പുൽവാമ: ജമ്മുകാശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ അനന്തരവൻ ഇസ്‌മയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്നലെ രാവിലെ പുൽവാമയിലെ കങ്കൻ പ്രദേശത്ത് മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിൽ ഒരാൾ ഇസ്മയിൽ അല്‍വി എന്നറിയപ്പെടുന്ന ഫൗജിഭായി ആണെന്നാണ് വിവരം. ജെയ്‌ഷെ വിഭാഗത്തിന്റെ സ്‌ഫോടന വിദഗ്ധനാണ് ഇയാൾ.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. കീഴടങ്ങാൻ ആവശ്യപ്പെട്ട സൈന്യത്തിന് നേരെ സംഘം വെടിയുതിർക്കുകയായിരുന്നു.
2019ൽ പുൽവാമയിൽ സി.ആർ.പി.എഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ബോംബുകൾ നിർമിച്ച് നൽകിയത് ഇസ്മായിൽ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. . കഴിഞ്ഞയാഴ്ച പുൽവാമയിൽ സൈന്യം തകർത്ത ചാവേർ ഭീകരാക്രമണ പദ്ധതിക്ക് പിന്നിലും ഇസ്മായിലാണെന്നാണ് റിപ്പോർട്ടുകൾ.