sun

ലണ്ടൻ: കൊവിഡ് കാലത്ത് മൂന്നാഴ്ചത്തെ സൈനിക സേവനത്തിന് ശേഷം ഇംഗ്ലീഷ് ക്ലബ് ടോട്ടൻ ഹാം ഹോ‌ട്സ്പറിന്റെ ദക്ഷിണ കൊറിയൻ പ്ലേമേക്കർ സൺ ഹ്യൂ മിൻ കളിക്കളത്തിലെ പുതിയ മിഷന് ബൂട്ട് കെട്ടുന്നു. മൂന്നാഴ്ച നീണ്ട കഠിനമേറിയ വെല്ലുവിളി താൻ നന്നായി ആസ്വദിച്ചതായി സൺ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇൗ മാസം പുനരാരംഭിക്കുന്ന ഇംഗ്ലീഷ് പ്രിമിയ‌ർ ലീഗിൽ പങ്കെടുക്കാനൊരുങ്ങുകയാണ് സൺ.

ദക്ഷിണ കൊറിയയിലെ പൂർണ ആരോഗ്യവാൻമാരായ എല്ലാ പുരുഷൻമാരും രണ്ട് വർഷം നിർബന്ധിത സൈനിക സേവനം നടത്തണമെന്നാണ് നിയമം. എന്നാൽ 2018ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ദേശീയ ഫുട്ബാൾ ടീമംഗങ്ങൾക്ക് ദക്ഷിണ കൊറിയ നിർബന്ധിത സൈനിക സേവനത്തിൽ ഇളവ് അനുവദിച്ചിരുന്നു. എന്നാലും മൂന്നാഴ്ച അടിസ്ഥാന പരിശീലനവും 500 മണിക്കൂർ സാമൂഹിക സേവനവും ചെയ്യണമായിരുന്നു.

കൊവിഡ് വ്യാപനത്താൽ ഇംഗ്ലീഷ് പ്രിമിയ‌ർ ലീഗ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ നിറുത്തി വച്ചതിനാൽ 27കാരനായ സൺ നാട്ടിലെത്തി പട്ടാളക്യാമ്പിൽ ചേരുകയായിരുന്നു.ജെജുവിലാണ് സൺ സൈനിക സേവനം നടത്തിയതെന്നാണ് വിവരം. ഫെബ്രുവരിയിൽ ആസ്റ്റൺ വില്ലക്കെതിരായ മത്സരത്തിനിടെ കൈയുടെ എല്ല് പൊട്ടിയതിനാൽ സൺ തുടർന്നുള്ള മത്സരങ്ങളിൽ ടോട്ടനത്തിനായി കളിച്ചിരുന്നില്ല.

വളരെ നല്ല അനുഭവമായിരുന്നു പട്ടാള ക്യാമ്പിൽ. അവിടത്തെ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ല. പക്ഷേ ഞാൻ എല്ലാം നന്നായി ആസ്വദിച്ചു. കൂടെയുണ്ടായിരുന്ന എല്ലാവരും വളരെ നല്ലവരായിരുന്നു.മൂന്നാഴ്ചയും കഠിനമായിരുന്നു. പക്ഷേ എല്ലാം നന്നായി ആസ്വദിക്കാനായി. ആദ്യ ദിനം എല്ലാവർക്കും അപരിചിതത്വത്തിന്റെ ചെറിയ പ്രശ്നമുണ്ടായിരുന്നു. പിന്നീട് അതെല്ലാം വേഗത്തിൽ മാറി. എല്ലാവരും നല്ലകൂട്ടുകാരായി. ഞങ്ങൾ പത്ത് പേരായിരുന്നു ഒരു മുറിയിൽ. എല്ലാവരും എപ്പോഴും ഒന്നിച്ചായിരുന്നു. പരസ്പരം മനസിലാക്കി.സഹായിച്ചു,​കൂടുതൽ അടുത്തു. ആ സമയങ്ങൾ വളരെ മനോഹരമായിരുന്നു. എന്റെ പരിക്കുകളെല്ലാം ഭേദമായിക്കഴിഞ്ഞു. കളിക്കളത്തിലിറങ്ങാൻ കാത്തിരിക്കുകയാണ്.

സൺ