കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഒരാൾ പൊലീസ് പിടിയിൽ. ഇവരുടെ വീടുമായി ബന്ധമുള്ള കുമരകം സ്വദേശിയാണ് പിടിയിലായത്. ഇപ്പോൾ പിടിയിലായ ഇയാൾ തന്നെയാണ് കേസിലെ മുഖ്യപ്രതിയെന്നും വീട്ടമ്മയുടെ കൊലനടത്തിയതെന്നും പൊലീസ് പറയുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുകഴിഞ്ഞാൽ മാത്രമേ കൊലപാതകവുമായി കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ.
കൊലപാതകം നടത്തിയ ശേഷം കാറുമായി കടന്നത് ഇയാളായിരുന്നുവെന്നും ഇയാൾക്ക് വീട്ടുകാരുമായി അടുപ്പം ഉണ്ടായിരുന്നതായും പൊലീസ് പറയുന്നുണ്ട്. ഇയാൾക്ക് പുറമെ ഏഴു പേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. ആലപ്പുഴ - കോട്ടയം ജില്ലാ അതിര്‍ത്തിയിലെ പെട്രോള്‍ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് വിവരം.
ചൊവ്വാഴ്ച മുതല്‍ ഇയാള്‍ പോലീസിന്റെ നിരീക്ഷണ വലയത്തില്‍ ഉണ്ടായിരുന്നു. കൊലയ്ക്ക് പിന്നില്‍ കവര്‍ച്ച മാത്രമല്ല എന്ന സൂചന പൊലീസ് നേരത്തെതന്നെ നല്‍കിയിരുന്നു. കൃത്യമായ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
അന്വേഷണത്തിനിടെ ചിട്ടിക്കമ്പനി ഉടമകളും പലിശയ്ക്ക് പണം കൊടുക്കുന്നവരും അടക്കം എട്ടോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നുമാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കുടുംബത്തിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ അടക്കമുള്ളവ ഉണ്ടായിരുന്നുവോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
വ്യാഴാഴ്ച രാവിലെയോടെ കൃത്യമായ വിവരം ലഭിക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലിൽ 60 വയസുകാരി ഷീബയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.