ന്യൂഡൽഹി:- ഏറെ നാളായിട്ടില്ല ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ലഡാക്കിലെ തടാകങ്ങളിൽ പട്രോളിങ് നടത്തി ഇന്ത്യൻ സൈന്യത്തിനു നേരെ ചൈന പ്രകോപനം സൃഷ്ടിച്ചിട്ട്. നിയന്ത്രണ രേഖയിലെ ഇന്ത്യയുടെ ഭാഗത്തുള്ള റോഡ് നിർമ്മാണത്തെ ചോദ്യം ചെയ്യാനും ചൈന തുനിഞ്ഞിട്ടുണ്ട്.
ഇന്ത്യ-ചൈന അതിർത്തിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഇന്ത്യയുടെ റോഡ് നിർമ്മാണത്തോട് എപ്പോഴും അതി ജാഗ്രതയോടെയാണ് ചൈന പ്രതികരിച്ചത്. ചൈന ഇന്ത്യ അതിർത്തിയെ ഇന്ത്യൻ മിലിറ്ററി പോസ്റ്റുമായി ഈ റോഡ് ബന്ധിപ്പിക്കുന്നു എന്നതാണ് ഇതിന്റെ കാരണം. പാങ്കോങ് തടാകത്തോട് ചേർന്നുള്ള ഇന്ത്യ- ചൈന നിയന്ത്രണ രേഖയോട് ചേർന്ന് ഇന്ത്യ നിർമ്മിക്കുന്ന റോഡും ചൈനയുടെ സ്വൈരം കെടുത്തുന്നുണ്ട്. ഗാൽവൻ നദിയോട് ചേർന്നുള്ള റോഡ് നിർമ്മാണങ്ങളെ ചൈന നേരിടുന്നത് അവർ തന്ത്രപരമായി അതിർത്തി മേഖലയിൽ എത്ര ദുർബലമാണെന്ന് ലോകത്തോട് വിളിച്ച് പറയുന്നു.
മുൻപ് 2017ൽ ചൈന-ഭൂട്ടാൻ അതിർത്തിയിലെ ഡോക് ലം ഭാഗത്ത് ഇന്ത്യ- ചൈന സൈനികർ തമ്മിൽ നടന്ന തർക്കത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധം ചൈനയെ അമ്പരപ്പിച്ചു. അവരുടെ മേൽക്കോയ്മയ്ക്ക് നേരെയുള്ള വ്യക്തമായ കടന്നുകയറ്റമായാണ് ചൈന ഇതിനെ കണ്ടത്. ഡോക് ലം സംഭവം സമാധാനപരമായി പര്യവസാനിച്ചെങ്കിലും ചൈന, അതിർത്തിയിൽ നടത്തുന്ന ഇന്ത്യൻ നീക്കങ്ങളോടുള്ള അതിജാഗ്രത ഇതിലൂടെ പുറത്തുവന്നു. ചൈന-ഇന്ത്യ നിയന്ത്രണ രേഖയിലെ കടന്നുകയറ്രം ഈ ജാഗ്രതയുടെ ആധിക്യം തുറന്ന് കാട്ടുന്നു.
ഇന്ത്യ-ചൈന അതിർത്തി തർക്കം പ്രധാനമായും മൂന്ന് മേഖലകളിലാണ്. 90000 ചതുരശ്ര കിലോമീറ്റർ വരുന്ന കിഴക്കൻ മേഖല. ഇത് അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ഭാഗമാണ്. ഇവിടം ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ലഡാക്കിനോടും അക്സൈ ചിൻ മേഖലകളും ചേർന്ന പടിഞ്ഞാറൻ മേഖലയാണ് മറ്റൊന്ന്. ത്സിൻ ജിയാങ് ജില്ലയോട് ചേർന്ന ഇവിടം 33000 ചതുരശ്ര കിലോമീറ്റർ വിസ്തീർണം വരും. ഈ ഭാഗം ചൈനയുടെ നിയന്ത്രണത്തിലാണ്. നേപ്പാളിനോട് ചേർന്ന 2000 ചതുരശ്ര കിലോമീറ്റർ വരുന്ന മധ്യ സെക്ടറാണ് മൂന്നാമത്.
ഇന്ത്യ- ചൈന അന്താരാഷ്ട്ര നിയന്ത്രണ രേഖയാണ് 1962ലെ യുദ്ധശേഷം ഇരു രാജ്യങ്ങളും അതിർത്തിയായി കണക്കാക്കുന്നത്. എന്നാൽ ഇവിടെ 13 ഓളം സ്ഥലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ തർക്കവുമുണ്ട്. ഇവിടെ വിവിധയിടങ്ങളിൽ ഇപ്പോൾ ചൈന സമ്മർദ്ദം ചെലുത്തുന്നു. ഏതാണ്ട് 5000 സൈനികരെ ചൈന ഇവിടെ നിയമിച്ചിട്ടുണ്ട് എന്നും കണക്കാക്കുന്നു. മൂന്നോളം ഇടങ്ങളിൽ ചൈന അതിർത്തി മറികടന്നിട്ടുണ്ട്.
നിലവിൽ ചൈനയുടെ മുഖ്യ ശത്രു ഒരിക്കലും ഇന്ത്യയല്ല. അത് അമേരിക്കയാണ്. വ്യാപാരപരമായതും കൊവിഡ് രോഗ വ്യാപന കാരണത്താലും ഇരു രാജ്യങ്ങളുടെയും ബന്ധം മോശമാണ്. രണ്ടാമത് പ്രാധാന്യം മാത്രമാണ് ചൈനക്ക് ഇന്ത്യയുമായുള്ളത്. ഇവിടെ അതിർത്തിയിൽ സ്ഥിരത വരുത്തിയാൽ ചൈനക്ക് തായ് വാൻ, പടിഞ്ഞാറൻ പസഫിക്ക് മേഖലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാകും. അതിനായി സൈനിക ശക്തി വിപുലീകരണത്തിലൂടെ മറ്റൊരു യുദ്ധ സാധ്യത ഇവിടെ ഒഴിവാക്കാനാകും ചൈന ശ്രമിക്കുക എന്ന് വിദേശ മാധ്യമങ്ങൾ കരുതുന്നു.
1962 ലെ ഇന്ത്യ-ചൈന യുദ്ധ ശേഷം അന്താരാഷ്ട്ര നിയന്ത്രണ രേഖയോട് ചേർന്ന ഇന്ത്യൻ ഭാഗങ്ങൾ ശക്തിപ്പെടുത്താൻ വിവിധ ശ്രമങ്ങൾ ഇന്ത്യ നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഇവിടെയുള്ള സൈനിക കേന്ദ്രത്തിലേക്കുള്ള റോഡ് പണി പൂർത്തീകരിക്കുന്ന ഘട്ടം എത്തിയിരിക്കുകയാണിപ്പോൾ. മുൻപുള്ളതിനെക്കാൾ 40 ശതമാനം യാത്രാസമയം കുറക്കാൻ ഈ റോഡ് പണിക്കായി. ഇവിടേക്കുള്ള ചെറു റോഡുകളുടെ പണി 2022ഓടെ പൂർത്തിയാകും. ഇത് ചൈനക്ക് സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. കോവിഡാനന്തരം ചൈന ഇവിടങ്ങളിൽ ഇന്ത്യയോട് നിലപാട് കടുപ്പിക്കാൻ സാധ്യത കുറവല്ല.