r

കല്പറ്റ: രാജുവിന്റെ രാജ്യത്ത് പക്ഷികളും മൃഗങ്ങളും മനുഷ്യരും ഒരുപോലെ. പരസ്പരം സ്നേഹിച്ച് കഴിയുന്നു. വയനാട് നെല്ലാറച്ചാൽ കാട്ടുനായ്ക്ക കോളനിയിലെ രാജുവിനെ തൊട്ടുരുമ്മി എപ്പോഴും ആരെങ്കിലുമുണ്ടാവും. ചിലപ്പോൾ തോളിൽ കയറിയിരുന്ന് ചെവിയിൽ കടിച്ച് കുറുമ്പ് കാണിക്കുന്നൊരു തത്തമ്മ, അല്ലെങ്കിൽ കൈവെള്ളയിൽ നിന്ന് ഗോതമ്പുമണികൾ കൊത്തിയെടുക്കുന്നൊരു മയിൽ.

ആടുകൾ വന്ന് കരം മുത്തുമ്പോൾ രാജുവിനറിയാം അവയ്ക്ക് വിശക്കുന്നുണ്ടെന്ന്. കൂലിപ്പണിക്കാരനായ രാജുവിന്റെ കുഞ്ഞുവീടിന് ചുറ്റുമായി പശുക്കളും കോഴികളും വളർത്തു നായ്ക്കളും അവരുടെ കുഞ്ഞുങ്ങളുമെല്ലാം ചേർന്ന് സസുഖം വാഴുന്നു.

തത്തയും മയിലുമൊക്കെ വെറും ജീവികൾ മാത്രമല്ല; എല്ലാമറിയുന്ന ദൈവങ്ങൾ തന്നെയാണ് രാജുവിന്.

വർഷങ്ങൾക്കു മുൻപ് ഒരു ദിവസം കോളനിയിലെ കുട്ടികൾ നിലത്തുവീണുകിടന്നിരുന്ന ഒരു തത്തക്കുഞ്ഞിനെ എടുത്തുകൊണ്ടുവന്നു. രാജു അതിന് വെള്ളവും ഭക്ഷണവും നൽകി പരിപാലിച്ചു, കൂട്ടിലടച്ചിട്ടില്ല. വീട്ടിലും ചുറ്റിലുമുള്ള മരങ്ങളിലും പറന്നുല്ലസിച്ച തത്ത വളർന്നു വലുതായപ്പോൾ മറ്റ് തത്തകളുടെ കൂടെ കൂട്ടായി. താമസവും അവരോടൊപ്പം മരച്ചില്ലകളിലേക്കു മാറ്റിയെങ്കിലും വിശക്കുമ്പോൾ പറന്നെത്തുക രാജുവിനടുത്താണ്. തോളിലിരുന്ന് വയറുനിറയും വരെ പഴം കൊത്തിത്തിന്നും. കുറച്ചുനാളായി ആ തത്തയുടെ വിവരമൊന്നുമില്ല. പക്ഷേ,​ തത്തമ്മയ്ക്കു പകരം ഒരാൺമയിൽ തേടിയെത്തി, അതിനെയും തീറ്റ നൽകി വളർത്തിയെടുത്ത് സ്നേഹിക്കുന്നു. ഒരു ദിവസം ഈ മയിലും പറന്നകലുമോയെന്ന് കരുതുമ്പോഴും രാജു അതിനെ കൂട്ടിലടയ്ക്കാനൊരുക്കമല്ല.