covid-death

ശ്രീനഗർ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ കുടുംബാംഗങ്ങൾക്ക് നേരെ പ്രദേശവാസികളുടെ ആക്രമണം. മർദ്ദനത്തെ തുടർന്ന് പാതി കത്തിയ മൃതദേഹവുമായി കുടുംബം ഓടി രക്ഷപ്പെട്ടു. പിന്നീട്, അധികൃതർ ഇടപെട്ട് മറ്റൊരിടത്ത് സംസ്‌കാരം നടത്തി.

ജമ്മുവിൽ കൊവിഡ് ബാധിച്ച് മരിച്ച നാലാമത്തെയാൾ, ദോഡ സ്വദേശിയായ 72കാരന്റെ കുടുംബത്തിനാണ് ഈ ദുര്യോഗം.

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും സഹായത്തോടെ ദൊമാനയിലുള്ള ശ്‌മശാനത്തിൽ ചിതയൊരുക്കി. കത്തിത്തുടങ്ങിയപ്പോഴേക്കും നാട്ടുകാർ സംഘടിതരായി വന്ന് ആക്രമിക്കുകയായിരുന്നു. പരേതന്റെ ഭാര്യയും രണ്ടുമക്കളും ഏതാനും ബന്ധുക്കളും മാത്രമേ സംസ്കാരത്തിൽ പങ്കെടുത്തുള്ളൂ.

കല്ലും വടികളുമായി വന്ന അക്രമികളിൽ നിന്നു രക്ഷനേടാൻ പാതി കത്തിയ മൃതദേഹം തിരിച്ചെടുത്ത് ആംബുലൻസിൽ കയറ്റി രക്ഷപ്പെടേണ്ടിവന്നെന്ന് മകൻ പറഞ്ഞു. പൊലീസുകാർ ഉണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല. കൂടെ വന്ന ഉദ്യോഗസ്ഥരും മുങ്ങി. എന്നാൽ, ആരോഗ്യപ്രവർത്തകരും ആംബുലൻസ് ഡ്രൈവറും ആത്മാർത്ഥമായി സഹകരിച്ചു.

പിന്നീട് കനത്ത സുരക്ഷയിൽ, ഭഗവതി നഗറിലുള്ള ശ്മശാനത്തിൽ മുതിർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സംസ്കാരം നടത്തി.

'സ്വന്തം ജില്ലയായ ദോഡയിലേക്കു മൃതദേഹം കൊണ്ടുപോകാൻ അനുമതി തേടിയെങ്കിലും ഇവിടെത്തന്നെ സംസ്കരിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായ സാഹചര്യത്തിൽ മുൻ കരുതലെടുക്കേണ്ടതായിരുന്നു"-

- പരേതന്റെ മകൻ