തിരുവനന്തപുരം: പഠനം എപ്പോഴും ക്ലാസ് മുറികളിൽ തന്നെ നടക്കുന്നതാണ് നല്ലതെന്നും പ്രത്യേകിച്ചും കൊച്ചുകുട്ടികൾക്ക് അതാണ് അഭികാമ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാനാവാത്ത സാഹചര്യമുള്ളതിനാലാണ് വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകൾക്കുള്ള പദ്ധതി തയ്യാറാക്കിതെന്നും ഓൺലൈൻ പഠനം ആരംഭിച്ചപ്പോൾ അതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഇതാദ്യമായാണ് ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത്. 41 ലക്ഷം കുട്ടികളെയും ഓൺലൈൻ ക്ലാസിൽ പങ്കെടുപ്പിക്കാനുള്ള വലിയ ഉത്തരവാദിത്തമായിരുന്നു. ഈ തീരുമാനം എടുത്തപ്പോൾ തന്നെ എത്ര കുട്ടികൾക്ക് ഇത് സാദ്ധ്യമാകുമെന്നും പരിശോധിച്ചിരുന്നു. 2.61 ലക്ഷം (2,61,784) കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമില്ലെന്ന് കണ്ടെത്തി. ചില കുട്ടികൾക്ക് വീട്ടിൽ ടിവിയും സ്മാർട്ട്ഫോണും ഉണ്ടാകില്ല. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി. ' മുഖ്യമന്ത്രി വിശദീകരിച്ചു.
സർക്കാരിനെ സംബന്ധിച്ച് ഈ കുട്ടികളെയും ഓൺലൈൻ സംവിധാനത്തിനൊപ്പം ചേർത്ത് നിർത്തേണ്ടവരാണെന്നും ഇവർക്കും പഠന സാധ്യമാക്കാമെന്ന ഉറപ്പ് സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ് ലഭിക്കാത്ത കുട്ടികൾക്ക് ഇത് ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും എല്ലാ നേതൃത്വത്തിൽ വിവിധ പരിശ്രമങ്ങൾ നടക്കുന്നു. എല്ലാ എംഎൽഎമാരുടെയും പിന്തുണ ഇക്കാര്യത്തിൽ തേടിയിരുന്നു. ഭരണ പ്രതിപക്ഷ ഭേദ്യമില്ലാതെ എല്ലാവരും ഇതിനായി ശ്രദ്ധിച്ചു. അദ്ദേഹം പറഞ്ഞു.
'ദേവികയുടെ മരണം ഏറെ ദുഖകരമാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഓൺലൈൻ ക്ലാസ് ലഭിക്കാത്തതിനാൽ കുട്ടിക്ക് വിഷമം ഉണ്ടായിരുന്നുവെന്ന് അച്ഛൻ പറഞ്ഞ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ട്. ദേവിക പഠിച്ച സ്കൂളിൽ 25 പേർക്ക് ഇന്റർനെറ്റ് ടിവി സൗകര്യമില്ലെന്ന് കണ്ടെത്തി. ക്ലാസ് അധ്യാപകൻ കുട്ടിയെ വിളിച്ച് സംസാരിച്ച് പരിഹരിക്കാമെന്ന് അറിയിച്ചിരുന്നു. ഇരുമ്പലീയം പഞ്ചായത്ത് യോഗത്തിൽ എല്ലാ വാർഡിലും കുട്ടികളുടെ പ്രശ്നം പരിഹരിക്കാൻ പരിപാടി തയ്യാറാക്കി.' മലപ്പുറം വളാഞ്ചേരിയിൽ ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാനാകത്തതിന്റെ മനോവിഷമത്താൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി ദേവികയുടെ വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോൾ ടിവിയോ മൊബൈൽ ഫോണോ ഇല്ലെന്ന പേരിൽ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ല. രണ്ടാഴ്ച ട്രയലായി പ്രദർശിപ്പിക്കുന്ന പാഠഭാഗങ്ങൾ പുനസംപ്രേഷണം ചെയ്യും. ഇടുക്കി ജില്ലയിലെ കണ്ണമ്പടി, ഇടമലക്കുടി എന്നിവിടങ്ങളിൽ ഓഫ് ലൈൻ പഠന സൗകര്യം ലഭ്യമാക്കും. മറ്റ് പിന്നാക്ക കേന്ദ്രങ്ങളിലും ഇതേ പഠന സൗകര്യം ലഭ്യമാക്കും. ടിവി കമ്പ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങൾ ലഭ്യമാക്കാൻ സമഗ്ര ശിക്ഷ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരികയാണ് പ്രധാനം. ഈ പരിപാടി കുട്ടികളുടെ മാനസിക വളർച്ചയ്ക്കും അനിവാര്യമാണ്. ഈ ലക്ഷ്യം പൂർണ്ണമായി ഉൾക്കൊള്ളാതെ ചില വിമർശനം ഉയരുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.