മൈതാനത്തെ തന്റെ കളിപോലെ തന്നെ നിലപാടുകളിലും വെള്ളം ചേർക്കാൻ ഒട്ടും തയ്യാറല്ല ഇന്ത്യൻ ഫുട്ബാളിലെ മലയാളി വിസ്മയം സി.കെ വിനീത്. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ ഭക്ഷണ വിതരണത്തിനും കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നു ഈ സൂപ്പർ സ്ട്രൈക്കർ.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആശംസയറിയിച്ചപ്പോൾ ലാൽസലാം എന്ന് ചേർത്തത് തിരുത്തണമെന്ന് ഒരു പറ്രം ആരാധകർ വിമർശിച്ചെങ്കിലും തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു സി.കെ.
കൊവിഡ് കാലത്തേപ്പറ്രിയും തന്റെ നിലപാടുകളെയും ഭാവിയേപ്പറ്രിയും വിനീത് സംസാരിക്കുന്നു.
പിണറായിയും ലാൽസലാമും
മുഖ്യമന്ത്രി മന്ത്രി പിണറായി വിജയൻ എനിക്ക് ഏറെ ഇഷ്ടപ്പെട്ട നേതാവാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അദ്ദേഹത്തിന് ആശംസയറിയിച്ചപ്പോൾ ലാൽസലാം എന്ന് ചേർത്തത് എന്റെ സ്വാതന്ത്ര്യമാണ്. അഭിപ്രായമാണ്.അതിനാരുടെയും അനുമതി വേണമെന്ന് തോന്നുന്നില്ല. ഞാൻ എന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു.
സെലിബ്രിറ്രിയല്ല സാധരണക്കാരൻ
ഞാൻ സെലിബ്രിറ്റിയല്ല, ഒരു പാവം പന്തുകളികാരനാണ്. കളിക്കളത്തിൽ ഞാൻ മോശമായാൽ വിമർശിക്കാൻ എല്ലാവർക്കും അധികാരമുണ്ട്. മൈതാനത്തിന് പുറത്ത് ഞാനെല്ലാവരേയും പോലെ ഒരു സാധാരണ മനുഷ്യനാണ്. എനിക്ക് എന്റേതായ നിലപാടുകളുണ്ട്. മറ്രാരുടെയെങ്കിലും അഭിപ്രായം കേട്ട് അത് തിരുത്താൻ ഞാൻ തയ്യാറല്ല.
ദേഷ്യം കൂടെപ്പിറപ്പ്
ഇഷ്ടമല്ലാത്ത കാര്യം കണ്ടാൽ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനാണ്. പക്ഷേ ഞാൻ പറയുന്നതോ ചിന്തിക്കുന്നതോ മാത്രമാണ് ശരിയെന്ന ധാരണയില്ല. ആരോടെങ്കിലും ദേഷ്യപ്പെട്ടത് തെറ്രായിപ്പോയെന്ന് കണ്ടാൽ അവരോട് ക്ഷമ പറയാൻ ഒരു മടിയുമില്ല.
ലോക്ക് ഡൗണിലെ പരിശീലനം
ഇപ്പോൾ വീട്ടിൽ വെയ്റ്ര് ട്രെയിനിംഗ് ഉൾപ്പെടെയുള്ള എക്സർസൈസുകൾ നടത്തുന്നുണ്ട്. വീടനടുത്തുള്ള സ്ഥലത്ത് ചെറുതായി ഒറ്റയ്ക്ക് പന്തു തട്ടിത്തുടങ്ങി.
കൃഷി, മോനൊപ്പം കളി
ലോക്ക് ഡൗണിൽ കളി മുഴുവൻ മോനൊപ്പമായിരുന്നു. അത് നന്നായി ആസ്വദിച്ചു. പിന്നെ അച്ഛന്റെ കൂടെ കൃഷിപ്പണിക്കും കൂടി.
കൊൽക്കത്ത ന്യൂസ്
ജംഷഡ്പൂർ എഫ്.സിയുമായുള്ള കരാർ അവസാനിച്ചു. ഈസ്റ്ര് ബംഗാളുമായി ചർച്ചകൾ ശുഭമാകുന്നതിൽ സന്തോഷമുണ്ട്. എനിക്കേറെ ഇഷ്ടപ്പെട്ട ക്ലബാണ് ഈസ്‌റ്ര് ബംഗാൾ. അവിടെ കളിക്കാൻ കഴിഞ്ഞാൽ എന്നെ സംബന്ധിച്ച് വലിയ അഭിമാനമുള്ള കാര്യമാണ്.
റിനോ ചങ്ക് ബ്രോ
കളിക്കളത്തിലും പുറത്തും റിനോ ആന്റോ എന്റെ ഏറ്രവും അടുത്ത സുഹൃത്താണ്. നേരത്തേ ബാംഗ്ലൂരിലും ബ്ലാസ്റ്രേഴ്സിലും ഒത്തിണക്കത്തോടെ കളിച്ചു. ഇപ്പോൾ ഈസ്റ്ര് ബംഗാളുമായുള്ള ചർച്ചകളിലും എന്റെയൊപ്പം അവന്റെ പേരും ഉയർവന്നു വരുന്നത് സന്തോഷമാണ്.
ആൻഫീൽഡ് ആവേശം
ലിവർപൂളിനോടുള്ള ആരാധനയിൽ വീടിന് ആൻഫീൽഡ് എന്ന് പേരിട്ടയാളാണ് ഞാൻ. ഇത്തവണ കപ്പിനടുത്തെത്തിയപ്പോൾ കൊവിഡ് കളിമുടക്കി. കളിയല്ല സുരക്ഷയാണ് പ്രധാനം. വീണ്ടും പ്രിമിയർ ലീഗ് തുടങ്ങുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഇത്തവണ ലിവർപൂളല്ലാതെയാര്...