മലയാളികളുടെ മനസിൽ ആകാശവാണി എന്നും ഒരുപടി മുന്നിലാണ്. ശുദ്ധമായ മലയാളത്തിൽ, അക്ഷരസ്ഫുടതയോടെ, നിയമാനുസൃതമായി ഓരോ പരിപാടിയും ഒരുക്കുന്നുവെന്നത് തന്നെയാണ് ആ ഇഷ്ടത്തിന് പിന്നിൽ. ആകാശവാണിയ്ക്കുമാത്രം അവകാശപ്പെടാവുന്ന ഒരു പാരമ്പര്യമുണ്ട് അതിന്റെ പിന്നിൽ. 1950ൽ തിരുവനന്തപുരം നിലയം തുടങ്ങിയത് മുതൽ കലാസാംസ്കാരിക രംഗത്തെ മഹാന്മാരായിരുന്നു ആകാശവാണിയുടെ ചുക്കാൻ പിടിച്ചത്. ഇതിൽ പലരും കഥാവശേഷരായെങ്കിലും ആകാശവാണിയുടെ പേരോടൊപ്പം ഓർക്കേണ്ട പേരുകൾ തന്നെയാണിത്. ഈ ശബ്ദതാരങ്ങളെല്ലാം അണിയിച്ചൊരുക്കിയ വൈവിദ്ധ്യമാർന്ന പരിപാടികളാണ് ഒരുകാലത്ത് ശ്രോതാക്കൾ നെഞ്ചിലേറ്റിയത്. അങ്ങനെ തലമുറകളായി ഒഴുകിയെത്തിയിരുന്ന നിർവഹണശേഷിയുള്ള എത്രയോ പ്രതിഭകളുടെ സേവനമാണ് ആകാശവാണിയുടെ മുഖമുദ്ര തന്നെ. ആ മഹാരഥൻമാർക്ക് പിന്നാലെ എത്തിയ ഒരുകൂട്ടം ചെറുപ്പക്കാരിൽ ആകാശവാണിയിൽ വസന്തം വിരിയിച്ച മൂന്നുപേർ പി.എം. ഉണ്ണികൃഷ്ണൻ ഉണ്ണിത്താനും എസ്. രാധാകൃഷ്ണനും ജി. ശ്രീറാമും ഇക്കഴിഞ്ഞ മേയ് 31 ന് ആകാശവാണിയിൽ നിന്നും യാത്ര പറഞ്ഞു.
പുലരി തൊട്ടുണർത്തിയ പ്രഭാതഭേരി
ആകാശവാണിയുടെ ഒരു ബ്രാൻഡ് പരിപാടിയായി മാറിയ 'പ്രഭാതഭേരി"യുടെ തുടക്കക്കാരൻ പി.എം. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ എന്ന പറക്കോട്ട് ഉണ്ണികൃഷ്ണനായിരുന്നു. ദേശീയതലത്തിൽ ആകാശവാണി പുതിയ പരിപാടികൾക്ക് രൂപം കൊടുത്തപ്പോൾ അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു 'ആജ് സുബഹ് " എന്ന രാവിലെ അവതരിപ്പിക്കുന്ന പരിപാടി. അതിന്റെ പ്രാദേശിക രൂപഭേദമാണ് മലയാളത്തിലെ 'പ്രഭാതഭേരി". ഇന്ത്യൻ സംസ്ഥാനങ്ങളിലെ 21 തലസ്ഥാനനഗരങ്ങളിലെ സ്റ്റേഷനുകളിലാണ് ആജ് സുബഹ് തുടക്കം കുറിച്ചത്. തിരുവനന്തപുരം ആലപ്പുഴ നിലയങ്ങൾ 1988ൽ പ്രഭാതഭേരി ആരംഭിച്ചു. ആ സമയത്ത് സർവീസിൽ പ്രവേശിച്ച ഉണ്ണികൃഷ്ണനെയായിരുന്നു അന്നത്തെ സ്റ്റേഷൻ ഡയറക്ടർ എൻ.എസ്.കൃഷ്ണമൂർത്തി അതിന്റെ ചുമതല ഏൽപ്പിച്ചത്. അതിനായി ഉണ്ണികൃഷ്ണന്റെ കഠിനാദ്ധ്വാനം തന്നെ ചെയ്തു. ഏത് ഉറക്കത്തെയും തട്ടിയുണർത്തുന്ന ചലനാത്മകമായ അതിന്റെ ശീർഷകസംഗീതം നിർവഹിച്ചത് എം.ജി.രാധാകൃഷ്ണനായിരുന്നു.
ചുരുങ്ങിയ സമയപരിധിക്കുള്ളിൽ 14 മിനുറ്റിനുള്ളിൽ എല്ലാവിഭവങ്ങളും നൽകണം. ഒരു ശ്രോതാവ് രാവിലത്തെ പത്രം തുറക്കുന്നതിനു മുമ്പെ അന്നത്തെ ദിവസത്തെ പത്രങ്ങളിലെ പ്രധാന തലക്കെട്ടുകൾ, തത്സമയം ട്രെയിൻ ഓടുന്ന സമയം, മറ്റുപ്രധാന അറിയിപ്പുകൾ തുടർന്ന് കാലികപ്രാധാന്യമുള്ള വിഷയങ്ങളിൽ അതുമായി ബന്ധപ്പെടുന്ന സംവാദങ്ങൾ അങ്ങനെ വാർത്താപ്രാധാന്യമുള്ള സൂര്യനു താഴെയുള്ള ഏതു വിഷയവും പ്രഭാതഭേരിയിൽ അവതരിപ്പിച്ചിരുന്നു. ഒളിച്ചിരിക്കുന്ന അഴിമതിക്കഥകൾ, കപടധാരികളുടെ മുഖം മൂടികൾ, ജനക്ഷേമപദ്ധതികളുടെ അലംഭാവം, ജനങ്ങളുടെ ആവലാതികൾ തുടങ്ങി നിത്യജീവിതത്തിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ അതേപടി തുറന്നുകാട്ടിയ പരിപാടി. ദിവസങ്ങൾക്കകം തന്നെ ഉന്നതാധികാരികളുടെ ഉറക്കം കെടുത്തി. ആകാശവാണിയിലേക്ക് വിളികൾ വന്നു. അതിലൊന്നും തന്നെ പതറാതെ അതിന്റെ സംവിധായകൻ ഉണ്ണികൃഷ്ണൻ തന്റെ പരിപാടി തുടർന്നു കൊണ്ടേയിരുന്നു. ലഭിക്കുന്ന എല്ലാ പരാതികളിലും അതിന്റെ തെളിവ് സഹിതം കൃത്യമായ മറുപടിയും കൊടുത്തു.
ഏറ്റവും വിവാദമായ ഒരു വിഷയമായിരുന്നു കോട്ടയം ജില്ലയെ സമ്പൂർണസാക്ഷരത ജില്ലയായി പ്രഖ്യാപിച്ച നാൾ. 1989 ജൂൺ 25 ലെ പ്രഭാതഭേരി അതിനെ ഖണ്ഡിച്ചു. 'നിരക്ഷരരുടെ നെഞ്ചിൽ ചവുട്ടി നിന്നു കൊണ്ടു കോട്ടയം നഗരം ലോകത്തിലെ സമ്പൂർണ സാക്ഷരതനഗരമായി ഇന്ന് പ്രഖ്യാപിക്കുന്നുണ്ട്." അന്നത്തെ പ്രഭാതഭേരി കേരളമാകെ ഇളക്കിമറിച്ച മാദ്ധ്യമലോകത്തെയും ഞെട്ടിച്ചതായിരുന്നു. നിയമസഭ പോലും ചർച്ച ചെയ്ത ഈ വിഷയം അതിന്റെ സത്യാവസ്ഥ ശരിയാണെന്ന് ബോദ്ധ്യമായപ്പോൾ നിറുത്തിവയ്ക്കാൻ പറഞ്ഞ പ്രഭാതഭേരി കൂടുതൽ ആർജവത്തോടെ തുടർന്നു അവതരിപ്പിച്ചു. ബഹുജനമാദ്ധ്യത്തിലെ ഒരു പരിപാടിയുടെ സ്വാധീനം മനസിലാകുന്നത് ഇവിടെയാണ്.
ഉണ്ണികൃഷ്ണൻ രാവും പകലും ഈ പരിപാടിയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ചു. രാത്രിയിൽ ഉണ്ടാകുന്ന വലിയ അപകടങ്ങൾ, പ്രമുഖ വ്യക്തികളുടെ നിര്യാണം ഇവയെല്ലാം അന്നേദിവസം രാത്രിയിൽതന്നെ സംഭവസ്ഥലങ്ങളിൽ പോയി അവരുടെ പ്രതികരണങ്ങൾ എടുത്ത് രാവിലെ അഞ്ചു മണിക്ക് പ്രൊഡ്യൂസ് ചെയ്ത് രാവിലെ 6.30ന് സ്വന്തം ശബ്ദത്തിൽ അവതരിപ്പിച്ചിരുന്നു. പ്രശസ്ത ചലച്ചിത്രകാരൻ 'സത്യജിത് റേ"യുടെ മരണവും അങ്ങനെയാണ് പ്രക്ഷേപണം ചെയ്തത്.
ഈ പരിപാടി ഇത്രയധികം വിജയിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹം വാർത്തെടുത്ത ഒരു ടീമിന്റെ മികവ് കൂടിയാണ്. തുടക്കത്തിൽ ഉണ്ണികൃഷ്ണനോടൊപ്പം ഡോ. എം. രാജീവ് കുമാർ, അലക്സ് വള്ളക്കാലിൽ എന്നിവരുണ്ടായിരുന്നു. പിന്നെ തുടർച്ചയായി അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത് എസ്. ഗോപാലകൃഷ്ണനാണ്. (ഗോപാലകൃഷ്ണൻ ആകാശവാണി പ്രോഗ്രാം സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റായിരുന്നു, പിന്നെ ഡൽഹിയിലേക്ക് സ്ഥലം മാറി പോയി) ഈ ലേഖകനും പരിപാടിയുടെ ഒരുഭാഗമാകാൻ കഴിഞ്ഞിതിൽ ഏറെ സന്തോഷമുണ്ട്.
പ്രഭാതഭേരിയെ പോലെ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച്, ജനശ്രദ്ധ സ്വന്തമാക്കിയ മറ്റൊരു പരിപാടിയായിരുന്നു കഴിഞ്ഞ ആറു വർഷമായി പ്രക്ഷേപണം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മനസ് തുറക്കുന്ന 'മൻ കി ബാത്ത്" എന്ന പരിപാടിയുടെ മലയാള പ്രക്ഷേപണം. സംസ്ഥാന സർക്കാരിന്റെ ഒരു മന്ത്രിയെ ആകാശവാണിയിൽ ക്ഷണിച്ചു ശ്രോതാക്കളുമായി ഫോൺഇൻ പരിപാടിയിൽ സംസാരിപ്പിക്കന്ന 'ബഹുജനവേദി" എന്ന പരിപാടിയും ചലച്ചിത്ര പ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള ഫോൺ ഇൻ പരിപാടിയായ 'ഹലോ പ്രിയഗീത" ത്തിന് തുടക്കമിട്ടതും ഉണ്ണിക്കൃഷ്ണനായിരുന്നു.
നാടകങ്ങളുടെ സുവർണകാലം
ആകാശവാണിയിലെ മറ്റൊരു നക്ഷത്രമാണ് എസ്. രാധാകൃഷ്ണൻ. 1991 ൽ ആകാശവാണി കണ്ണൂർ സ്റ്റേഷനിൽ പ്രോഗ്രാം എക്സിക്യൂട്ടിവായി ജോലിയിൽ പ്രവേശിച്ചു. 1994 ലാണ് തിരുവനന്തപുരം നിലയത്തിൽ എത്തുന്നത്. ഉണ്ണികൃഷ്ണനുശേഷം പ്രഭാതഭേരിയുടെ ചുമതല രാധാകൃഷ്ണനായിരുന്നു.
ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച പ്രഭാതഭേരിയുടെ കെട്ടുംമട്ടും ഒന്നും മാറ്രാതെ രാധാകൃഷ്ണനും അതിന്റെ നിലവാരം മെച്ചപ്പെടുത്തി. തികച്ചും നല്ല അമച്വർ നാടക നടനായതുകൊണ്ടാവാം സന്തോഷപൂർവം ആകാശവാണിയിലെ ഡ്രാമാ പ്രൊഡ്യൂസർ ആയി ജോലി ഏറ്റെടുത്തത്. ആകാശവാണിയിൽ നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു. എടുത്തുപറയാവുന്നതാണ് 104 ഭാഗങ്ങളുള്ള 'കൊച്ചുകൊച്ചുസ്വപ്നങ്ങൾ' എന്ന നാടകം. കഥാകൃത്തായ ടി. പത്മനാഭന്റെ 'മകൻ', ജയപ്രകാശ് കൂളൂരിന്റെ 'പിടിയാന' മഞ്ഞുമൂടിയ മലമുടികൾ പെരുമ്പടവം ശ്രീധരന്റെ അശ്വാരൂഢൻ, ടി.കെ. സുധാകരന്റെ നാടകം തുടങ്ങി വിവിധ നാടകങ്ങൾ. റേഡിയോ നാടകവാരത്തിൽ സിനിമാ താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നാടകങ്ങളും സംവിധാനം ചെയ്തു. ആകാശവാണിയിലെ റോൾ മോഡൽ ആരെന്നു ചോദിച്ചാൽ രാധാകൃഷ്ണന്റെ മറുപടി നാടകാചാര്യനായ ടി.എൻ. ഗോപിനാഥൻ നായർ എന്നാണ്. കാവാലം നാരായണപ്പണിക്കരുടെ സോപാനത്തിലും രാധാകൃഷ്ണൻ അഭിനയിച്ചിരുന്നു. 33 വർഷത്തെ ആകാശവാണി സേവനത്തിനിടയിൽ തിരുവനന്തപുരം നിലയത്തിൽ പ്രവർത്തിക്കുന്ന പ്രോഗ്രാം ഓഫീസേഴ്സിന്റെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായും പ്രവർത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായി തിരുവനന്തപുരം നിലയത്തിൽ നിന്നും വളരെ അഭിമാനത്തോടെയാണ് രാധാകൃഷ്ണൻ വിട പറയുന്നത്
അച്ഛന്റെ വഴിയേ ശ്രീറാമും
ജി. ശ്രീറാം എന്ന ഗായകനെ ഏവർക്കുമറിയാം. ആകാശവാണിയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറാണ് ഈ ഗായകനെന്ന കാര്യം പലർക്കുമറിയില്ല. മിമിക്രിരംഗത്തും ഗാനരംഗത്തും കോളേജ് തലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്ന സമയത്താണ് ശ്രീറാമിന് ആകാശവാണിയിൽ ജോലികിട്ടുന്നത്. 1991 ൽ കർണാടകയിലെ മംഗലാപുരം സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചു. 1994 ലാണ് ശ്രീറാം തിരുവനന്തപുരം നിലയത്തിലെത്തുന്നത്. ആകാശവാണിയിലെ കർണാടകസംഗീതജ്ഞനായിരുന്ന അച്ഛൻ ചേർത്തല ഗോപാലൻ നായർ ജോലി ചെയ്ത ഇരിപ്പിടത്തിൽ ഇരിക്കാൻ ഭാഗ്യം സിദ്ധിച്ച കലാകാരനാണ് അദ്ദേഹം. യുവവാണി, തൊഴിലാളി മണ്ഡലം തുടങ്ങിയ വിഭാഗങ്ങളിൽ ജോലിനോക്കിയശേഷം തന്റെ ഇഷ്ടപ്പെട്ട മേഖലയായ സംഗീത വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ലളിത ഗാനവിഭാഗവും കർണാടക വിഭാഗവും ശ്രീറാം നോക്കിയിരുന്നു.
വിവിധ ഗാനരചയിതാക്കളെ കൊണ്ടും കവികളെ കൊണ്ടും ഗാനങ്ങൾ എഴുതിപ്പിച്ച സംഗീതശില്പങ്ങൾ അവതരിപ്പിച്ചു. തന്റെ അച്ഛൻ ചേർത്തല ഗോപാലൻ നായർ 50 വർഷം മുമ്പ് 1959 ൽ തയ്യാറാക്കിയ ഒ.എൻ.വി കുറുപ്പ് എഴുതിയ അഷ്ടമിരോഹിണി സംഗീതശില്പം പിൽക്കാലത്ത് നഷ്ടപ്പെട്ടിരുന്നു. അച്ഛന്റെ ഓർമ്മയ്ക്കായി ആ സംഗീതശില്പത്തിന്റെ വരികൾ ഒ.എൻ.വിയിൽ നിന്നും വാങ്ങി അത് പുനർനിർമ്മിക്കാൻ കഴിഞ്ഞത് ആകാശവാണി ജീവിതത്തിലെ വലിയൊരു ഭാഗ്യമായാണ് ശ്രീറാം കരുതുന്നത്. ലോകത്ത് നടന്ന പ്രധാന സംഭവങ്ങൾ കോർത്തിണക്കി ശ്രീറാം സംവിധാനം ചെയ്ത പത്ത് ഭാഗങ്ങളായുള്ള 'രഥചക്രങ്ങൾ ഉരുണ്ടവീഥിയിലൂടെ" എന്ന പരിപാടി ഏറെ ശ്രദ്ധ നേടിയിരുന്നു. ആകാശവാണിയ്ക്ക് കൂടുതൽ ജനപ്രിയത നൽകി ഓരോ കാലത്തുമായി പിരിയുന്ന ശബ്ദനക്ഷത്രങ്ങൾ സൃഷ്ടിക്കുന്ന ശൂന്യത വലുതാണ്. പക്ഷേ ആ നഷ്ടങ്ങളെയൊക്കെ എല്ലായ്പ്പോഴും നികത്തുന്നത് അതാത് കാലം വീണ്ടും വന്നെത്തുന്ന പ്രതിഭകളാകുന്ന പുതിയ പേരുകളാണ്. ജനങ്ങളുടെ ഹൃദയത്തിലിടം നേടുന്ന നല്ല പരിപാടികൾക്കായി ഇനിയും നമുക്ക് കാതോർക്കാം...
(ലേഖകന്റെ ഫോൺ: 9447083242)