gujarat

അഹമ്മദാബാദ്: ഗുജറാത്തിൽ രാസവസ്തു ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. 50ഓളം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഭറൂച്ച് ജില്ലയിലെ ദഹേജിൽ യശാശ്വി രസായൻ എന്ന സ്വകാര്യ രാസവസ്തു നിർമാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ഭറൂച്ച് സിവിൽ ആശുപത്രിയിലും മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി സമീപത്തെ രണ്ട് അയൽ ഗ്രാമങ്ങളിൽ താമസിക്കുന്ന 4,800ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമനസേന ശ്രമിക്കുകയാണ്.

ഇന്നലെ ഉച്ചയോടെയായിരുന്നു സ്ഫോടനം. ദഹേജിലെ ലഖി ഗ്രാമത്തിലുള്ള ഫാക്ടറിയിൽ നൂറുകണക്കിന് തൊഴിലാളികൾ ജോലിക്കെത്തിയിരുന്നതായി ഭറൂച്ച് ജില്ലാ ദുരന്ത നിവാരണ അധികൃതർ പറഞ്ഞു. രണ്ട് സംഭരണികളിലായി സൂക്ഷിച്ച രാസവസ്തുക്കൾ തമ്മിൽ പ്രതിപ്രവർത്തനം നടന്നാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 20 തരം രാസ വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. മൂന്ന് കിലോമീറ്ററോളം അകലെ ശബ്ദം കേൾക്കുന്നത്രയും തീവ്രതയുള്ള സ്പോടനമാണ് ഫാക്ടറിയിലുണ്ടായതെന്നും അവർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.