മൊബെെൽ ഫോൾ ഇല്ലാത്ത ലോകം സ്വപ്നം കാണാൻ പോലും കഴിയാത്തൊരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ ഇവയ്ക്ക് മനുഷ്യന്റെ മാനസിക ആരോഗ്യവുമായി വളരെയധികം ബന്ധമുണ്ട്. സാമൂഹിക, സാങ്കേതിക, രാഷ്ട്രീയപരമായ മാറ്റങ്ങളെല്ലാം വ്യക്തികളുടെ മാനസികാരോഗ്യത്തേയും ബാധിക്കാറുണ്ട്. പുതു തലമുറയിൽ കണ്ട് വരുന്ന ഒരു മാനസികപ്രശ്‌നമാണ് മൊബെെൽ ഫോൺ അഡിക്ഷൻ.
മൊബൈൽ ഫോൺ ഉപയോഗിക്കാത്തവരായി വളരെ കുറച്ചാളുകളേ കാണുകയുള്ളൂ. ഉപയോഗിക്കുന്നവരാകട്ടെ ഉറങ്ങുന്നതും ഉണരുന്നതും ഫോണിലായിരിക്കും. പലരും സ്വയം അറിയാതെ തന്നെ മൊബെെൽ അഡിക്ഷനിലേക്ക് എത്തിപ്പെടാറുണ്ട്. വളരെയധികം ശ്രദ്ധിക്കേണ്ട ഒരു പ്രശ്നമാണിത്. ഇത്തരക്കാരിൽ നേരത്തെ സൂചിപ്പിച്ചത് പോലെ മാനസികപ്രശ്നങ്ങളുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയാത്ത ഒരു സാഹചര്യം വന്നാൽ ഇവരുടെ മനസ് അസ്വസ്ഥമാകുന്ന ഒരവസ്ഥ.
കൂടാതെ ഹാർട്ട് ബീറ്റ് കൂടുക, ബി.പി കൂടുക, ശ്വാസതടസമുണ്ടാവുക, പേടിയോ സംഭ്രമമോ അനുഭവപ്പെടുക, ക്ഷീണം തോന്നുക, ഉത്കണ്ഠയുണ്ടാവുക, നിരാശയോ സങ്കടമോ തോന്നുക- ഇവയെല്ലാം 'നോമോഫോബിയ'യുടെ ലക്ഷണമാണ്. മൊബൈൽ ഫോണിന്റെ അഭാവത്തിൽ അനുഭവപ്പെടുന്ന ഭയത്തെയാണ് 'നോമോഫോബിയ' എന്ന് പറയുന്നത്.
കൗമാരക്കാരിലും ചെറുപ്പക്കാരിലും 'നോമോഫോബിയ'യുടെ ലക്ഷണങ്ങൾ ധാരാളമായി കണ്ടുവരുന്നുവെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. 'അഡിക്ഷൻ' തോന്നുന്നതോടെ മൊബൈൽ ഫോണിന് സ്വയം ഒരു നിയന്ത്രണം ഏർപ്പെടുത്തുക എന്നത് മാത്രമാണ് ഏക പോംവഴി. സ്വയം ഇത് തിരിച്ചറിയാനാകുന്നില്ലെങ്കിൽ ബന്ധുക്കളുടെയോ സുഹൃത്തക്കളുടെയോ അഭിപ്രായങ്ങൾ മുഖവിലയ്‌ക്കെടുക്കാം. ഇനി ഫോൾ ദീർഘമായി ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കില്ലല്ലോ?