തിരുവനന്തപുരം/പത്തനംതിട്ട: വിരമിക്കുന്നതിന് തൊട്ടു മുൻപ് മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഹെലികോപ്ടറിലെത്തി നൽകിയ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച പമ്പയിലെ മണലെടുപ്പ് വനം വകുപ്പ് ഇടപെട്ട് നിറുത്തിവയ്പിച്ചു. മണൽ പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്ന വനംവകുപ്പ് സെക്രട്ടറി ആശ തോമസിന്റെ ഉത്തരവിനെ തുടർന്നാണിത്.
ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ മുൻപ് ശേഖരിച്ച മണൽ മാത്രം ഇനി നീക്കം ചെയ്യാം. ഇതിന്റെ വില പിന്നീട് നിശ്ചയിക്കും.
മണൽ കടത്താൻ അനുവദിക്കില്ലെന്ന് വനം മന്ത്രി കെ.രാജുവും ഇന്നലെ പറഞ്ഞു. മണൽ നീക്കം ചെയ്യാൻ കേന്ദ്രാനുമതി ആവശ്യമാണ്. മുഖ്യമന്ത്രിയുമായി വിഷയം ചർച്ചചെയ്തിട്ടില്ലെന്നും പറഞ്ഞു.
കണ്ണൂരിലെ പൊതുമേഖലാ സ്ഥാപനമായ ക്ളെയ്സ് ആൻഡ് സെറാമിക്സ് പ്രോഡക്ടിനായിരുന്നു മണൽ വാരാനുള്ള കരാർ. ഇവർ 11 ലോഡ് മണൽ എരുമേലിയിലെത്തിക്കുകയും ചെയ്തു. പക്ഷേ നദിയിലെ മണൽ പുറത്തേക്ക് കൊണ്ടുപോകണമെങ്കിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി വനപാലകർ തടഞ്ഞു.
മണൽ വാരാൻ രണ്ട് വർഷം മുമ്പെടുത്ത തീരുമാനം നടപ്പാക്കാത്തതിന് പമ്പയിൽ ചേർന്ന യോഗത്തിൽ വച്ച് ജില്ലാ കളക്ടർ പി.ബി. നൂഹിനെ ടോം ജോസ് ശാസിച്ചിരുന്നു. യോഗം ചേരുന്നത് മന്ത്രി കെ. രാജുവിനെ അറിയിച്ചിരുന്നില്ല.
ചീഫ് സെക്രട്ടറി വിരമിക്കുന്നതിന് തൊട്ടുമുമ്പ് മണൽ വാരാൻ അനുമതി കൊടുത്തതിന് പിന്നിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചതോടെയാണ് നടപടി വിവാദത്തിലായത്.
ഒൗദ്യോഗിക വിശദീകരണം
2018ലെ പ്രളയത്തിൽ പമ്പയുടെ അടിത്തട്ട് ഉയർന്നതിനാൽ ഇത്തവണ വെള്ളപ്പൊക്കമുണ്ടാകാതിരിക്കാൻ നദിയിലെ കെട്ടിട അവശിഷ്ടങ്ങൾ, മണൽ, മണ്ണ്, കളിമണ്ണ്, പ്ലാസ്റ്റിക് അവശിഷ്ടം എന്നിവ നീക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് മണൽ വാരാൻ അനുമതി നൽകിയത്.
വനഭൂമി, പക്ഷേ ഉത്തരവ്
ദേവസ്വം സെക്രട്ടറിയുടേത്
പമ്പാ നദിയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കേരള ക്ലേയ്സിനെ ചുമതലപ്പെടുത്തി ദേവസ്വം സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. എന്നാൽ ദേവസ്വത്തിന്റെ പരിധിയിൽ വരുന്നതല്ല മണൽ അടിഞ്ഞുകൂടിയ ഭൂരിഭാഗം തീരവും. പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെടുന്ന വനഭൂമിയാണ്. അതിനാൽ, ദേവസ്വം സെക്രട്ടറിക്ക് ഉത്തരവിറക്കാൻ അധികാരമുണ്ടോയെന്ന ചോദ്യം അവശേഷിക്കുന്നു.
അതേസമയം, പത്തനംതിട്ട കളക്ടർ പിന്നീടിറക്കിയ ഉത്തരവിൽ എക്കൽ, ചെളി അടക്കമുള്ള അവശിഷ്ടങ്ങൾ നീക്കണമെന്ന് മാത്രമാണുള്ളത്. നിലയ്ക്കൽ, സമീപസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് അവശിഷ്ടം മാറ്റാമെന്നിരിക്കെ മണൽ നീക്കുന്നത് കോട്ടയം ജില്ലയിലെ എരുമേലിയിലേക്കാണ്. അവശിഷ്ടങ്ങളുടെ മറവിൽ കോടികൾ വിലമതിക്കുന്ന മണൽ കടത്തുന്നെന്ന ആരോപണം ഉയർന്നത് ഈ സാഹചര്യത്തിലാണ്.
പമ്പയിൽ നിന്ന് രണ്ട് വർഷം മുമ്പ് വാരിക്കൂട്ടിയ മണൽ കൊണ്ടുപോകുന്നതിന് തടസമില്ല. ഇനി വാരാൻ അനുവദിക്കില്ല. വാരിയ മണൽ നദിക്കരയിലോ സമീപത്തോ ഇടണം.
മന്ത്രി കെ. രാജു
മണൽ നീക്കുന്നത് പ്രളയ പ്രതിരോധത്തിന്: ചീഫ് സെക്രട്ടറി
തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ടോംജോസും ഡി.ജി.പി ലോക്‌നാഥ് ബെഹ്റയും ഹെലികോപ്ടറിൽ പമ്പ യാത്ര നടത്തിയതിൽ അഴിമതിയെന്ന ആരോപണം തള്ളി ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത. ടോം ജോസിനും ഡി.ജി.പിക്കുമൊപ്പം പമ്പയിൽ താനും പോയിരുന്നു. പ്രളയത്തെ പ്രതിരോധിക്കാനായാണ് മണൽ നീക്കം ചെയ്യുന്നത്. രണ്ട് വർഷം മുമ്പെടുത്ത തീരുമാനം ഉദ്യോഗസ്ഥർ നടപ്പാക്കാത്തതിനാലാണ് നേരിട്ട് പോയത്. കളക്ടറെയും എസ്.പിയെയും ശാസിക്കുകയും ചെയ്തു. വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും മണൽ നീക്കൽ നടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.