലാ ഡ്രീം വേരിയന്റുകളെയും പോലെ ഡ്രം ബ്രേക്കാണ് ഇതിലുമുള്ളത്.