adani-group

ന്യൂഡൽഹി: ടെൻഡറിലൂടെ മൂന്നു വിമാനത്താവളങ്ങളുടെ നിയന്ത്രണാധികാരം നേടിയ അദാനി ഗ്രൂപ്പ്, അവ ഏറ്റെടുക്കാൻ തത്കാലം കഴിയില്ലെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചു. കൊവിഡും ലോക്ക്ഡൗണും വ്യോമയാന മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയ പശ്‌ചാത്തലത്തിൽ, വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ ആറുമാസത്തെ സാവകാശം വേണമെന്നും ഗ്രൂപ്പ് ആവശ്യപ്പെട്ടു.

അഹമ്മദാബാദ്, ലക്‌നൗ, മംഗളൂരു വിമാനത്താവളങ്ങൾ ഏറ്റെടുക്കാനാണ് കൂടുതൽ സാവകാശം തേടിയത്. തിരുവനന്തപുരം, ജയ്‌പൂർ, ഗുവഹാത്തി വിമാനത്താവളങ്ങളുടെ നിയന്ത്രണാധികാരവും അദാനിക്ക് ലഭിച്ചിരുന്നെങ്കിലും ഇതു സംബന്ധിച്ച കരാർ ഇനിയും ഒപ്പുവച്ചിട്ടില്ല. മറ്റ് മൂന്ന് വിമാനത്താവളങ്ങൾ സംബന്ധിച്ച് കരാറായെങ്കിലും ആസ്‌തി കൈമാറ്റ ഫീസായി അദാനി ഗ്രൂപ്പ് ഈവർഷം ആഗസ്‌റ്റിനകം 1,000 കോടി രൂപ കേന്ദ്രസർക്കിന് നൽകണം. പണം അടയ്ക്കാൻ എയർപോർട്ട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (എ.എ.ഐ) ആറുമാസത്തെ സാവകാശം നൽകണമെന്നാണ് അദാനിയുടെ ആവശ്യം.

വിമാനത്താവളങ്ങളുടെ നിയന്ത്രണം പിന്നീട് ഏറ്റെടുത്താലും ലാഭകരമായിരിക്കുമോ എന്ന് പഠിക്കാൻ കൺസൾട്ടിംഗ് സ്ഥാപനത്തെയും അദാനി നിയോഗിച്ചിട്ടുണ്ട്. ഏറ്റെടുത്താൽ, അടുത്ത 50 വർഷം വിമാനത്താവളങ്ങൾ അദാനിയുടെ നിയന്ത്രണത്തിലായിരിക്കും. തിരുവനന്തപുരം, ജയ്‌പൂർ, ഗുവഹാത്തി വിമാനത്താവളങ്ങളുടെ നിയന്ത്രണാധികാരം അദാനിക്ക് കൈമാറുന്നത് സംബന്ധിച്ച് അതത് സംസ്ഥാന സർക്കാരുകളുടെ എതിർപ്പുള്ളതിനാൽ വൈകുകയാണ്.

വിമാനത്താവളങ്ങളുടെ നടത്തിപ്പിനായി നേരത്തേ, അദാനി എയർപോർട്ട് ഹോൾഡിംഗ്സ് എന്ന ഉപസ്ഥാപനത്തിന് അദാനി ഗ്രൂപ്പ് രൂപംനൽകിയിരുന്നു. വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ കൂടുതൽ സമയം വേണമെന്ന അദാനിയുടെ ആവശ്യം എ.എ.ഐ നിരസിച്ചാൽ, വീണ്ടും ടെൻഡർ വിളിക്കേണ്ട സാഹചര്യമുണ്ടാകും. ആറു വിമാനത്താവളങ്ങൾക്ക് ഗ്യാരന്റിയായി അദാനി 100 കോടി രൂപ വീതം കെട്ടിവച്ചിരുന്നു. ഇത് അദാനിക്ക് നഷ്‌ടമാകും.

ചിറക് കൊഴിയുന്ന

സ്വകാര്യവത്കരണം

തിരുവനന്തപുരം, ജയ്‌പൂർ, ഗുവഹാത്തി, അഹമ്മദാബാദ്, ലക്‌നൗ, മംഗളൂരു വിമാനത്താവളങ്ങളുടെ നിയന്ത്രണാധികാരം സ്വകാര്യകമ്പനികൾക്ക് നൽകാനാണ് വ്യോമയാന മന്ത്രാലയം 2018ൽ ടെൻഡർ വിളിച്ചത്. ആറു വിമാനത്താവളങ്ങളുടെയും അധികാരം അദാനി ഗ്രൂപ്പ് നേടി.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെ കേരളം എതിർത്തു. ജയ്‌പൂർ, ഗുവഹാത്തി വിമാനത്താവളങ്ങളുടെ കൈമാറ്റത്തെ അതത് സംസ്ഥാനങ്ങളും എതിർത്തു. എതിർപ്പില്ലാത്ത, വിമാനത്താവളങ്ങളുടെ കൈമാറ്റം കൂടി അദാനിയുടെ താത്പര്യക്കുറവ് മൂലം ഇപ്പോൾ വൈകുകയാണ്.

ആറെണ്ണം കൂടി ലിസ്റ്റിൽ

അമൃത്‌സർ, ഇൻഡോർ, തിരുച്ചിറപ്പള്ളി, റായ്‌പൂർ, ഭുവനേശ്വർ, വാരണാസി വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കാനുള്ള നടപടി എ.എ.ഐ ഉടൻ തുടങ്ങുമെന്ന് കഴിഞ്ഞമാസം ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. ആദ്യഘട്ടത്തിലുണ്ടായിരുന്ന ആറു വിമാനത്താവളങ്ങളുടെ കൈമാറ്റം പൊളിഞ്ഞത്, ഇനിയുള്ള ടെൻഡർ നടപടികളെയും ബാധിച്ചേക്കും.

-----------------------------------------------------------------------------------------------------------------------------------------------------------

₹2,000 കോടി

ആറു വിമാനത്താവളങ്ങളുടെയും നിയന്ത്രണാധികാരം ലഭിക്കാൻ 2,000 കോടി രൂപയാണ് അദാനി കെട്ടിവയ്ക്കേണ്ടത്. തിരുവനന്തപുരം, ജയ്‌പൂർ, ഗുവഹാത്തി വിമാനത്താവളങ്ങൾ സംബന്ധിച്ച കരാർ ഒപ്പിട്ടിട്ടില്ലാത്തതിനാൽ, നിലവിൽ അടയ്ക്കേണ്ടത് 1,000 കോടി രൂപ.

50%

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിമൂലം നടപ്പുവർഷം (2020-21) വിമാനയാത്രക്കാരുടെ എണ്ണം 45-50 ശതമാനം വരെ ഇടിഞ്ഞേക്കുമെന്ന വിലയിരുത്തലാണ് അദാനിയുടെ പുതിയ നീക്കത്തിന് കാരണം. 2022-23ഓടെയേ മേഖല സാധാരണ നിലയിലേക്ക് തിരിച്ചെത്തൂ എന്ന വിലയിരുത്തലും അദാനി പരിഗണിച്ചിട്ടുണ്ട്.

അദാനി നിയന്ത്രണാധികാരം നേടിയ വിമാനത്താവളങ്ങളുടെ 2019-20ലെ പ്രകടനം ഇങ്ങനെ:

(യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധന)

 അഹമ്മദാബാദ് : +2.3%

 ലക്‌നൗ‌ : -2%

 മംഗളൂരു : -16%