ശ്രീബുദ്ധന്റെ ജീവിതത്തെയും ദർശനങ്ങളെയും ആധാരമാക്കി ഒരു പുസ്തകം കൂടി പുറത്തുവന്നിരിക്കുന്നു. മിക്കവാറും എല്ലാ ലോകഭാഷകളിലും അത്തരം കൃതികൾ രചിക്കപ്പെട്ടിട്ടുണ്ട്. അവയുടെ വൈപുല്യം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. പക്ഷേ, അക്കൂട്ടത്തിൽ ഏറിയപങ്കും കെട്ടുകഥകളെയും കടുംചായത്തിൽ വർണിച്ചിട്ടുള്ള അത്ഭുതകഥകളുമാണ്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യതിരിക്തമായി ചരിത്രത്തോട് അങ്ങേയറ്റം നീതി പുലർത്തുന്ന ഒരു ബുദ്ധനെ കണ്ടെത്താനുള്ള കഠിനപരിശ്രമത്തിന്റെ സദ്ഫലമാണ് അഡ്വ. വെളിയം രാജീവ് എഴുതിയ ചൈത്യത്തിലുറങ്ങുന്ന മഹാസാന്ത്വനം എന്ന കൃതി. അപദാന കഥകളിലെ ദിവ്യപുരുഷനായ ബുദ്ധഭഗവാനിൽ നിന്ന് ചരിത്രസത്യങ്ങളെ ഇഴപിരിച്ചെടുക്കാൻ ദീർഘനാളത്തെ പഠനമനനങ്ങൾ വേണ്ടിവന്നതായി ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു. തഥാഗതൻ കടന്നു പോയ പഥങ്ങളിലൂടെ പല പ്രാവശ്യം സഞ്ചാരങ്ങൾ സമ്മാനിച്ച നേരിട്ടറിവുകൾ ഈ ഗ്രന്ഥത്തിന് കൂടുതൽ ആധികാരികത നൽകുന്നു. ഒപ്പം ആ ചരിത്ര സ്മാരകങ്ങളിൽ നിന്നുകൊണ്ട് രാജീവ് നടത്തുന്ന ഭൂതകാല സഞ്ചാരങ്ങളും ശ്രീബുദ്ധന്റെ സംഘർഷഭരിതമായ ജീവിതസന്ദർഭങ്ങളുടെ ചേതോഹരമായ വിവരണങ്ങളും ഒരുകാലഘട്ടത്തിന്റെ നേർചിത്രങ്ങളായി പുനർജ്ജനിക്കുന്നു. ശുദ്ധോദനമഹാരാജാവിന്റെയും മഹാമായ റാണിയുടെയും മകനായി കപിലവസ്തുവിൽ സിദ്ധാർത്ഥൻ ജനിച്ചു;ഒരു ദിവ്യാവതാരത്തിന്റെ സമസ്ത ലക്ഷണങ്ങളോടുകൂടി.
തിരുപ്പിറവിയുടെ ഏഴാം നാൾ മഹാമായ ഈ ലോകത്തോട് വിടപറഞ്ഞു. അഞ്ചാം ദിവസത്തെ പേരിടൽ കർമ്മത്തിന് ബ്രാഹ്മണ ശ്രേഷ്ഠരും പണ്ഡിതന്മാരും ദിവ്യന്മാരും എല്ലാം എത്തിച്ചേർന്നു. പ്രവചനം ഇങ്ങനെയായിരുന്നു: ''കുട്ടി കൊട്ടാരം ഉപേക്ഷിക്കും. മനുഷ്യദുരിതങ്ങളുടെ വിമോചകനാകും. ലോകത്തിന് വെളിച്ചമാകും." "തുടർന്ന്, 'ലക്ഷ്യം നേടുന്നവൻ" എന്ന അർത്ഥത്തിൽ സിദ്ധാർത്ഥൻ എന്ന് നാമകരണവും നടന്നു. എട്ടാം വയസിൽ രാജകുമാരനെ എഴുത്തിനിരുത്തി. വേദേതിഹാസങ്ങളും ഉപനിഷത്തുക്കളും ഗണിതശാസ്ത്രവും ആയോധനകലകളുമെല്ലാം അവൻ അഭ്യസിച്ചു. കൂട്ടത്തിൽ ധ്യാനഗുരുവായ ഭരദ്വാജന്റെ ശിക്ഷണവും ലഭിച്ചു.ഇടയ്ക്ക് കാന്തകൻ എന്ന തന്റെ കുതിരപ്പുറത്തേറി ഉറ്റ സുഹൃത്ത് ചന്ദനമൊത്തുള്ള യാത്രകളിൽ രാജകുമാരൻ വാർദ്ധക്യം,രോഗം, മരണം എന്നിവയെക്കുറിച്ചൊക്കെ ഗഹനമായ ചിന്തയിലാണ്ടു. 16-ാം വയസിൽ യശോധരയുമായി വിവാഹം. പിന്നെയും 13 വർഷങ്ങൾ കടന്നുപോയി. ഇടയ്ക്ക് സിദ്ധാർത്ഥന് 25 വയസായപ്പോൾ മകൻ രാഹുലിന്റെ ജനനം. സിദ്ധാർത്ഥൻ ധ്യാനത്തിന്റെ വഴിയിലേക്ക് സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. മനുഷ്യനെ അലട്ടുന്ന നിരവധിയായ പ്രഹേളികകൾ നിർദ്ധാരണം ചെയ്യാൻ കഴിയാതെ സിദ്ധാർത്ഥൻ കുഴങ്ങി. മനുഷ്യവിമോചനത്തിനുള്ള ശാശ്വതമായ മാർഗമെന്താണ്? ഒടുവിൽ ഭൗതിക ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കെട്ടുപാടുകളെയും പൊട്ടിച്ചെറിഞ്ഞുകൊണ്ട് സിദ്ധാർത്ഥൻ കൊട്ടാരം വിട്ടിറങ്ങി.
ഗ്രന്ഥകർത്താവിന്റെ വാക്കുൾ: ''അശ്വഘോഷനും എഡ്വിൻ അർനോൾഡും പോൾ കോറസ്സും ഡോക്ടർ അംബേദ്കറും മഹാമനീഷികളായ ചൈനീസ് എഴുത്തുകാരും വരച്ചിട്ട വാങ്മയ ചിത്രങ്ങൾ ഹൃദയഭിത്തികളിൽ നിറഞ്ഞു. മനസിന്റെ മായക്കണ്ണാടിയിൽ ചരിത്രപുരുഷനായ ബുദ്ധന്റെ മഹാപരിത്യാഗകഥ നിറഞ്ഞുതുളുമ്പി. ഇരുളും വെളിച്ചവും മാത്രമുള്ള നിഴൽചിത്രങ്ങളായല്ല. മഴവിൽ നിറങ്ങളിൽ ചാലിച്ചെടുത്ത വർണാഭമായ ജീവിതചിത്രങ്ങൾ. മനസ് ആ ചരിത്രബുദ്ധനെ പിന്തുടരാൻ തുടങ്ങി.
സിദ്ധാർത്ഥൻ ഇപ്പോൾ പൂർണ സ്വതന്ത്രനാണ്. ബന്ധങ്ങളുടെ കെട്ടുപാടുകൾ ഇപ്പോൾ ഒരു തടസമല്ല. കട്ടപിടിച്ച കുറ്റിരിട്ടിലൂടെ കാടിന്റെ ഗഹനതയിലേക്ക് നടന്നുപോയി. ചെന്നെത്തിയത് മല്ല രാജ്യത്തുള്ള അലാറഗുരുവിന്റെ ആശ്രമത്തിലേക്കാണ്. അവിടെ ശിഷ്യനായി കൂടി. കുറഞ്ഞൊരുകാലം കൊണ്ട് ധ്യാനത്തിന്റെ അപാരമായ ഒരവസ്ഥയിലേക്കെത്താൻ കഴിഞ്ഞതായി ബുദ്ധന് ബോദ്ധ്യമായി. വീണ്ടും മനസിൽ ആ പഴയ ചോദ്യം ഉയർന്നുവന്നു. മനുഷ്യകുലത്തിന്റെ മഹാമോചനത്തിനുള്ള ശാശ്വതമായ വഴി എന്താണ്? ഉത്തമന്മാരായ ഗുരുക്കന്മാരെ തേടി സിദ്ധാർത്ഥൻ അലഞ്ഞുകൊണ്ടേയിരുന്നു. ഗ്രിദ്ധകൂടപർവതത്തിന്റെ തെക്കേചരുവിലെ കഴുകൻ മുറിയിൽ പാർക്കുന്നവേളയിൽ ഒരുനാൾ മഗധയിലെ ബിംബിസാരൻ രാജാവ് സിദ്ധാർത്ഥനെ കണ്ടുമുട്ടി. രാജസദസിൽ അംഗമായിരിക്കാൻ ക്ഷണിക്കുകയുണ്ടായി.ലക്ഷ്യം പൂർത്തികരിച്ചു കഴിഞ്ഞാൽ കൊട്ടാരത്തിലേക്ക് വരണമെന്നും ബിംബിസാരൻ ക്ഷണിക്കുകയുണ്ടായി. പിന്നീട് ഉദ്ദാക ഗുരുവിന്റെ ധ്യാനമാർഗത്തിലൂടെയായി സിദ്ധാർത്ഥന്റെ യാത്ര. പിന്നെയും കഠിനമായ തപസ് തന്നെയായിരുന്നു. ഒടുവിൽ ബോധോദയത്തിലേക്ക്: ഗൗതമബുദ്ധൻ തിരിച്ചറിഞ്ഞിരിക്കുന്നു. മഹാമോചനമാർഗം കണ്ടെത്തി താൻ ബുദ്ധനായി മാറിയിരിക്കുന്നു എട്ട് ദിവസത്തെ തപസിനു ശേഷം ബോധോദയം ലഭിച്ചുകഴിഞ്ഞപ്പോൾ ഇരുപത്തിനാലടി വടക്കോട്ട് നടന്ന് മറ്റൊരു അരയാൽ വൃക്ഷത്തണലിൽ ബോധിവൃക്ഷത്തെ നോക്കി ധ്യാനനിമഗ്നനമായി. അവിടെ ഇരുന്നുള്ള ഒരാഴ്ചയിലെ ധ്യാനവേളയിലാണ് വൈദികധർമ്മത്തിന് പകരമായി ബുദ്ധധർമ്മത്തെ എങ്ങനെ പ്രയോജനപ്പെടുത്തും എന്ന് നിശ്ചയിക്കപ്പെട്ടത്. പിന്നീട് പ്രഭാഷണങ്ങളും അതിന്റെ പ്രയോഗവഴികളും ഭിക്ഷാടനങ്ങളുമായി കുറേക്കാലം. ജനനം, രോഗം, വാർദ്ധക്യം, മരണം എന്നിവ മാത്രമല്ല മനുഷ്യദുരിതങ്ങൾ.ഓരോരുത്തരും സ്വയം സൃഷ്ടിക്കുന്ന ദുരിതങ്ങൾ വേറെയുമുണ്ട്. ആഗ്രഹങ്ങളാണ് മനുഷ്യന്റെ അത്തരത്തിലുള്ള ദുരിതങ്ങൾക്ക് കാരണം. അതുകൊണ്ട് എല്ലാത്തരം ആഗ്രഹങ്ങൾക്കും കടിഞ്ഞാണിടുക.
ശ്രീബുദ്ധന്റെ അന്യനിമിഷങ്ങളെ ഗ്രന്ഥകാരൻ ഇങ്ങനെ വിവരിക്കുന്നു: '' അന്നൊരു പൗർണമിനാളായിരുന്നു. കൃത്യമായി പറഞ്ഞാൽ ബി.സി 483 ൽ ബുദ്ധഗുരുവിന് അന്ന് 80 വയസ് തികഞ്ഞ ദിവസം. ആനന്ദനടക്കമുള്ള ശിഷ്യന്മാർ ചേർന്ന് ഭഗവാൻ നിർദ്ദേശിച്ച രണ്ട് സാലവൃക്ഷങ്ങൾക്കിടയിലുള്ള സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോയി. വെറും നിലത്തുവിരിച്ചിട്ട ശിലാകഷണത്തിൽ മണ്ണിനോട് ചേരാൻ ആസന്ന മരണനായ ശ്രീബുദ്ധനെ അവർ കൊണ്ടുവന്നുകിടത്തി. കാലുകൾ തെക്കോട്ടും ശിരസ് വടക്കോട്ടും വച്ചു. ചുറ്റും പ്രാർത്ഥനാമന്ത്രങ്ങൾ ഉയരവെ രാത്രി അതിന്റെ അന്ത്യയാമത്തോടടുത്തു. സന്യാസിമാരുടെയും ജനങ്ങളുടെയും നിർത്താത്ത പ്രാർത്ഥനാ മന്ത്രങ്ങൾക്കൊടുവിൽ ആ സ്പന്ദനം നിലച്ചു. മരണത്തോടെ എല്ലാമവസാനിക്കുന്നുഎന്ന് പ്രവചിച്ച മഹാഗുരു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.""
കപില വസ്തുവിൽ നിന്നും അന്ത്യവിശ്രമസ്ഥലമായ കുശിനാരിയിലേക്കുള്ള ഈ യാത്രിയ്ക്കിടയിൽ കണ്ടുമുട്ടിയ നിരവധി ചരിത്രപുരുഷന്മാരും സന്യാസിശ്രേഷ്ഠന്മാരും ഉത്തമശിഷ്യന്മാരും ഒക്കെ ഉൾപ്പെടുന്ന കഥാസന്ദർഭങ്ങൾ എത്രയെങ്കിലുമുണ്ട് ഈ കൃതിയിൽ. അക്കൂട്ടത്തിൽ സമ്രാട്ട് അശോകനും ജരാസന്ധനും ആനന്ദഭിഷുവുമെല്ലാം കഥാപാത്രങ്ങളാവുന്നുണ്ട്.
ഇതൊരു സഞ്ചാരകൃതിയല്ല. ഭഗവാൻ ബുദ്ധൻ സഞ്ചരിച്ച വഴികളിലൂടെയെല്ലാം ഗ്രന്ഥകർത്താവ് കടന്നുപോകുന്നുണ്ടെങ്കിലും ആ യുഗപുരുഷന്റെ അന്വേഷണപഥങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ശ്രീബുദ്ധന്റെ ജീവിതത്തിന്റെ ചില ദശാസന്ധികളിൽ നിന്നുകൊണ്ട് ഭൂതകാലത്തിലേക്കും തിരിച്ചും നടത്തുന്ന യാത്രകൾ, അവയുടെ മനോഹരമായ വിവരണങ്ങൾ ഈ കൃതിയെ ശ്രദ്ധേയമാക്കുന്നു. ബുദ്ധന്റെ മനസുമായി സാത്മ്യം പ്രാപിച്ച ഒരാൾക്കുമാത്രം സാദ്ധ്യമാകുന്ന അപൂർവമായ ഒരു രചനാശൈലിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ദീർഘകാലത്തെ പഠനത്തിലൂടെ സമാഹരിച്ച ചരിത്രവസ്തുതകൾ ആധികാരികതയർഹിക്കുന്നു. മലയാളത്തിലെ ബുദ്ധസാഹിത്യശാഖയെ നിശ്ചയമായും സമ്പന്നമാക്കുവാൻ ഈ കൃതിയുടെ രചനയിലൂടെ വെളിയം രാജീവിന് സാധിച്ചിരിക്കുന്നു.
(പ്രൊഫ. അലിയാറുടെ ഫോൺ : 94471 30110)