prithvi
photo

കൊച്ചി/ മലപ്പുറം: കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചതിന് പിന്നാലെ താരത്തിനും സംഘത്തിനുമൊപ്പം ജോർദാനിൽ നിന്നു മടങ്ങിയെത്തിയ മലപ്പുറം ജില്ലക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 55കാരനാണ് രോഗം. പരിഭാഷകനായാണ് സിനിമാസംഘത്തോടൊപ്പം പ്രവർത്തിച്ചത്.

കഴിഞ്ഞ 22നാണ് ജോർദാനിൽ നിന്ന് ' ആടു ജീവിതം ' സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി ഡൽഹി വഴി പ്രിഥ്വിരാജ് , സംവിധായകൻ ബ്ലസി എന്നിവരടക്കം 58 പേർ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലിറങ്ങിയത്. തുടർന്ന് മലപ്പുറംകാരൻ 30 വരെ എടപ്പാളിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. 30ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയ ശേഷം വെട്ടിക്കാട്ടിരിയിലെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വിമാനത്തിൽ മറ്റ് സിനിമാ സംഘാംഗങ്ങളെല്ലാം അടുത്തടുത്തായിരുന്നെങ്കിലും സീറ്റിംഗ് അറേഞ്ച്മെന്റിൽ ഡൽഹിയിലേക്കുള്ള യാത്രക്കാരോടൊപ്പമായിരുന്നു ഇദ്ദേഹം ഇരുന്നത്. അവരിൽ നിന്നാകാം രോഗം പകർന്നതെന്ന് കരുതുന്നു.

അതേസമയം, രണ്ടുദിവസം മുമ്പ് നടത്തിയ പരിശോധനാ ഫലം നെഗറ്റീവായെങ്കിലും 14 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയാക്കി ഇന്ന് കുടുംബത്തിനൊപ്പം ചേരുമെന്നാണ് പൃഥ്വിരാജ് ഇന്നലെ വ്യക്തമാക്കിയത്.

ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദാനിലെത്തിയ 58 അംഗ സംഘം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നു. ഫോർട്ടുകൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ. ശേഷം കൊച്ചിയിലെ ചോയ്സ് മറൈൻ ഫ്ലാറ്റ് സമുച്ചയത്തിലെ അപ്പാർട്ട്മെന്റിൽ ഹോം ക്വാറന്റൈനും. ബ്ളെസി തിരുവല്ലയിലെ സ്വന്തം വീട്ടിലാണ്. ക്വാറന്റൈനിലും തന്റെ വിശേഷങ്ങൾ പൃഥ്വിരാജ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഭർത്താവിന് നൽകാൻ പൃഥ്വിയുടെ ഭാര്യ സുപ്രിയ ഇഷ്ടമുള്ള മധുരപലഹാരം വാങ്ങി സൂക്ഷിച്ചതും വാർത്തയായി.