t20-world-cup

ക്രൈസ്റ്റ് ചർച്ച്: വരുന്ന ഒക്ടോബർ - നവംബർ മാസങ്ങളിൽ ആസ്ട്രേലിയയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ട്വന്റി-20 ലോകകപ്പ് കൊവിഡ് പശ്ചാത്തലത്തിൽ ന്യൂസിലൻഡിലേക്ക് മാറ്രണമെന്ന ആവശ്യം ശക്തമാകുന്നു. മുൻ ഓസീസ് താരവും കമന്റേറ്ററുമായ ഡീൻ ജോൺസാണ് ഈ അഭിപ്രായം ഉയർത്തിയവരിൽ പ്രമുഖൻ.

നിലവിൽ കൊവിഡിനെ നിയന്ത്രിക്കുന്നതിൽ ന്യൂസിലൻഡ് സ‌ർക്കാർ വിജയിച്ചതും രാജ്യം സാധാരണ അവസ്ഥയിലേക്ക് വരുന്നതും ചൂണ്ടിക്കാട്ടിയാണ് ഡീൻജോൺസ് ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയത്. സ്റ്രേഡിയങ്ങൾ ഉൾപ്പെടെ തുറക്കാമെന്നും മത്സരങ്ങൾ നടത്തുന്നതിൽ കുഴപ്പമില്ലെന്നുമുള്ള തരത്തിൽ കഴിഞ്ഞ ദിവസം ന്യൂസിലൻഡ് പ്രധാന മന്ത്രി ജസിന്ത ആ‌ർഡേൻ അഭിപ്രായപ്പെട്ടിരുന്നു.

ഇന്റർ നാഷണൽക്രിക്കറ്ര് കൗൺസിൽ ഇതിനേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജൂൺ 10ന് നടക്കുന്ന ബോർഡ് മീറ്രിംഗിലെ ട്വന്റി-20 ലോകകപ്പ് സംബന്ധിച്ച തീരുമാനമുണ്ടാകൂ. ഒക്ടോബർ 18 മുതൽ നവംബർ 15വരെ ടൂർണമെന്റ് നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത് എന്നാൽ കൊവിഡിന്റെ ലോക വ്യാപനം എല്ലാം താളം തെറ്രിക്കുകയായിരുന്നു. പല സാദ്ധ്യതകളും തേടിയെങ്കിലും ലോകകപ്പ് ഈവർഷം ആസ്ട്രേലിയയിൽ നടന്നേക്കില്ലെന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. 2022ലേക്ക് ടൂർണമെന്റ് മാറ്രിവയ്ക്കാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

കൊവിഡിനെ കൂട്ടിലാക്കി കിവീസ്

കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ ന്യൂസിലൻഡിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ഒരു കൊവിഡ് രോഗി മാത്രമേ രാജ്യത്തുള്ളൂ. മേയ് 6ന് ശേഷം ഒരു കാെവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രധാന മന്ത്രി ജസിന്ത ആർഡേണിന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് കൊ‌വിഡിനെ കിവീസ് പിടിച്ചു കെട്ടിയത്. വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഫെബ്രുവരി 26നാണ് രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 19ന് രാജ്യാതിർത്തികൾ അടച്ചു.

മാർച്ച് 26 മുതൽ രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തി. കേസുകളില്ലാത്ത പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നിബന്ധനകൾ പിൻവലിക്കാനുള്ള ഒരുക്കത്തിലാണ് ന്യൂസിലൻഡ്.

അടുത്തയാഴ്ചമുതൽ സാമൂഹ്യ അകലം പാലിക്കുന്നതും കൂട്ടംകൂടുന്നതിലുള്ള വിലക്കും ന്യൂസിലൻഡ് നീക്കിയേക്കുമെന്നാണ് റിപ്പോർട്ട്.

നഷ്ടം ബി.സി.സി.ഐക്ക്

ട്വന്റി-20 ലോകകപ്പ് ന്യൂസിലാൻഡിലേക്ക് മാറ്റിയാൽ നഷ്ടമുണ്ടാവുക ബി.സി.സി.ഐക്കാണ്. ഇൗ വർഷത്തെ ലോകകപ്പ് മാറ്റിവച്ചാൽ ആ സമയത്ത് ഐ.പി.എൽ നടത്താനിരിക്കുകയാണ് ബി.സി.സി.ഐ. കഴിഞ്ഞമാസത്തെ ഐ.സി.സിയോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ 2021 ൽ ഇന്ത്യയിൽ നടക്കാനുള്ള ട്വന്റി-20 ലോകകപ്പിന് നികുതി ഇളവ് സർക്കാരിൽ നിന്ന് ബി.സി.സി.ഐ വാങ്ങിയെടുക്കാത്ത വിഷയത്തിലെ തർക്കം കാരണം തീരുമാനമെടുക്കുന്നത് ഇൗ മാസം പത്തിലേക്ക് മാറ്റുകയായിരുന്നു.