diital-

കൊറോണ സൃഷ്ടിച്ച ആശങ്കകൾ നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല. കൊറോണ നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് അവസരങ്ങളുടെയും വളർച്ചയുടെയും ആഗോള പൗരത്വത്തിലേക്ക് കേരളീയരെ ഉയർത്തേണ്ടത് എങ്ങനെയെന്ന ചർച്ചയ്ക്കുള്ള ഒരു സമവായമാണ് സംഘടിത രാഷ്ട്രീയ പാർട്ടികൾക്കിടയിൽ നിന്നും സാമൂഹ്യ ശാസ്ത്രജ്ഞരിൽ നിന്നും സാമ്പത്തിക വിദഗ്ദ്ധരിൽ നിന്നും ഉയർന്നു വരേണ്ടത്. ലോക മലയാളി എന്ന പ്രയോഗത്തിന്റെ യഥാർത്ഥ അവസ്ഥയിലേക്കെത്താൻ കഴിയുന്ന അത്തരം ഒരു സംവാദം കേരളം ഇന്ന് ആവശ്യപ്പെടുന്നു.നാം നേരിടുന്ന പ്രതിസന്ധികൾ കൃത്യമായി കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. പ്രശ്നങ്ങൾ അടയാളപ്പെടുത്തിയാൽ പല പരിഹാരങ്ങളും നിർദ്ദേശിക്കപ്പെടാം. ലോകത്താകമാനമുള്ള മലയാളികളുടെയും അല്ലാത്തവരുടെയും നിർദ്ദേശങ്ങൾ സമാഹരിക്കുന്ന ഒരു വൈജ്ഞാനികസമ്മേളനം കേരളം കാത്തിരിക്കുന്നു.
മാ​റ്റമാണ് വളർച്ച. ആർക്കാണോ വലുതാവാൻ കഴിയുന്നത് എന്ന ചോദ്യത്തിനുത്തരം, 'ആരാണോ മാറുന്ന കാലത്തെയും മാറുന്ന സാഹചര്യങ്ങളെയും അഭിസംബോധന ചെയ്യാൻ കഴിയുന്നവൻ' എന്നാണ്.സത്യത്തിൽ, ഇന്നത്തെ പൗരൻ ഡിജി​റ്റൽ ലോകത്തെ പൗരനാണ്. ആ പൗരന്റെ സാധ്യതയും വെല്ലുവിളികളും പഠനവിധേയമാക്കേതുണ്ട്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിൽ 'ഡിജി​റ്റൽ ഡെമോക്രസി' എന്ന ആശയം ഉയർന്നുവരണം. അവിടെ നിന്നാണ് നമ്മൾ ചർച്ച തുടങ്ങേണ്ടത്.


വർക്ക് അറ്റ് ഹോം എന്ന ആശയത്തെ ലോകമെമ്പാടുമുള്ള ആളുകൾ സ്വീകരിച്ചുകഴിഞ്ഞു. ഒരു വർഷത്തേക്ക് ഈ ആശയത്തെ പിൻപ​റ്റാൻ ഗൂഗിൾ ആഹ്വാനം ചെയ്തിരിക്കുന്നു. കേരളത്തിലും ഭൂരിഭാഗം ഉദ്യോഗസ്ഥരും ഈ ആശയത്തെ അനുവർത്തിച്ചിട്ടുണ്ട്. അപ്പോഴുമുള്ള ചോദ്യം ഇത് എത്ര പേർക്ക് സുഗമമായി സാധ്യമായിരുന്നു, എത്രപേർക്ക് സാഹചര്യവും സൗകര്യവുമുണ്ടായിരുന്നു എന്നതുപോലെ തന്നെ എത്ര പേർക്ക് അതിനുള്ള വിജ്ഞാനമുണ്ടായിരുന്നു എന്നതും പ്രധാനമാണ്.

സേവന മേഖല കൂടുതൽ പെർഫക്ഷനും എളുപ്പവും വേഗതയുള്ളതുമാകണമെന്ന ആവശ്യമുണ്ട്. എന്നാൽ അതിന് കേന്ദ്രീകൃത മാർഗങ്ങൾ കണ്ടെത്തിയിട്ടില്ല. . പല തരത്തിലുള്ള സേവനങ്ങളെ ഡിജി​റ്റൽ സി​റ്റിസൺഷിപ്പിലൂടെ, അഥവാ ഡിജി​റ്റൽ ജനാധിപത്യത്തിലൂടെ എല്ലാവർക്കും ലഭ്യമാവുന്ന സാഹചര്യത്തിലേക്ക് കേരളത്തെ വളർത്തിയെടുത്തതുകൊണ്ട് മാത്രം, നമ്മുടെ എല്ലാ വളർച്ചാവാതിലുകളും തുറക്കാൻ സാധിക്കുകയില്ല. അതുകൊണ്ട്, സേവനമേഖലയിലെ വളർച്ചയും ഉത്പാദനരീതിയും തമ്മിൽ ഒരു പാരസ്പര്യമുണ്ടാക്കാനുള്ള പരിശ്രമംവേണം.ആരോഗ്യരംഗം കൂടുതൽ ജാഗരൂകമായ ഈ കാലത്ത് പല സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ, പലയിടങ്ങളിലുള്ള ഡോക്ടർമാരുടെയെല്ലാം സേവനം ഏകോപിപ്പിക്കേണ്ടതായുണ്ട്.


ഡിസൈനിങ്, മ​റ്റു കമ്പ്യൂട്ടർ സംബന്ധമായ ജോലികൾ, അധ്യാപനം തുടങ്ങിയ മേഖലകളിൽ തൊഴിലെടുക്കുന്ന ധാരാളം പ്രവാസികളുണ്ട്.അക്കൂട്ടത്തിൽ മടങ്ങിയെത്തുന്നവരുണ്ടെങ്കിൽ അവരുടെ പരിചയം ഉപയോഗപ്പെടുത്തി പുതിയ സംരംഭങ്ങൾ ആരായാം. അവർക്കു തന്നെ, ഇവിടെയിരുന്നും ഓൺലൈനായി വിദേശസംരഭകർക്കു വേണ്ടി സേവനമനുഷ്ഠിക്കാനുള്ള സാഹചര്യമൊരുക്കാം. ഡിസൈനിങ്, ബാങ്കിങ് തുടങ്ങിയ സേവനരംഗങ്ങളിൽ ഡിജി​റ്റൽ, ഓൺലൈൻ സാദ്ധ്യതകൾ വലുതാണ്. അതുപോലെ തന്നെ ഇ-ബുക്സിന്റെയും പുസ്തകങ്ങളുടെ സ്‌കാൻ ചെയ്തതും അല്ലാത്തതുമായ ഡിജി​റ്റൽ പതിപ്പുകളുടേയും സാദ്ധ്യത.


സഹകരണാടിസ്ഥാനത്തിൽ കൃഷി, വ്യവസായം, ഓൺലൈൻ സേവനങ്ങൾ, മൊബൈൽ ആപ്പ് പോലുള്ള സംവിധാനങ്ങൾ വഴി ഓരോ തരത്തിലുള്ള സേവനദാതാക്കളെയും അതത് പ്ലാ​റ്റ്‌ഫോമിൽ ഒരുമിപ്പിക്കൽ തുടങ്ങിയ പല സാധ്യതകളുമുണ്ട്.
ഡിമാന്റ് ഉണ്ടെങ്കിലും നമുക്ക് ആവശ്യാനുസരണം ലഭ്യമല്ലാത്ത ഉല്പന്നങ്ങളുടെ പട്ടികതൊട്ട് കൃഷി, വ്യവസായം, സേവന മേഖലകൾ, ജീവിതനിലവാര സാധ്യതകൾ, ഡിജി​റ്റൽ വിപണി, ഓൺലൈൻ വ്യാപാരം, തുടങ്ങി കേരളത്തിന്റെ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത മേഖലകളും അവയുടെ സാധ്യതകളും ഡാ​റ്റയിൽ ഉൾപ്പെടുത്തണം. ഉണങ്ങിയ ചാണകപ്പൊടിയുടെ 10 കിലോ പാക്ക​റ്റ് 570 രൂപയ്ക്ക് ആമസോൺ വഴി ലഭ്യമാകുന്ന ഒരു കാലത്ത് മലയാളിയുടെ ഡിജി​റ്റൽ സാധ്യതകൾ അനന്തമാണെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കണം.നവീനമായ, പങ്കാളിത്ത ടൂറിസം കേരളത്തിൽ ഒരു വരുമാനമാർഗ്ഗമെന്ന രീതിയിൽ ഇനിയുംവികസിച്ചിട്ടില്ല.


വിദ്യാഭ്യാസം തൊഴിൽ നൈപുണ്യവും സാമൂഹിക വ്യവസ്ഥയുമായി ചേർന്ന് പോവുന്നതാവണം. അല്ലെങ്കിൽ അക്കാദമിക് ഗവേഷണ രംഗത്തോടൊപ്പം നിൽക്കാൻ കഴിയുന്നതാവണം.
ഒപ്ടിക്കൽ ഫൈബർ കൊണ്ട് ഇന്റർനെ​റ്റ് സംവിധാനം സമൂഹത്തിനാകെ ലഭ്യമാക്കുന്നതിനായി കെ-ഫോൺ പോലുള്ള പദ്ധതികൾ ഡിജി​റ്റൽ ജനാധിപത്യത്തിലേക്കുള്ള ചവിട്ടുപടി തന്നെയാണ്.
എല്ലാ അനുഭവങ്ങളെയും സമാഹരിച്ച് അതുവഴി ഊർജ്ജം ഉൾക്കൊള്ളാൻ സഹായിക്കുന്ന തുറന്ന സംവാദം -കൊവിഡാനന്തര അതിജീവനം എങ്ങനെയായിരിക്കണമെന്ന ചിന്തകളിലേക്ക് ഇത് സമർപ്പിക്കുന്നു.