pinarayi-vijayan

തിരുവനന്തപുരം: വിദേശത്തുനിന്നും ഒരു വിമാനവും വരേണ്ടായെന്ന് കേരളം പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തേക്കുള്ള പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ വാദത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രം ആവശ്യപ്പെട്ട എല്ലാ വിമാനങ്ങൾക്കും സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

ജൂണിൽ ഒരു ദിവസം 12 വിമാനങ്ങൾ വരുമെന്ന് പറഞ്ഞിട്ടുപോലും കേരളം അതിനോട് സമ്മതം മൂളിയിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉദ്ദേശിച്ച രീതിയിൽ വിമാനം എത്തിക്കാൻ കേന്ദ്രത്തിനാണ് കഴിയാതെ പോയത്. ഇനിയും സംസ്ഥാനത്തേക്ക് 324 വിമാനങ്ങൾ എത്താനുണ്ട്. ഇവയ്‌ക്കെല്ലാം വേണ്ട ക്രമീകരണങ്ങൾ കേന്ദ്രം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'വന്ദേഭാരത് ഭാഗമായി വിമാനങ്ങള്‍ വരുന്നതിന് കേരളം ഒരു നിബന്ധനകളൊന്നും. ഒരു വിമാനത്തിന്‍റെയും അനുമതി സംസ്ഥാന സർക്കാർ നിഷേധിച്ചിട്ടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും അനുമതി നല്‍കാന്‍ കേരളം തയ്യാറാണ്. എന്നാല്‍ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കി ചാര്‍ച്ചേഡ് ഫ്ലൈറ്റില്‍ കൊണ്ടുവന്നാല്‍ സര്‍ക്കാര്‍ നിബന്ധനകള്‍ ബാധകമായിരിക്കും'മുഖ്യമന്ത്രി പറഞ്ഞു.