ബീഫിനോട് താത്പര്യം കൂടുതലുള്ളവരാണ് മലയാളികൾ. മാംസാഹാരങ്ങളുടെ കൂട്ടത്തിൽ മലയാളികളുടെ മനസിൽ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട് ബീഫിന്. കേരളത്തിൽ മാത്രമല്ല, ലോകത്തിലെ മിക്ക രാജ്യങ്ങളും ബീഫ് വൻതോതിൽ ഭക്ഷണമാക്കുന്നുണ്ട് എന്നതും വസ്തുതയാണ്. എന്നാൽ ബീഫ് രുചിയോടെ കഴിക്കുന്നവർ അത് നമ്മുടെ ഭൂമിക്ക് അത്ര നല്ലതല്ല എന്ന കാര്യം പലപ്പോഴും മനസിലാക്കാറില്ല എന്നതാണ് സത്യം.
ബീഫ് പോലുള്ള മാംസാഹാരം ആഗോളതാപനത്തിന് ആക്കം കൂട്ടും എന്നതാണ് അതിനുള്ള കാരണം. കന്നുകാലികളുടെ ശരീരത്തിൽ നിന്നും പുറത്തുവരുന്ന വാതകങ്ങൾ നമ്മുടെ പ്രകൃതിക്ക് അങ്ങേയറ്റം ദോഷകരമാണ്. കന്നുകാലികൾ ഏറ്റവും കൂടുതലായി അകത്താക്കുന്നത് കൂടുതലും പുല്ലും മറ്റ് ജീവികൾക്ക് പെട്ടെന്ന് ദഹിക്കാത്ത സസ്യ വർഗങ്ങളുമാണ്. ഈ മൃഗങ്ങളുടെ ആമാശയങ്ങളിലുള്ള ജൈവാണുക്കളാണ് ഈ ഭക്ഷണത്തിന്റെ ദഹനം സുഗമമാക്കാൻ കാരണം.
എന്നാൽ ഇത് ദഹിക്കുമ്പോൾ ഉള്ളതിൽ ഏറ്റവും അപകടകാരിയായ മീഥേൻ എന്ന ഹരിതഗൃഹ വാതകം വൻതോതിലാണ് ഇവയുടെ ശരീരത്തിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുക. കാർബൺഡയോക്‌സൈഡ് കഴിഞ്ഞാൽ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി ഉള്ളത് മീഥേൻ ആണ്. ഏമ്പക്കം, അധോവായു എന്നിവയിലൂടെ ഈ വാതകം പുറത്തുവരികയും അന്തരീക്ഷത്തിൽ അലിഞ്ഞുചേരുകയും ചെയ്യും.
കാർബൺഡയോക്‌സൈഡിനെക്കാൾ ചൂട് വലിയ തോതിൽ പിടിച്ചുവയ്ക്കാൻ സാധിക്കുന്ന മീഥേൻ ആഗോളതാപനത്തിന് വലിയ നിലയിൽ ആക്കം കൂട്ടുകയും ചെയ്യും. മാത്രമല്ല വൻതോതിലുള്ള കന്നുകാലി മേയ്ക്കൽ മിക്കപ്പോഴും നമ്മുടെ പച്ചപ്പിനും ഭീഷണിയായി മാറാറുണ്ട്. ചുരുക്കത്തിൽ ലോകത്തിൽ വലിയ അളവിൽ ആഹാരത്തിനായി മാംസം ഉത്പാദിക്കപ്പെടുമ്പോൾ നമ്മുടെ ഭൂമിയാണ് അതിന്റെ ഭാരം തങ്ങേണ്ടി വരിക എന്ന് സാരം.