ന്യൂഡൽഹി:- കൊവിഡ് കാലത്തിനു മുൻപ് ഇന്ത്യയിലുണ്ടായിരുന്നതുപോലെ തൊഴിലില്ലായ്മ പ്രശ്നം കൊവിഡ് കാല ശേഷവും തുടർന്നേക്കുമെന്ന് പിരമാൾ ഗ്രൂപ്പ് ചെയർമാൻ അജയ് പിരമാൾ. വിപണി തിരിച്ച് വരവ് സൂചന അടുത്തൊന്നും കാട്ടാത്ത സ്ഥിതിയിലാണിത്. ഇന്ത്യൻ വൻകിട വ്യവസായികളുടെ സംഘടനയായ സിഐഐ നടത്തിയ വെർച്വൽ കോൺക്ളേവിലാണ് പിരമാൾ ഗ്രൂപ്പ് ചെയർമാന്റെ ഈ അഭിപ്രായ പ്രകടനം. ഇതുവരെ തുടർന്നു വന്ന സാധാരണ രീതിയിലാവില്ല വ്യാപാരമേഖല ഇനി പ്രവർത്തിക്കുക.ബിസിനസ് ചെയ്യാൻ പുതുവഴികളാകും. അങ്ങനെ വരുമ്പോൾ 20 മുതൽ 30 ശതമാനം വരെ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും. നിർമ്മാണ മേഖലയിലും മറ്റ് സാധാരണ അവർ ജോലി നോക്കുന്ന മേഖലകളിലും അവർക്ക് ജോലി നൽകാനാകുമെന്ന് നമുക്ക് ഉറപ്പ് കൊടുക്കാനാകില്ല.
'തൊഴിൽദാതാക്കൾ വളർച്ചയെ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ സാമൂഹ്യ പ്രശ്നങ്ങളുണ്ടാകും. ജനങ്ങൾക്ക് വേണ്ട ആഹാരം കിട്ടിയില്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകും. മെച്ചപ്പെട്ട രീതിയിൽ ജീവിച്ച്പോകുന്നവർ ദാരിദ്ര രേഖക്ക് താഴേക്ക് വീണുപോകുന്നത് ഗുണംചെയ്യില്ല.' അദ്ദേഹം ഓർമ്മിപ്പിച്ചു. 'വളർച്ചയെ പുനരുജ്ജീവിപ്പിക്കാൻ ജനങ്ങളുടെ ആവശ്യം അറിഞ്ഞ് നിർമാണം നടത്തണം. ആദ്യം രാജ്യത്ത് ആവശ്യം അറിഞ്ഞ് നിർമ്മാണം നടത്തുക തുടർന്ന് ലോകവിപണിയിലും ഇത് പ്രാവർത്തികമാക്കുക. സാങ്കേതിക വിദ്യയിൽ പുതുമയും നിക്ഷേപവും രാജ്യത്ത് കൊണ്ടുവരേണം.' അജയ് പിരമാൾ പറഞ്ഞു.
സ്വാശ്രയ ശീലമുള്ള ഭാരതം എന്ന പ്രധാനമന്ത്രിയുടെ ആശയം വളരെ നല്ലതാണ്. സ്വച്ഛ ഭാരതം പദ്ധതി പോലെ തന്നെ മികച്ചതാണിത്. ആദ്യം നാം ഇന്ത്യയിൽ വ്യാപാരം മെച്ചപ്പെടണം. പിന്നീട് ലോക വിപണിയിലേക്കും വ്യാപാരം വ്യാപിപ്പിക്കണം. കുറഞ്ഞ നിരക്കിൽ ലോകനിലവാരമുള്ള വസ്തുക്കൾ വിൽക്കാനാകണം.
പദ്ധതികളുടെ ആവിഷ്കരണവും അവയുടെ നടപ്പാക്കലും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇതിന് കേന്ദ്ര, സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ഉദ്ര്യോഗസ്ഥരുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സഹകരണം ആവശ്യമാണ്. പദ്ധതികളുടെ ഉടനടിയുള്ള നടപ്പിലാക്കലാണ് വേണ്ടത്. ഒരു വർഷത്തിൽ നടപ്പാക്കേണ്ട കാര്യം ഒരുമാസം കൊണ്ട് നടപ്പിലാക്കുന്ന തരം വളർച്ച നേടണമെന്ന് അജയ് പിരമാൾ പറഞ്ഞു.