ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള മഹാമാരികൾ, പ്രളയങ്ങൾ, വരൾച്ച, ഉഷ്ണക്കാറ്റ്, കൊടുംങ്കാറ്റുകൾ, കാട്ടുതീ, ഭക്ഷ്യസുരക്ഷാ ഭീഷണി ഇതൊക്കെ കണ്ട് ജനങ്ങൾ ആകെ ഭീതിയിലാണ്. എല്ലാറ്റിനും ഉത്തരം കാലാവസ്ഥാ വ്യതിയാനമാണെന്നു പറയുമ്പോഴും മനുഷ്യൻ പ്രകൃതിക്കേൽപ്പിച്ച ആഘാതങ്ങളാണ് ഇതിന്റെ പുറകിലെ യഥാർത്ഥ വില്ലൻ എന്നത് ഇനിയെങ്കിലും നാം തിരിച്ചറിയണം. ഭൂമിയുടെ സംവഹന ശേഷിക്കപ്പുറം വികസിക്കുവാൻ മനുഷ്യൻ ശ്രമിച്ചാൽ ഭൂമിയുടെ എല്ലാ മണ്ഡലങ്ങളിലും സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്നതാണ് ഇക്കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പ്രകൃതി നമ്മെ ഓർമപ്പെടുത്തുന്നത്. ലോകത്തിലെ 100-300 ദശലക്ഷം ആളുകൾ പ്രളയം കൊടുങ്കാറ്റ് എന്നിവയുടെ പിടിയിലാണ്. തീരദേശനാശവും ആവാസവ്യവസ്ഥയുടെ നാശവുമാണിതിന് കാരണം. ഭൂമിയിലെ 85ശതമാനം തണ്ണീർത്തടങ്ങളും നശിച്ചു. 5.9 ദശലക്ഷം കരജീവികൾക്കും ആവാസവ്യവസ്ഥ നഷ്ടപ്പെട്ടിരിക്കുന്നു. ഇക്കോസിസ്റ്റങ്ങൾ വീണ്ടെടുത്താൽ മാത്രമേ അവ രക്ഷപ്പെടുകയുള്ളൂ.
സൗകര്യങ്ങളുടെ കാര്യത്തിലും സാമ്പത്തികമായും ഏത് വിധേനയും ഉന്നതിയിലെത്തുക എന്ന വാശിയിലാണ് ലോക രാജ്യങ്ങൾ. അതിന് വേണ്ടിയാണ് പ്രകൃതി വിഭവങ്ങൾ ക്രമാതീതമായി ഉപയോഗിക്കാനും പ്രകൃതിക്ക് തിരിച്ചു വരാൻ പറ്റാത്ത വിധം പരിക്കേൽപ്പിക്കാനും തുടങ്ങിയത്. സമ്പന്നതയുടെ വികസിത രാജ്യമാകുക. വികസനം വികസനം ഏത് വിധേനയും വികസനം എന്നതാണ് ഇന്ന് മാനവരാശിയുടെ മന്ത്രമായി ലോകം മുഴുവൻ മുഴങ്ങി കേൾക്കുന്നത്. അതിനായി യാതൊരു ദീർഘവീക്ഷണവുമില്ലാതെ പ്രകൃതിയിലേക്ക് കടന്നു കയറ്റമാണ് നടത്തിയത്. കൽക്കരി, പ്രകൃതി വാതകം, ലോഹങ്ങൾ, ക്രൂഡ് ഓയിൽ, എന്നിവയെല്ലാം അടിസ്ഥാനപരമായി ഭൂമിയുടെ നിലനിൽപ്പിനെ പോലും ചോദ്യം ചെയുന്ന തരത്തിലാണ് ഖനനം നടത്തി യാതൊരു തത്ത്വദീക്ഷയുമില്ലാതെ ഉപയോഗിക്കാൻ തുടങ്ങിയത്. വനങ്ങളും കടലുമാണ് മനുഷ്യന് പ്രാണവായു നൽകുവാൻ അത്യന്താപേക്ഷിതമായിട്ടുള്ളത് എന്ന അടിസ്ഥാന തത്ത്വം പോലും വെല്ലുവിളിച്ചു വനനശീകരണവും സമുദ്ര മലിനീകരണവും അന്തരീക്ഷ മലിനീകരണവും നടത്തി.
നാം കഴിക്കുന്ന ഭക്ഷണം, ശ്വസിക്കുന്ന വായു, നാം കുടിക്കുന്ന വെള്ളം, നമുക്ക് ചുറ്റുമുള്ള കാലാവസ്ഥ ഇതൊക്കെ പ്രകൃതിയുടെതാണ്. ഭുമിയിൽ ജീവിക്കാൻ വേണ്ട പ്രകൃതി വിഭവങ്ങൾ ലഭ്യമാക്കുന്നത് പ്രകൃതിയാണ്. അതിവിരളമായ സന്നർഭങ്ങളിൽ പ്രകൃതി നമുക്ക് ചില സന്ദേശങ്ങൾ തരും അതിതാണ് നമ്മളെ സൂക്ഷിക്കൂ അതിനായി പ്രകൃതിയെ സംരക്ഷിക്കുക. നാം ഉണരേണ്ട സമയമായി ജനങ്ങൾക്കും ഭൂമിക്കും വേണ്ടി പുറകോട്ടുനടക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു. അതെ പ്രകൃതിക്കായുള്ള സമയമായിരിക്കുന്നു. പരിവർത്തന മാറ്റത്തിന് ഇനിയും വൈകീട്ടില്ല. പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരമാണ് ആഗോള കാലാവസ്ഥാ പ്രവർത്തനങ്ങൾക്ക് ആവശ്യമായിട്ടുള്ളത്. ഭൂമിയെ ആരൊക്കെയോ സംരക്ഷിക്കുമെന്ന നമ്മുടെ വിശ്വാസമാണ് ഭൂമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
നമുക്ക് സന്തോഷം തരുന്നത് ആകാശവും മലകളും, മരങ്ങളും, മൃഗങ്ങളും അടങ്ങുന്ന പ്രകൃതിയാണ്. നല്ല പരിസ്ഥിതിയാണ് നല്ല നാളെയെ സൃഷ്ടിക്കുന്നത് അത് വഴി മാത്രമേ ഭൂമിയെ രക്ഷിക്കാനാകൂ. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം ലക്ഷ്യം വയ്ക്കുന്നത് ലോകത്തിലെ ജനങ്ങൾ പ്രകൃതിയുമായി നടത്തുന്ന ഇടപെടലുകളും ബന്ധങ്ങളും പുനർചിന്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ്. സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചും വിവരസാങ്കേതികവിദ്യ ഉപയോഗിച്ചും നാം എന്തൊക്കെ വികസനം നടത്തിയാലും നമ്മുടെ ജീവിതം മുന്നോട്ട് പോകണമെങ്കിൽ ജൈവവൈവിധ്യം കൂടിയേ തീരൂ. ആരോഗ്യം, കുടിവെള്ളം, ഭക്ഷണം, ഔഷധങ്ങൾ, വസ്ത്രം, ഇന്ധനം, കൃഷി, വീട്, ഊർജം എന്നിവക്കെല്ലാം ജൈവവൈവിധ്യത്തെ ആശ്രയിച്ചേ മതിയാകൂ. ഇതൊക്കെ നശിപ്പിച്ചുള്ള ലോകത്തെ ഒരു വികസനവും മാനവരാശിക്ക് ഗുണകരമാവില്ല. ഇക്കാരണങ്ങളാൽ ലോകരാജ്യങ്ങൾ വികസന കാഴ്ചപ്പാടുകളിൽ സമൂലമായ മാറ്റങ്ങൾ വരുത്തേണ്ടതായിട്ടുണ്ട്. അവിടെയാണ് ഭാരതീയ ചിന്താധാരകൾ പ്രസക്തമാകുന്നത്. ഭാരതം എന്നും പ്രകൃതിസൗഹൃദ ജീവിത രീതിയെയാണ് ആശ്രയിച്ചിട്ടുള്ളത്.
പ്രകൃതി വിഭവങ്ങൾ പ്രകൃതി പോലും അറിയാതെ ആവശ്യത്തിന് മാത്രം നാം ഉപയോഗിച്ച് പൊന്നു. പ്രകൃതി ചൂഷണം എന്ന വാക്ക് പോലും ഭാരതീയമല്ല. അകിടിൽ നിന്നും പാലെടുക്കാം എന്നാൽ ചോര വരുന്ന സ്ഥിതിയിലെത്തിക്കുന്ന ഇന്നത്തെ ചിന്തയാണ് മാറേണ്ടത്. നമുക്ക് ഭൂമി മാതാവാണ് അതിനെ വില്പന ചരക്കാക്കുന്ന ഇന്നത്തെ സംസ്കാരം പോലും അധിനിവേശമാണ് . നാം മനസിലാക്കേണ്ട മറ്റൊരു വസ്തുത ഇന്ന് പ്രകൃതിയിൽ ജീവിക്കുന്നവർ നമുക്ക് ശേഷം വരുന്ന തലമുറകളുടെ കൂടി സൂക്ഷിപ്പുക്കാരനെന്നതാണ്. ഭൂമിക്കല്ല മനുഷ്യനാണ് ഭൂമി വേണ്ടതെന്നു നാം തിരിച്ചറിയണം. മനുഷ്യൻ കോടാനുകോടി ചരാചരങ്ങളിൽ ഒന്ന് മാത്രമാണ്. പ്രാണവായുവും, കുടിവെള്ളവും, ഭക്ഷണവും കിട്ടാതെ പ്രളയത്തിലും, ഉഷ്ണകാറ്റിലും കിടപ്പാടം പോലും നഷ്ടമായി, കൊടുങ്കാറ്റിലും, പേരറിയാത്ത, മരുന്നില്ലാത്ത രോഗങ്ങളിലും പെട്ട് മരിക്കുവാൻ ഭാവി തലമുറയെ വിട്ടുകൊടുക്കരുത്.