ന്യൂഡൽഹി: പണം തട്ടിപ്പ് കേസിൽ കുടുങ്ങിയതിനെ തുടർന്ന് രാജ്യം വിട്ട ഇന്ത്യൻ വ്യവസായി വിജയ് മല്ല്യയെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരുന്നതായി സൂചന. ഇന്ന് രാത്രി അദ്ദേഹത്തെ മുംബയിലേക്ക് കൊണ്ടുവരുമെന്നാണ് പുറത്തുവരുന്ന വിവരം. 'ഇന്തോ ഏഷ്യൻ സർവീസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
മല്ല്യയുടെ യാത്ര സംബന്ധിച്ചുള്ള നടപടികളെല്ലാം പൂർത്തിയായിട്ടുണ്ടെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെയും സി.ബി.ഐയുടെയും ഉദ്യോഗസ്ഥർ ഇംഗ്ലണ്ടിൽ എത്തിയിട്ടുണ്ട്.
ഇവരോടൊപ്പമാണ് മല്ല്യ ഇന്ത്യയിലേക്ക് മടങ്ങുക എന്നാണ് വിവരം. എന്നാൽ ഇക്കാര്യം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയമോ സി.ബി.ഐയോ സ്ഥിരീകരണം നൽകിയിട്ടില്ല. തന്നെ ഇന്ത്യയിലേക്ക് വിട്ടുനൽകരുതെന്ന് കാട്ടി കഴിഞ്ഞ മെയ് 14ന് മല്ല്യ യു.കെ കോടതിക്ക് സമർപ്പിച്ച ഹർജി തള്ളിയിരുന്നു.
ഇന്ത്യയിലേക്ക് എത്തിച്ചാൽ മുംബയിലെ ആർതർ കോഡ് ജയിലിലാകും മല്ല്യയെ പാർപ്പിക്കുക. അധോലോകനായകർ, ഭീകരവാദികൾ എന്നിവരെ തടവിലിട്ടിരിക്കുന്ന ജയിലാണ് ആർതർ കോഡ്. മുംബയ് ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിനെ പാർപ്പിച്ചതും ഈ ജയിലിലാണ്.
ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്‍പയെടുത്ത് വഞ്ചിച്ചുവെന്നാണ് മല്ല്യയ്‍ക്കെതിരെ നിലവിലുള്ള കേസ്. പ്രവർത്തനം നിലച്ച കിംഗ്ഫിഷർ എയർലൈൻസിന്റെ ഉടമയും മുൻ എം.പിയുമാണ് വിജയ് മല്ല്യ.